
തിരുനബിﷺയുടെ അംഗസ്നാനവുമായി ബന്ധപ്പെട്ട ഹദീസുകളാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഇമാം ഇബ്നുമാജ(റ), അബുദാവൂദ്(റ) റുബയ്യിഉ ബിൻതു മുഅവ്വിദി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. തിരുനബിﷺ വുളൂഅ് ചെയ്യുന്ന സമയം രണ്ട് ചെവികളുടെയും തുറന്നുനിൽക്കുന്ന ഭാഗത്ത് വിരലുകൾ പ്രവേശിപ്പിച്ച് തടകി.
ചെവിയുടെ തുറന്ന ഭാഗവും ദ്വാരമുള്ള ഭാഗവും ചൂണ്ടുവിരൽകൊണ്ടും മറ്റും തടകി എന്ന് ഇമാം ദാറഖുത്നി(റ) ഉദ്ദരിക്കുന്ന ഹദീസിൽ കാണാം. ഒരൊറ്റ പ്രാവശ്യം മാത്രമേ ഇത് നിർവഹിക്കാറുണ്ടായിരുന്നു എന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഒരു നിവേദനത്തിൽ പറയുന്നുണ്ട്.
വുളൂഅ് ചെയ്യുമ്പോൾ ചെവി തടവുക നിർബന്ധമായ ഒരു കർമമല്ല. സുന്നത്ത് അഥവാ ഐച്ഛികമായി നിർവഹിക്കപ്പെടേണ്ടതാണ്.
തിരുനബിﷺയുടെ ജീവിതത്തിന്റെയും കർമങ്ങളുടെയും ആഖ്യാനങ്ങളാണ് ഹദീസുകൾ നിർവഹിക്കുന്നത്. അവയിൽ ഏതൊക്കെയാണ് അനുകരിക്കപ്പെടേണ്ടത്? അതിൽ തന്നെ ഏതൊക്കെയാണ് നിർബന്ധമായത്? ഐച്ഛികമായത്? ഉത്തമമായത്? എന്നിങ്ങനെ വർഗീകരിച്ച് പഠിപ്പിക്കപ്പെടുന്നത് ഗവേഷകന്മാരായ മദ്ഹബിന്റെ ഇമാമുകളുടെ ആധികാരികവും യോഗ്യവുമായ നിരീക്ഷണങ്ങളിലൂടെയാണ്. പ്രസ്തുത ഇമാമുകളെ അംഗീകരിക്കുകയും അവരുടെ ഗവേഷണങ്ങളെ അനുകരിക്കുകയും ചെയ്യാത്ത പക്ഷം ഹദീസിന്റെയും ഖുർആനിന്റെയും ആധികാരികമായ ലക്ഷ്യങ്ങളിലേക്ക് നമുക്ക് എത്താനാവുകയില്ല. നബി ജീവിതത്തിന്റെ പ്രാഥമിക ആഖ്യാനങ്ങളിൽ നിന്ന് മാത്രം മതവിധികൾ രൂപപ്പെടുത്താനുമാവില്ല.
ഖുർആനും ഹദീസും അതിന്റെ ഭാഷയും പ്രയോഗ രീതികളും സാങ്കേതിക സംജ്ഞകളും ഓരോ സന്ദർഭങ്ങളെയും അടിസ്ഥാനപ്പെടുത്തി പഠിക്കുകയും സാധ്യതകളുടെ മുഴുവൻ വഴികളും പരിശോധിക്കുകയും ചെയ്തശേഷം ഇമാമുകൾ പകർന്നു തരുന്ന ആശയങ്ങളും നിയമങ്ങളുമാണ് കർമശാസ്ത്ര വിഷയങ്ങളിൽ പ്രത്യേകിച്ചും നാം സ്വീകരിക്കേണ്ടത്. ഹദീസിന്റെ നിവേദനങ്ങളെയും വാചകങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ട് പഠിച്ച പണ്ഡിതന്മാർ, കർമശാസ്ത്ര ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുത്ത ഇമാമുകളെ കുറിച്ച് പറഞ്ഞത് നമ്മൾ മരുന്നു പഠിക്കുന്നവരും അവർ ഡോക്ടർമാരുമാണ് എന്നാണ്. അഥവാ കേവലമായ ഹദീസ് വിജ്ഞാനത്തിലൂടെ മാത്രം കർമശാസ്ത്ര നിയമങ്ങളെ പകർന്നു കൊടുക്കാനും അനുഷ്ഠാന ചിട്ടകളെ പഠിപ്പിച്ചു കൊടുക്കാനുമാവില്ല എന്ന്.
തല തടകി, ചെവിയും തടകിയ ശേഷം പിരടി കൂടി തിരുനബിﷺ തടകാറുണ്ടായിരുന്നു എന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബിﷺയുടെ വുളൂഇന്റെ പൂർത്തീകരണം എങ്ങനെയായിരുന്നു എന്നതിൽ നിന്ന് ഇമാമുകൾ ഉദ്ധരിച്ച ഒരു നിവേദനമാണ് നാം വായിച്ചത്. അത് പ്രബലമായ സുന്നത്തായി തന്നെ പരിചയപ്പെടുത്തുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്ന കർമശാസ്ത്ര വഴിയാണ് ഇമാം അബൂഹനീഫ(റ)യുടേത്.
വുളൂഅ് എടുക്കുമ്പോൾ അവസാനം കഴുകുന്ന അവയവമാണല്ലോ കാല്. കാലുകളുടെ വിരലുകൾ കൈവിരൽ കൊണ്ട് ഇടകലർത്തി കാലിന്റെ വിരലുകൾക്കിടയിലും വെള്ളം എത്തിയെന്ന് ഉറപ്പിക്കുന്ന വിധമിയിരുന്നു തിരുനബിﷺയുടെ അംഗ സ്നാനം. ഇടതുകൈയുടെ കുഞ്ഞുവിരലായിരുന്നു കാൽവിരലുകൾക്കിടയിൽ കോർത്തു കഴുകാൻ ഉപയോഗിച്ചിരുന്നത്. അവയവങ്ങൾ ഓരോന്നും തേച്ചു കഴുകുക എന്നതും അവിടുത്തെ പതിവായിരുന്നു. മോതിരം ധരിച്ചിരുന്ന ഭാഗത്ത് വെള്ളം എത്തുന്നതിനു വേണ്ടി വുളൂഅ് എടുക്കുന്ന സമയത്ത് മോതിരം ചലിപ്പിക്കുകയും ചെയ്തിരുന്നു. മേൽ പറയപ്പെട്ട വിധത്തിൽ ഒക്കെ വുളൂഅ് ചെയ്തശേഷം ഉസ്മാൻ ബിൻ അഫ്ഫാൻ(റ) പറഞ്ഞു. ഇപ്രകാരമായിരുന്നു നബിﷺ വുളൂഅ് ചെയ്തിരുന്നത് എന്ന്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
