
യാത്ര കഴിഞ്ഞു മടങ്ങി വരുന്നവരെ തിരുനബിﷺ എങ്ങനെയായിരുന്നു സ്വീകരിച്ചിരുന്നത്? ഇത് സംബന്ധമായ ചില നിവേദനങ്ങൾ കൂടി നമുക്ക് പരിചയപ്പെടാം. മഹതി ആഇശ(റ) പറഞ്ഞതായി ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ സൈദുബ്നു ഹാരിസ(റ) ഒരു യാത്ര കഴിഞ്ഞ് മടങ്ങി വന്നു. തിരുനബിﷺ എന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. സൈദ്(റ) വന്ന് വാതിലിൽ മുട്ടി. തിരുനബിﷺ പെട്ടെന്ന് എഴുന്നേറ്റ് ധരിച്ചിരുന്ന വസ്ത്രം വലിച്ചിഴച്ചു കൊണ്ട് വാതിൽക്കലേക്ക് നീങ്ങി. അല്ലാഹു സാക്ഷി അതിനു മുമ്പോ ശേഷമോ ഒരിക്കലും തിരുനബിﷺയുടെ വസ്ത്രം അപ്രകാരം നീങ്ങി ഞാൻ കണ്ടിട്ടില്ല. തിരുനബിﷺ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചുംബനം നൽകി സ്വീകരിക്കുകയും ചെയ്തു.
തിരുനബിﷺയുടെ പോറ്റ് മകനായിരുന്നല്ലോ സൈദ്(റ). ദൂരയാത്ര കഴിഞ്ഞ് എത്തിച്ചേർന്ന പ്രിയപ്പെട്ട ആളെ സ്വീകരിക്കാനുള്ള ധൃതിയായിരുന്നു അത്. നമ്മെപ്പോലെ ഏതെങ്കിലും ഒരു കാര്യത്തിൽ അലക്ഷ്യമാവുകയോ ബട്ടണോ മേൽ മുണ്ടോ മറ്റോ അശ്രദ്ധമായി ധരിച്ചു നടക്കുകയോ ചെയ്യുന്ന ആളായിരുന്നില്ലല്ലോ തിരുനബിﷺ. മേൽ തട്ടം നീങ്ങിക്കിടന്നപ്പോഴും അത് ശരിയാക്കാൻ ശ്രദ്ധിക്കാതെ അതിവേഗം എഴുന്നേറ്റ് പോയ അത്യപൂർവമായ ഒരു സന്ദർഭത്തെയാണ് പ്രിയ പത്നി പരിചയപ്പെടുത്തിയത്. പ്രിയപ്പെട്ടവർ വന്നു ചേരുമ്പോഴുള്ള താല്പര്യത്തിന്റെ ഒരു പ്രകാശനം കൂടിയായിരുന്നു അത്.
അബു ദാവൂദ്(റ) ശഅബിയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ജഅ്ഫർ ബിൻ അബൂത്വാലിബി(റ)ന്റെ ആഗമനത്തെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിക്കുകയും കണ്ണുകൾക്കിടയിൽ നെറ്റിത്തടത്തിൽ ചുംബനം കൊടുത്ത് വരവേൽക്കുകയും ചെയ്തു.
ഇബ്നു ഉമറി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഒരു ചെറുപ്പക്കാരൻ പരിചാരകൻ ഹജ്ജ് കഴിഞ്ഞ് മടങ്ങി വന്നു. അദ്ദേഹം സലാം ചൊല്ലിയപ്പോൾ ശിരസുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ മോനെ. അല്ലാഹു നിന്റെ ഹജ്ജ് സ്വീകരിക്കട്ടെ! നിന്റെ പാപങ്ങൾ പൊറുത്തുതരികയും നിന്റെ വിനിയോഗത്തിന് അനന്തരമായ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമാറാകട്ടെ!
യാത്ര പോകാൻ ഒരുങ്ങുന്നവർ സമ്മതം ചോദിച്ചു വരുമ്പോഴും സവിശേഷമായ പ്രാർഥനകൾ തിരുനബിﷺ നിർവഹിച്ചു കൊടുക്കാറുണ്ടായിരുന്നു. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) തുടങ്ങി നിരവധി മഹത്തുക്കൾ നിവേദനം ചെയ്ത ഹദീസിൽ അനസുബ്നു മാലികും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) പറയുന്നു. മഹാനായ ഉമർ(റ) ഉംറക്ക് പോകാൻ സമ്മതം ചോദിച്ചു നബിﷺയുടെ അടുത്തെത്തി. അവിടുന്ന് സമ്മതം നൽകിയിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ കൊച്ചനുജാ, നിങ്ങളുടെ നല്ല നല്ല പ്രാർഥനകളിൽ എന്നെ ഉൾക്കൊള്ളിക്കണേ! മറന്നുപോകരുതേ!
വാത്സല്യവും വൈകാരികതയും നിറഞ്ഞുനിൽക്കുന്ന ഈ പ്രയോഗങ്ങളിൽ നിരവധി പാഠങ്ങളും അധ്യാപനങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്. സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ തിരുനബിﷺ സ്രഷ്ടാവിന്റെ കാരുണ്യത്തിന് അപ്പോഴും കേണുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവർക്കും അവരവരുടേതായ മഹത്വങ്ങളും മഹത് കർമങ്ങൾ ചെയ്യുമ്പോഴുള്ള പ്രാധാന്യവും വകവച്ചു കൊടുക്കണം. വലിയവർ ചെറിയവരോട് പ്രാർഥിക്കാൻ പറയുന്നതിൽ പന്തികേടൊന്നുമില്ല. പാപ സുരക്ഷിതരായ തിരുനബിﷺ ശിഷ്യനും അനുയായിയുമായ ഉമറി(റ)നോട് പ്രാർഥനയിൽ മറക്കരുത് എന്ന് പറയാൻ മാത്രമുള്ള വിനയവും താഴ്മയും തിരുനബിﷺയുടെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. തിരുനബിﷺ വാത്സല്യപൂർവ്വം കൊച്ചനുജാ എന്ന് വിളിച്ചതിൽ ഹൃദയത്തിലേക്ക് ഒരു അണച്ചുകൂട്ടൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അല്ലാഹുവിന്റെ ഭവനം പ്രദക്ഷിണം വെക്കാൻ പോകുന്ന ആളോടുള്ള സ്നേഹവും ആദരവും വാത്സല്യവും മുഴുത്തു നിൽക്കുന്നുണ്ട്. അങ്ങനെ നിരവധി ആലോചനകൾ.
