
തിരുനബിﷺ അന്ന് ശുദ്ധീകരണത്തിനും മറ്റും ഉപയോഗിച്ച പാത്രങ്ങളും പ്രത്യേക സന്ദർഭങ്ങളിൽ സേവനം ചെയ്ത സ്വഹാബികൾക്കുള്ള അനുഭവങ്ങളും നമുക്കൊന്നു വായിച്ചു നോക്കാം.
അനസുബ്നു മാലിക്(റ) പറയുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺയോടൊപ്പം സഞ്ചരിക്കുകയായിരുന്നു. വഴിയിൽവെച്ച് നബിﷺ എന്നോട് പറഞ്ഞു. അതാ ആ വീട്ടുകാരോട് എനിക്കുവേണ്ടി കുറച്ചു വെള്ളം വാങ്ങി കൊണ്ടുവരൂ. ഞാൻ അതിൽ നിന്ന് വുളൂഅ് ചെയ്യാൻ ഉദ്ദേശിക്കുന്നു. ഞാൻ ആ വീട്ടുകാരോട് വെള്ളം ചോദിച്ചപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ വെള്ളം കോരുന്ന തൊട്ടി ശവത്തിന്റെ തോല് കൊണ്ടുണ്ടാക്കിയതാണ്. ഇക്കാര്യം അനസ്(റ) നബിﷺയോട് പറഞ്ഞു. അപ്പോൾ നബിﷺ പറഞ്ഞു. ഊറക്കിട്ട് ശുദ്ധി വരുത്തിയ തോലുകൊണ്ടാണോ അതുണ്ടാക്കിയതെന്ന് ചോദിച്ചു നോക്കൂ. അപ്പോൾ അവർ പറഞ്ഞു. അതെ, ഊറക്കിട്ട തോലാണ്. ശരി, എന്നാൽ കുഴപ്പമില്ല. അത് ശുദ്ധിയാണല്ലോ.
മറ്റൊരിക്കൽ തിരുനബിﷺ ഒരു വീട്ടിനടുത്ത് കൂടി കടന്നു പോയപ്പോൾ അവിടുത്തെ കിണറ്റിൽ നിന്ന് തോൽപാത്രത്തിൽ വെള്ളം എടുത്തു കുടിക്കാൻ നൽകി. തോലുകൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞപ്പോൾ അത് ഊറക്കിട്ട് ശുദ്ധി വരുത്തിയാൽ കുഴപ്പമില്ലെന്ന് വിശദമാക്കി കൊടുക്കുകയും ചെയ്തു. സലാമത് ബിൻ മുഹബ്ബക്കിൽ നിന്നുള്ള ഈ നിവേദനവും ഇമാം അഹ്മദ്(റ) തന്നെ ഉദ്ധരിച്ചിട്ടുണ്ട്.
ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ വീട്ടിലേക്ക് വന്നപ്പോൾ പിച്ചള പാത്രത്തിൽ അവിടുത്തേക്ക് വെള്ളം കൊടുത്തു എന്ന അനുഭവം അബ്ദുല്ലാഹിബിന് സൈദ്(റ) പറഞ്ഞത് ഇമാം ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്.
ചെമ്പുകൊണ്ട് കഷ്ണം വച്ചു വിളക്കിയ പാത്രത്തിൽ തിരുനബിﷺക്ക് വുളൂഅ് ചെയ്യാനും കുടിക്കാനുമുള്ള വെള്ളം കൊടുക്കാറുണ്ടായിരുന്നു എന്ന് പ്രമുഖ സ്വഹാബിയായ മുആദ്(റ) പറയുന്നുണ്ട്. വെടിപ്പും വൃത്തിയുമുള്ള പാത്രം നബിﷺക്ക് സവിശേഷമായ സന്തോഷം നൽകിയിരുന്നു എന്ന് അബൂ ജഅ്ഫറി(റ)ൽ നിന്ന് മുസദ്ദദ്(റ) നിവേദനം ചെയ്യുന്നു.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. മഹതി ഉമ്മു സലമ(റ) ഉമ്മു കുൽസു ബിൻത് അബ്ദില്ലാഹി(റ)ക്ക് പിച്ചളയുടെ ഒരു പാത്രം സമ്മാനിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. തിരുനബിﷺ ഈ പാത്രം ഉപയോഗിച്ച് കുളിക്കാറുണ്ടായിരുന്നു. ഒരു സാഓ അതിൽ കുറഞ്ഞ വെള്ളമായിരുന്നു അവിടുന്ന് ഉപയോഗിച്ചത്.
തിരുനബിﷺ പിച്ചള പാത്രത്തിൽ നിന്ന് അംഗ സ്നാനം നടത്തിയിരുന്നു എന്ന് സൈനബ് ബിൻത് ജഹ്ശ്(റ) പറഞ്ഞതായി ഇമാം അഹ്മദും(റ) നിവേദനം ചെയ്തിട്ടുണ്ട്. തിരുനബിﷺക്ക് അത്തരം പാത്രത്തിൽ വുളൂഅ് ചെയ്യുന്നത് സന്തോഷമായിരുന്നു എന്നും മറ്റൊരു നിവേദനത്തിലുണ്ട്.
ഒരു മൊന്തയിൽ നിന്ന് തിരുനബിﷺ വുളൂഅ് ചെയ്തു എന്ന് അബൂഹുറൈറ(റ) പറയുന്ന പ്രയോഗം ഹദീസുകളിൽ കാണാം. മുകൾഭാഗം ഇടുങ്ങിയ മണ്ണുകൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കിയ പാത്രങ്ങൾക്കാണ് അറബിയിൽ തൗറ് അഥവാ മുന്താ എന്ന് പറയുക. സ്വർണ്ണ നിറം തേച്ച ലോഹപാത്രത്തിൽ ഞാനും തിരുനബിﷺയും ഒരുമിച്ചു വെള്ളമെടുത്ത് കുളിച്ചിരുന്നു എന്ന് മഹതി ആഇശ(റ) പറയുന്ന നിവേദനം അബുദാവൂദ്(റ) ഉദ്ധരിക്കുന്നുണ്ട്.
തിരുനബിﷺയുടെ നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഓരോ പാത്രങ്ങളും ഉപയോഗിച്ച സന്ദർഭങ്ങളും പരിസരത്തുള്ള ശിഷ്യന്മാരും കുടുംബവും നോക്കി വെച്ചിരിക്കുകയായിരുന്നു. കാലത്തിന്റെ നാളേക്ക് മുഴുവനും പകർന്നു കൊടുക്കാനുള്ള ജാഗ്രത അവർക്കുണ്ടായിരുന്നു. അങ്ങനെയല്ലെങ്കിൽ ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് തിരുനബിﷺ ഏത് പാത്രം ഏത് വിധേന ഉപയോഗിച്ചിരുന്നു എന്ന് എങ്ങനെയാണ് നമുക്ക് സംസാരിക്കാനാവുക. പകർന്നു കിട്ടിയ നിവേദനങ്ങളിൽ അതെല്ലാം ചേർത്തുവച്ചിരിക്കുന്നു എന്നല്ലാതെ മറ്റെന്ത് മറുപടിയാണെന്ന് ഇതിനൊക്കെ നമുക്ക് പറയാനുള്ളത്. ഓരോ അധ്യായവും തിരുനബിﷺയുടെ അതുല്യമായ വ്യക്തിത്വത്തെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ടേയിരിക്കുകയാണ്.
