
തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വുളൂഅ് ചെയ്തതിന്റെ ബാക്കി വെള്ളം മിസ്‌വാക് ചെയ്യാൻ ഉപയോഗിച്ചിരുന്നു. മുത്ത് നബിﷺയുടെ പത്നി, ഭർത്താവായ പ്രവാചകനോﷺടൊപ്പമുള്ള വ്യവഹാരത്തിന്റെ സന്തോഷകരമായ ഒരു മുഹൂർത്തം ഇങ്ങനെയാണ് പങ്കുവെച്ചത്. തിരുനബിﷺ മിസ്‌വാക് ചെയ്തതിനുശേഷം അറാക്ക് കഴുകാൻ എൻ്റെ കയ്യിൽ ഏൽപ്പിച്ചു. ഞാൻ അതുകൊണ്ട് സ്വയം മിസ്‌വാക് ചെയ്യുകയും ശേഷം അത് കഴുകി തിരുനബിﷺയെ ഏൽപ്പിക്കുകയും ചെയ്തു.
നോമ്പുകാരൻ ആയിരിക്കുമ്പോഴും തിരുനബിﷺ മിസ്‌വാക് ചെയ്യാറുണ്ടായിരുന്നു എന്ന് ഇമാം അഹ്മദും(റ) അബൂദാവൂദും(റ) തുർമുദി(റ)യും ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. നോമ്പുകാരന്റെ മിസ്‌വാകിനെ കുറിച്ച് ശാഫിഈ കർമശാസ്ത്രത്തിൽ തന്നെ വിശദമായ ചർച്ചകളുണ്ട്. അതിന്റെ സംഗ്രഹം ഇങ്ങനെയാണ്. ഒന്ന്, ഉച്ചക്കുശേഷം നിരുപാധികം കറാഹത്താണ്. രണ്ട്, ഉച്ചക്ക് ശേഷം ഉറക്കോ മറ്റോ കൊണ്ട് വായ പകർച്ചയായാൽ കറാഹത്തില്ല. മൂന്ന്, ഉറക്കോ മറ്റോ കൊണ്ട് വായ പകർച്ചയായാൽ കറാഹത്തില്ല എന്നുമാത്രമല്ല സുന്നത്തുണ്ട്. അല്ലാമാ ഇബ്നു ഹജർ(റ) ഒന്നാമത്തെ അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളത്. രണ്ടാമത്തെയും മൂന്നാമത്തെയും അഭിപ്രായം ഇമാം റംലി(റ) നിഹായയിലും മറ്റും വിശദീകരിക്കുന്നു.
കർമശാസ്ത്ര വിശാരദന്മാർക്ക് ഈ വീക്ഷണ വ്യത്യാസങ്ങളെല്ലാം അടയാളപ്പെടുത്താൻ മാത്രം വിശാലമായ ആശയ തലങ്ങളെയാണ് തിരുനബിﷺയുടെ ജീവിതത്തിൽ ആവിഷ്കരിച്ചത്.
തിരുനബിﷺ മിസ്‌വാക് കൊണ്ടു നടന്നത് എങ്ങനെയെന്ന് നോക്കുമ്പോൾ മനോഹരമായ ഒരു ചിത്രം ഇങ്ങനെയും കാണാം. അബൂ അഹ്മദ് ബിൻ അദിയ്യ്(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. എഴുത്തുകാരൻ പേന ചെവിയിൽ വെക്കുന്നതുപോലെ തിരുനബിﷺ മിസ്‌വാക് ചെവിയിൽ വെച്ചുകൊണ്ട് നടക്കാറുണ്ടായിരുന്നു.
ഒരു ജീവിതത്തെ ഇത്രമേൽ ഒക്കെ സൂക്ഷ്മമായി അവതരിപ്പിക്കണമെങ്കിൽ എത്രമേൽ അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഒരു വ്യക്തിയുടെ ജീവിതം പഠിക്കുമ്പോൾ ഇങ്ങനെയൊക്കെ വായിക്കാനുണ്ട് എന്ന ഒരു മുൻവിധിയെങ്കിലും വെച്ചു വായിക്കാൻ ലോക ചരിത്രത്തിൽ മറ്റേതെങ്കിലും വ്യക്തികളുണ്ടോ?
ദന്തശുദ്ധീകരണത്തെക്കുറിച്ച് തിരുനബിﷺയുടെ അധ്യാപനങ്ങളും പ്രസ്തുത ജീവിതത്തിൽ ആഖ്യാനിച്ച രംഗങ്ങളും മനുഷ്യന്റെ നിത്യജീവിതത്തിലെ ആരോഗ്യവീക്ഷണങ്ങൾക്ക് എത്രമേൽ പ്രയോജനപ്രദമായ സന്ദേശങ്ങളാണ് കൈമാറുന്നത്. കേവലം ആത്മീയമായ ചില മന്ത്രങ്ങൾക്കും, രാപ്പകലുകളിൽ നിർവഹിക്കേണ്ട ചില അനുഷ്ഠാനങ്ങൾക്കും മാത്രം നിന്നു കൊടുക്കുകയും പാഠം നൽകുകയും ചെയ്ത ഒരു നബിയെ അല്ല നമുക്ക് വായിക്കാനുള്ളത്. മറിച്ച് മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും എങ്ങനെയൊക്കെ ആകണമെന്ന് ജീവിച്ചു കാണിക്കുകയും അധ്യാപനങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു മനുഷ്യജീവിതത്തിന്റെ സർവ്വതലങ്ങളെയും സമഗ്രമായി നിരീക്ഷിക്കുകയും ചിട്ടകൾ കൊണ്ട് ക്രമീകരിക്കുകയും ചെയ്ത തുല്യതയില്ലാത്ത നവോത്ഥാന നായകനെയാണ്.
ഇമാം അഹ്മദി(റ)ന്റെ നിവേദനം നമുക്ക് നൽകുന്ന ഒരു അധ്യാപനം കൂടി വായിച്ചു പോകാം. തിരുനബിﷺക്ക് ആദ്യം കൽപ്പന ഉണ്ടായിരുന്നത് ഓരോ നിസ്കാരത്തിനും വുളൂഅ് ചെയ്യണം എന്നായിരുന്നു. അഥവാ നിലവിൽ വുളൂഅ് ഉണ്ടായിരുന്നാൽ പോലും ഓരോ നിസ്കാരത്തിനും പ്രത്യേകം അംഗസ്‌നാനം ചെയ്തിരിക്കണമെന്ന്. എന്നാൽ അത് നബിﷺയുടെ ഉമ്മത്തിന് ഭാരമാകും എന്ന് കണ്ടപ്പോൾ ശുദ്ധിയില്ലെങ്കിൽ മാത്രം വുളൂഅ് എടുത്താൽ മതി എന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരികയും ഓരോ നിസ്കാരത്തിനും മിസ്‌വാക് ചെയ്യണമെന്ന് പ്രത്യേകം നിർദ്ദേശിക്കുകയും ചെയ്തു.
