
വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത മാലിന്യങ്ങളെയും മറ്റും പ്രവാചകൻﷺ എങ്ങനെയാണ് ശുദ്ധീകരിക്കാൻ പഠിപ്പിച്ചത്? അത്തരം ഘട്ടങ്ങളിൽ തിരുനബിﷺയുടെ സമീപനം എന്തായിരുന്നു. ഹദീസുകൾക്കും പ്രമാണങ്ങൾക്കും ഏറെ സംസാരിക്കാനുണ്ട്. ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു. ഉമ്മു ഖൈസ് ബിൻത് മിഹസൻ(റ) പറയുന്നു. അവർ അവരുടെ കൈക്കുഞ്ഞിനെയും കൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു. മുലപ്പാൽ മാത്രം കുടിക്കുന്ന ആ കുഞ്ഞിനെ തിരുനബിﷺ മടിയിൽ വെച്ചു. കുഞ്ഞ് നബിﷺയുടെ വസ്ത്രത്തിൽ മൂത്രമൊഴിച്ചു. തിരുനബിﷺ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയും മൂത്രം പുരണ്ട സ്ഥലത്ത് വെള്ളം തളിക്കുകയും ചെയ്തു.
മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിന്റെ മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്താൻ ഇത്രയേ ആവശ്യമുള്ളൂ എന്ന് കാണിക്കുകയായിരുന്നു അവിടുന്ന്. ഇതേ വിഷയത്തിൽ മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസുണ്ട്. ആശയം ഇങ്ങനെ വായിക്കാം. അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് വേണ്ടി കുഞ്ഞുങ്ങളെ തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവരാറുണ്ട്. തിരുനബിﷺ അവർക്ക് അനുഗ്രഹങ്ങൾക്ക് വേണ്ടി പ്രാർഥിക്കുകയും തലോടുകയും ചെയ്യും. ചിലപ്പോൾ അവർക്ക് മധുരം തൊട്ടുകൊടുക്കും. ഒരിക്കൽ ഒരു കുഞ്ഞിനെ കൊണ്ടുവന്നു. ആ കുഞ്ഞ് നബിﷺയുടെ മടിയിൽ മൂത്രമൊഴിച്ചു. ഉടനെ പ്രവാചകൻﷺ വെള്ളം ആവശ്യപ്പെടുകയും മൂത്രം വീണ സ്ഥലത്ത് തളിക്കുകയും ചെയ്തു. സാധാരണ മൂത്രം വീഴുന്ന സ്ഥലങ്ങൾ കഴുകുന്നത് പോലെ കഴുകിയില്ല.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കുറച്ചുകൂടി വിശദമായ ഒരു അധ്യാപനമുണ്ട്. ലുബാബ ബിൻത് ഹാരിസ്(റ) പറയുന്നു. തിരുനബിﷺയുടെ പൗത്രൻ ഹുസൈൻ(റ) നബിﷺയുടെ മടിയിൽ ഇരിക്കുകയായിരുന്നു. ഇടയിൽ വച്ച് വസ്ത്രത്തിൽ കുഞ്ഞു മൂത്രമൊഴിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. അല്ലയോ പ്രവാചക പ്രഭോﷺ, ഇതാ മറ്റൊരു വസ്ത്രം ധരിച്ചോളൂ. ധരിച്ചിരിക്കുന്ന വസ്ത്രം അഴിച്ചു തന്നാൽ ഞാൻ കഴുകി കൊണ്ടുവരാം. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. പെൺകുട്ടികളുടെ മൂത്രമാണെങ്കിലാണ് പ്രത്യേകം അങ്ങനെ കഴുകേണ്ടത്. കുട്ടികളുടേതാണെങ്കിൽ മൂത്രം വീണ സ്ഥലത്ത് വെള്ളം തെളിച്ചാൽ മതി.
മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിന്റെ മൂത്രത്തിൽ നിന്ന് ശുദ്ധിയാകുന്നതിനെ കുറിച്ചുള്ള നിയമമാണ് തിരുനബിﷺ ഇവിടെ പരാമർശിച്ചത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മൂത്രങ്ങൾ തമ്മിൽ ഇത്തരമൊരു ഘട്ടത്തിൽ ശുദ്ധീകരണ നിയമങ്ങളിൽ വ്യത്യാസമുണ്ട് എന്നുകൂടിയാണ് ഓർമപ്പെടുത്തിയത്. ഇതേ ആശയമുള്ള ഹദീസ് അബൂ സമഹി(റ)ൽ നിന്ന് ഇമാം നസാഈ(റ)യും നിവേദനം ചെയ്യുന്നുണ്ട്. ഒരിക്കൽ തിരുനബിﷺ ഉറങ്ങുന്ന സമയത്ത് തിരുശരീരത്തിൽ കയറി കളിച്ചുകൊണ്ടിരുന്ന പേരക്കുട്ടി ഹുസൈൻ(റ) തിരുനബിﷺയുടെ പള്ളയിൽ കയറിയിരുന്നു മൂത്രമൊഴിച്ചു. ആ സമയത്തും ശുദ്ധീകരണത്തിന് വേണ്ടി ഇത്തരം സമീപനമാണ് സ്വീകരിച്ചത് എന്ന് സൈനബ ബിൻത് ജഹ്ശ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
ഉമ്മുൽ ഫല്ൽ അബ്ബാസി(റ)ൻ്റെ മകൾ ഉമ്മു ഹബീബ(റ) കുഞ്ഞിനേയും കൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു. കുഞ്ഞിനെ നബിﷺയുടെ മടിയിൽ വച്ചു കൊടുത്തു. കുഞ്ഞ് അവിടെയിരുന്നു മൂത്രമൊഴിച്ചു. അപ്പോഴേക്കും ഉമ്മുഹബീബ(റ) കുഞ്ഞിനെ പിന്നോട്ടു വലിക്കുകയും ചുമലുകൾക്കിടയിൽ അടിക്കുകയും ചെയ്തു. നബിﷺ പറഞ്ഞു. കുഞ്ഞിനെ ഇങ്ങോട്ട് തരൂ. ശേഷം തോൽപാത്രത്തിലുള്ള വെള്ളം മൂത്രം വീണ സ്ഥലങ്ങളിൽ തെളിച്ചു.
ചെറിയ കുട്ടികളുടെ മൂത്രത്തെ കുറിച്ചുള്ള കർമശാസ്ത്ര സമീപനങ്ങൾ രൂപപ്പെടുന്ന ഈ അധ്യായത്തിൽ, തിരുനബിﷺയുടെ സഹവാസത്തിന്റെയും വ്യവഹാരത്തിന്റെയും മനോഹാരിത കൂടി വായിക്കാനുണ്ട്. ഇത്രമേൽ ഉന്നതരായ ഒരു നേതാവിന്റെ മടിത്തട്ടിൽ കുഞ്ഞിനെ വെക്കാനും കുഞ്ഞ് മൂത്രമൊഴിച്ചാൽ അനുനയത്തോട് കൂടി നേതാവ് പെരുമാറുന്നതും ഇത്രമേൽ മനോഹരമായി ഏത് നേതാവിനെ കുറിച്ചാണ് നമുക്ക് വായിക്കാനുണ്ടാവുക. കുഞ്ഞുങ്ങളോട് അവിടുന്ന് കാണിച്ച വാത്സല്യവും അവരുടെ നിഷ്കളങ്കതയോടും നൈർമല്യത്തോടും സമീപിച്ച നിഷ്കളങ്കമായ സമീപനങ്ങളും എക്കാലത്തെയും നന്മയുടെ അധ്യായങ്ങളായല്ലാതെ വേറെവിടെയാണ് ചേർത്ത് വായിക്കുക.
