
നബിﷺയുടെ ഭാര്യമാരിൽ ഒരാൾ ഒരു പാത്രത്തിൽ നിന്ന് വെള്ളം കോരി വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധീകരിക്കാൻ കുളിക്കുകയായിരുന്നു. തിരുനബിﷺ വുളൂഅ് ചെയ്യാനോ കുളിക്കാനോ ലക്ഷ്യം വെച്ചുകൊണ്ട് അങ്ങോട്ട് വന്നു. അതേ പാത്രത്തിലെ വെള്ളം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു വന്നത്. അപ്പോൾ പ്രിയപ്പെട്ട പത്നി പറഞ്ഞു. ഞാൻ ജനാബത്ത് കുളിക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കിയാണത്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അതിനെന്താ വെള്ളത്തിന് ജനാബത്തുണ്ടാവുകയില്ലല്ലോ. ഒരു പാത്രത്തിൽ നിന്ന് വെള്ളം കോരി കുളിച്ച സന്ദർഭത്തിൽ സമാനമായ സംഭാഷണം ഉണ്ടായതായി മഹതി ആഇശ(റ)യും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൈമൂന ബീവി(റ) കുളിക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കി ഉപയോഗിച്ച് തിരുനബിﷺയും കുളിച്ചു എന്ന നിവേദനവും ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിരുനബിﷺയും പത്നിയും ഒരേ പാത്രത്തിൽ നിന്ന് വെള്ളം കോരി കുളിക്കുകയും ഞങ്ങളുടെ രണ്ടുപേരുടെയും കൈകൾ മാറിമാറി പാത്രത്തിലേക്ക് എത്താറുണ്ടായിരുന്നു എന്ന് അനുഭവം പങ്കുവെക്കുകയും ചെയ്ത നിവേദനങ്ങളുമുണ്ട്.
ഭാര്യയും ഭർത്താവും വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ ഒരേ പാത്രത്തിൽ നിന്ന് കോരിക്കുളിക്കുന്നതിൽ പരിഭവമില്ല എന്ന് പഠിപ്പിക്കുകയും കർമശാസ്ത്രപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൂക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന നിവേദനങ്ങളാണിത്.
ആർത്തവകാരികളെയും സ്ത്രീകളെ പൊതുവേയും മാറ്റിനിർത്തപ്പെട്ടിരുന്ന ഒരു കാലത്ത് സ്ത്രീകളെ എത്രമേൽ പരിഗണിച്ചു കൊണ്ടായിരുന്നു തിരുനബിﷺ ഒരു സംവിധാനത്തെ സമർപ്പിച്ചത് എന്ന സാമൂഹികമായ ഒരു അധ്യാപനം കൂടി ഇതിലുണ്ട്. സ്ത്രീകൾ ഉപഭോഗ വസ്തുക്കളായി ഉപയോഗിക്കപ്പെടുന്ന കാലത്തും അവർ അനുഭവിച്ചിരുന്ന ഒരുപാട് അവഗണനകളുടെ കഥകൾ ചരിത്രത്തിന് പറയാനുണ്ടല്ലോ.
ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞാൽ മാനക്കേടുകൊണ്ട് തലകുനിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്ന ഒരു സാമൂഹിക ഘടനയിൽ, പ്രിയപ്പെട്ട മകളെ വാത്സല്യവും ആദരവും നൽകി ചേർത്തു പിടിക്കുക. പത്നിമാർക്ക് ന്യായമായ അവകാശങ്ങൾ വകവച്ചു കൊടുക്കുക. അവരോടൊപ്പം ചേർന്നു നിൽക്കേണ്ട എല്ലാ ഘട്ടങ്ങളിലും ചേർന്നു നിൽക്കുക. അവർ കുടിച്ച പാത്രത്തിൽ നിന്ന് കുടിക്കുകയും കഴിച്ച പാത്രത്തിൽ നിന്ന് കഴിക്കുകയും കടിച്ച മാംസത്തിന്റെ കഷ്ണം അതേ ഭാഗത്തുനിന്ന് തന്നെ കടിച്ചു കഴിക്കുകയും ഒരേ പാത്രത്തിൽ നിന്ന് കുളിക്കുകയും അവരോട് നല്ല രൂപത്തിൽ വർത്തിക്കണമെന്ന് ഉപദേശിക്കുകയും ഒക്കെ ചെയ്യുന്നത് മഹത്തായ ഒരു സാമൂഹിക നിർമിതിയുടെ ഭാഗമാണ്. അവഗണിക്കപ്പെട്ടവരെ പരിഗണിക്കുന്നതിന്റെ പല മേഖലകളിൽ ഒരു മേഖലയുടെ ചിത്രമാണിത്.
കുളിക്കാൻ ഉപയോഗിച്ച വെള്ളവും വെള്ള പാത്രത്തിന്റെ ചുറ്റും നിൽക്കുന്ന ദമ്പതികളും എന്ന ചിത്രത്തിൽ നിന്നും മാറി നീതിയുടെയും പരിഗണനയുടെയും മഹാവിചാരങ്ങളെയാണ് ഇതെല്ലാം പങ്കുവെക്കുന്നത്. അങ്ങനെ സാമൂഹികമായി വായിക്കാൻ ഈ അധ്യായത്തിന് ഒരുപാട് വിശാലതകളുണ്ട്.
തിരുനബിﷺ സംസം വെള്ളം ഉപയോഗിച്ചുകൊണ്ട് അംഗസ്നാനം അഥവാ വുളൂഅ് ചെയ്തതിനെക്കുറിച്ച് ഒരു ഹദീസ് ഇങ്ങനെ വായിക്കാം.
ഇമാം അഹ്മദി(റ)ന്റെ മകൻ അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഒരു ബക്കറ്റിൽ നിന്ന് തിരുനബിﷺ സംസം വെള്ളം കുടിക്കുകയും അത് ഉപയോഗിച്ചുതന്നെ വുളൂഅ് നിർവഹിക്കുകയും ചെയ്തു.
മിസ്‌വാക്ക് ചെയ്യാൻ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കി കൊണ്ട് വുളൂഅ് ചെയ്ത നിവേദനം അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബസ്സാർ(റ) ഉദ്ധരിക്കുന്നു.
ഇത്തരം സന്ദർഭങ്ങളിൽ നിന്നും വെള്ളം ഉപയോഗശൂന്യമാകുന്നില്ലെന്നും നിർബന്ധമായ അനുഷ്ഠാനത്തിനു വേണ്ടി ഉപയോഗിച്ച വെള്ളം നിശ്ചിത അളവിൽ കുറഞ്ഞാൽ അത് ഉപയോഗിക്കപ്പെട്ട വെള്ളം എന്ന ഗണത്തിൽ പരിഗണിക്കപ്പെടുമെന്നും ഒക്കെ പഠിപ്പിക്കുന്ന അധ്യായമാണിത്.
