Tweet 962

    Tweet 962
    January 31, 2025 • Friday
    Post Header

    പ്രാഥമികാവശ്യ നിർവഹണ സമയത്ത് ആരെങ്കിലും നബിﷺക്ക് സലാം ചൊല്ലിയാൽ അവിടുന്ന് മടക്കുമായിരുന്നില്ല. ഹൻളല ബിൻ റാഹിബ്(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ പ്രാഥമികാവശ്യ നിർവഹണത്തിലായിരുന്നു. ഒരാൾ നബിﷺക്ക് സലാം ചൊല്ലി കടന്നുവന്നു. അവിടുന്ന് സലാം മടക്കിയില്ല. എല്ലാം കഴിഞ്ഞതിനുശേഷം അദ്ദേഹത്തിന് പ്രത്യഭിവാദ്യം ചെയ്തു. ഒരിക്കൽ മൂത്രപ്പുരയിൽ ആയിരിക്കെ ഒരാൾ സലാം ചൊല്ലി കടന്നു വന്നപ്പോൾ സലാം മടക്കിയില്ലെന്ന് പറയുന്ന ഹദീസ് ഇബ്നു ഉമറി(റ)ൽ നിന്ന് ഇമാം ശാഫിഈ(റ)യും പ്രമുഖരായ ഹദീസ് നിവേദകന്മാരും ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്ത ഹദീസിൽ വ്യക്തമായി തന്നെ പ്രവാചകൻﷺ പറയുന്നു. നിങ്ങൾ കടന്നുവരുമ്പോൾ പ്രാഥമികാവശ്യ നിർവഹണത്തിലാണ് നമ്മൾ എന്നറിഞ്ഞാൽ നിങ്ങൾ സലാം ചൊല്ലരുത്, ചൊല്ലിയാൽ തന്നെ ഞാൻ മടക്കുകയുമില്ല.
    വിശ്വാസികൾ അറിയാനും പാലിക്കാനുമുള്ള ഒരു ജീവിത ചിട്ടയായി തന്നെയാണ് ഇത് പ്രവാചകൻﷺ പകർന്നു തരുന്നത്. അശുദ്ധിയുള്ള സ്ഥലങ്ങളിൽ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയോ പുണ്യകരമായ മന്ത്രങ്ങൾ ചൊല്ലുകയോ പാടില്ല എന്ന് പ്രായോഗികമായിത്തന്നെ പ്രവാചകനുംﷺ നമ്മെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ ചില മേഖലകളിലെ ചില്ലറ ചിട്ടകൾ പഠിപ്പിച്ച പലരുമുണ്ടാകും. എന്നാൽ, ഇത്രമേൽ സൂക്ഷ്മവും കൃത്യവുമായി ജീവിതത്തെ ആവിഷ്കരിക്കുകയും എന്നത്തേക്കുമുള്ള ആളുകൾക്ക് പകർന്നെടുക്കാൻ പറ്റുന്ന വിധത്തിൽ സൂക്ഷിച്ചു പോവുകയും ചെയ്ത വേറൊരാളെയും ചരിത്രത്തിന് വായിക്കാനും പരിചയപ്പെടുത്താനുമുണ്ടാവില്ല. ഇങ്ങനെ വരുമ്പോഴാണ് തിരുനബി വായനകൾ അതിവിശാലവും സമ്പന്നവുമായി മുന്നോട്ടു നീങ്ങുന്നത്.
    മാലിന്യങ്ങളിൽ നിന്ന് പരമാവധി ശരീരവും വസ്ത്രവും സൂക്ഷിക്കണമെന്ന അധ്യാപനം നിരന്തരമായി തിരുനബിﷺ നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. നിസ്കാരാധികർമങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ പൂർണ്ണമായും മാലിന്യമുക്തമായിരിക്കണമെന്നും അത്തരം ഒരു ബോധ്യത്തോട് കൂടി മാത്രമേ നിസ്കരിക്കാൻ പാടുള്ളൂ എന്നും ഇസ്ലാം നിഷ്കർഷിക്കുന്നു. ശരീരവും വസ്ത്രവും പെരുമാറുന്ന സ്ഥലങ്ങളും മാലിന്യമുക്തമാക്കുന്നതിന് നിശ്ചിതമായ നിബന്ധനകളോടു കൂടിയുള്ള ശുചീകരണ പ്രക്രിയകളും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. കേവലം മാലിന്യങ്ങൾ നീക്കിയത് കൊണ്ട് മാത്രമായില്ല. നിശ്ചയിക്കപ്പെട്ട നിബന്ധനകളോടെ ആകുമ്പോൾ മാത്രമേ മതത്തിന്റെ സാങ്കേതിക ഭാഷയിൽ ശുദ്ധീകരണം സാധ്യമായി എന്ന് പറയാനാവൂ.
    വസ്ത്രത്തിലോ ശരീരത്തിലോ മാലിന്യം പുരട്ടുന്നത് കുറ്റകരമായ നിഷിദ്ധമാണ് എന്ന് ഇസ്ലാമിക കർമശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. അത്രമേൽ ഗൗരവതരമായിട്ടാണ് മതം മാലിന്യത്തെ കുറിച്ച് സംസാരിക്കുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിച്ച ശേഷം ശുദ്ധീകരണ പ്രക്രിയകളെ കുറിച്ച് കൃത്യമായ ചിട്ടകളും മര്യാദകളും നിർദ്ദേശിക്കുന്നത് മതത്തിന്റെ സൗന്ദര്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. മനുഷ്യന്റെ വ്യക്തി ജീവിതത്തിലെ ഓരോ തലങ്ങളും കൃത്യതയോടെയും വെടിപ്പോടെയും ശ്രദ്ധയോടെയുമാകണമെന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്.
    പ്രവാചകൻﷺ എപ്പോഴും സുഗന്ധത്തെ ഇഷ്ടപ്പെടുകയും, അവിടുന്ന് കടന്നുപോകുന്ന വഴിയിലുടനീളം സുഗന്ധം പരന്നൊഴുകിയിരുന്നു എന്നും, തിരുനബിﷺ ഏതു വഴിയിലാണ് കടന്നുപോയത് എന്നറിയാൻ അവിടുന്ന് ഉപയോഗിക്കുന്ന സുഗന്ധത്തെ പിന്തുടർന്നാൽ മതിയായിരുന്നു എന്നും നാം വായിച്ചു പോയിട്ടുണ്ട്. മതത്തെ അനുഷ്ഠിക്കുന്നവർ അശ്രദ്ധ കാണിക്കുമ്പോഴാണ് മതം തെറ്റിദ്ധരിക്കപ്പെടുന്നത്. ഇസ്ലാം ശരിയായ വിധത്തിൽ പ്രയോഗിക്കുന്ന ഒരാളിൽ നിന്ന് ശാരീരികമായ സുഗന്ധവും ആദർശപരമായ സുഗന്ധവും സ്വഭാവപരമായ സുഗന്ധവും നിരന്തരമായി അനുഭവിക്കാൻ കഴിയും. മതത്തെ വിലാസമായി മാത്രം ഉപയോഗിക്കുകയോ നാമ മാത്രമായി മാത്രം അവരോധിക്കുകയോ ചെയ്തവർക്ക് ഇസ്ലാമിനെ പ്രകാശിപ്പിക്കാനാവില്ല. അവരാൽ ആവിഷ്കരിക്കപ്പെടുന്ന മതമേ അല്ല ഇസ്ലാം.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...