Tweet 950

    Tweet 950
    January 19, 2025 • Sunday
    Post Header

    തിരുനബിﷺയുടെ യാത്രയുമായി ബന്ധപ്പെട്ട ചില അനുബന്ധങ്ങൾ കൂടി നമുക്ക് വായിക്കാനുണ്ട്. മുആദി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ എന്നെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹം വാഹനപ്പുറത്ത് തിരുനബിﷺയോടൊപ്പം ഒസിയത്തുകൾ പറഞ്ഞുകൊണ്ട് നടന്നു. അഥവാ വാഹനപ്പുറത്തിരിക്കുന്ന മുആദി(റ)നോട് യാത്ര പറഞ്ഞുകൊണ്ട് അദ്ദേഹത്തോടൊപ്പം മുന്നോട്ടു നടന്നു.
    അൻസ്വാരികളിൽ പെട്ട ഒരാളിൽ നിന്ന് മുസദ്ദദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരാളെ യാത്രയയച്ചു. ആ സമയത്ത് തിരുനബിﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹു നിങ്ങൾക്ക് തഖ്‌വ വർദ്ധിപ്പിച്ചു തരട്ടെ! പാപങ്ങൾ പൊറുത്തു തരട്ടെ! നിങ്ങൾ എവിടെയായിരുന്നാലും നന്മയിലേക്ക് എളുപ്പമാക്കി തരട്ടെ!
    അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), ബൈഹഖി(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ ഞങ്ങളെ യാത്രയാക്കാനുണ്ടായിരുന്നു. ഒരു നിവേദന പ്രകാരം ഇങ്ങനെയാണ്. ഒരാവശ്യത്തിന് വേണ്ടി തിരുനബിﷺ എന്നെ യാത്രയാക്കി. അപ്പോൾ ഇങ്ങനെ പ്രാർഥിച്ചു. നിങ്ങളുടെ മതവും വിശ്വസ്തതയും കർമ്മങ്ങളുടെ അന്ത്യവും എല്ലാം അല്ലാഹുവിനെ ഏൽപ്പിച്ചിരിക്കുന്നു.
    ഖത്താദത്തുർറൂഹാവി(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. എന്റെ ജനതയുടെ പ്രതിനിധിയായി തിരുനബിﷺ എന്നോട് കരാർ ചെയ്തപ്പോൾ, ഞാൻ അവിടുത്തെ കരം കവർന്ന് യാത്ര ചോദിച്ചു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചു. അള്ളാഹു തഖ്‌വയെ നിങ്ങളുടെ മേൽ വസ്ത്രമാക്കി തരട്ടെ! പാപങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ! എവിടെയൊക്കെ ലക്ഷ്യം വെച്ചാലും നിങ്ങൾ അഭിമുഖീകരിക്കുന്നത് നന്മയിലേക്കായിരിക്കട്ടെ!
    ഇബ്നു ഉമറി(റ)ൽ നിന്ന് ത്വബ്റാനി(റ) തന്നെ നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു ബാലൻ തിരുനബിﷺയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു. ഞാനിതാ ഈ വഴിക്ക് ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നു. തിരുനബിﷺ ആ കുട്ടിയോടൊപ്പം നടന്നു. എന്നിട്ട് ശിരസ്സുയർത്തി അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ മോനെ, അല്ലാഹു നിനക്ക് തഖ്‌വ വിഭവമാക്കി തരട്ടെ! നന്മയിലേക്ക് തിരിച്ചു വരട്ടെ! പ്രയാസങ്ങളൊക്കെ അല്ലാഹു പരിഹരിച്ചു തരട്ടെ!
    ഇബ്നു മാജ (റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ എന്നോട് യാത്ര പറഞ്ഞപ്പോൾ ഇങ്ങനെ പറഞ്ഞു. സൂക്ഷിപ്പ് സ്വത്തുകൾ ഏൽപ്പിച്ചാൽ നഷ്ടപ്പെടുത്താത്ത അല്ലാഹുവിന് ഞാൻ നിങ്ങളെയും ഏൽപ്പിക്കുന്നു. അഥവാ നിങ്ങളുടെ എല്ലാ കാര്യങ്ങളും ഞാൻ അല്ലാഹുവിൽ അർപ്പിക്കുന്നു.
    അബൂഹുറൈറ(റ)യിൽ നിന്നു തന്നെ ഇമാം നസാഇ(റ)യും തുർമുദി(റ)യും ഉദ്ധരിക്കുന്നു. ഒരിക്കൽ ഒരാൾ തിരുനബിﷺയോട് പറഞ്ഞു. ഞാനൊരു യാത്ര ഉദ്ദേശിക്കുകയാണ്. ആവശ്യമായ ഉപദേശങ്ങൾ നൽകിയാലും. അപ്പോൾ എന്നോട് പറഞ്ഞു. നീ തഖ്‌വയുടെ കാര്യം ശ്രദ്ധിക്കുക. ഓരോ ഉയർന്ന സ്ഥലത്തു ചെല്ലുമ്പോഴും അല്ലാഹുവിനെ മഹത്വപ്പെടുത്തി തക്ബീർ ചൊല്ലുക. ഇതുകേട്ട് അദ്ദേഹം യാത്രയ്ക്ക് തിരിച്ചപ്പോൾ അല്ലാഹുവിനോട് നബിﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹുവേ അദ്ദേഹത്തിന് നീ ദൂരം ചുരുക്കി കൊടുക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യേണമേ!
    ഇമാം തുർമുദി(റ)യുടെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെ വായിക്കാം. ഒരാൾ വന്നു നബിﷺയോട് പറഞ്ഞു. ഞാൻ ഒരു യാത്ര ഉദ്ദേശിക്കുകയാണ്. അവിടുന്ന് വിഭവങ്ങൾ ഏൽപ്പിച്ചു തരേണമേ. അപ്പോൾ അവിടുന്ന് പറഞ്ഞു. അല്ലാഹു തഖ്‌വയെ നിങ്ങളുടെ വിഭവമാക്കി തരട്ടെ! അപ്പോൾ പറഞ്ഞു. ഇനിയും വേണം. അപ്പോൾ നബിﷺ പ്രാർഥിച്ചു. നിങ്ങളുടെ പാപം അല്ലാഹു പൊറുത്തു തരട്ടെ! എന്റെ വാപ്പയും ഉമ്മയും അവിടേക്ക് ദണ്ഡം. ഇനിയും കുറച്ചു കൂടി തരൂ. അപ്പോൾ നബിﷺ ഇങ്ങനെ കൂടി പ്രാർഥിച്ചു. നിങ്ങൾ എവിടെയായിരുന്നാലും അല്ലാഹു നിങ്ങൾക്ക് നന്മയിലേക്ക് എളുപ്പം തരട്ടെ!
    നമ്മൾ വായിച്ച നിവേദനങ്ങൾ എത്ര ഹൃദയഹാരിയാണ്. ഒരാൾ യാത്ര ചോദിക്കുമ്പോൾ നൽകാൻ പറ്റുന്ന ഇതിലേറെ മനോഹരമായ എന്തുണ്ട്. എവിടെയൊക്കെ എത്തിയാലും ഒരു പിഴവും വരരുതെന്നും അടിസ്ഥാന മൂല്യമാകുന്ന ആത്മവിശുദ്ധിയും അല്ലാഹുവിനെ കുറിച്ചുള്ള വിചാരവും നഷ്ടമാകരുതെന്നും എപ്പോഴും നന്മയും ഗുണവും കൂടെയുണ്ടാകണമെന്നും, ഉണർത്തുകയും അതിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്ന യാത്രാമംഗളങ്ങൾ. അർഥമില്ലാത്ത കുറെ ഉപചാര വാക്കുകൾ കൊണ്ട് ആംഗ്യവും അലങ്കാരവും തീർക്കുന്ന വിടവാങ്ങലുകളെക്കാൾ എത്ര അർഥവത്താണ് തിരുനബിﷺ പഠിപ്പിച്ച ഈ ശീലങ്ങൾ. ഏതുകാലത്തും എപ്പോഴും പ്രയുക്തമാണ് ഈ ജീവിത ചിട്ടകൾ. ജീവിതത്തിന്റെ എല്ലാ തലങ്ങളെയും തൊട്ടു തലോടി മനോഹാരിതയും നിയമസൗന്ദര്യവും ചിട്ടകളുടെ അലങ്കാരവും നൽകിയ പുണ്യ പ്രഭുവായ തിരുനബിﷺയുടെ മുമ്പിൽ വിനീത വിധേയരായി നിൽക്കുകയല്ലാതെ അനുയായികളായ നമുക്കെന്ത് ന്യായം.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...