Tweet 928

    Tweet 928
    December 28, 2024 • Saturday
    Post Header

    അബൂ ഉമാമ(റ) പറയുന്നു. തിരുനബിﷺക്ക് ഒരു കുതിരയുണ്ടായിരുന്നു. അൻസ്വാരികളിൽ ഒരാൾക്ക് അത് സംഭാവന ചെയ്തു. കുതിരയുടെ ശബ്ദം തിരുനബിﷺ കേൾക്കുമായിരുന്നു. ഇടയ്ക്കുവെച്ച് അത് കേൾക്കാതെ ആയപ്പോൾ നബിﷺ അന്വേഷിച്ചു. എന്തുപറ്റി നമ്മുടെ കുതിരയ്ക്ക്? അതിന്റെ ശബ്ദം കേൾക്കുന്നില്ലല്ലോ? അപ്പോൾ അൻസ്വാരി പറഞ്ഞു. അതിന് വന്ധ്യംകരണം ചെയ്തിരിക്കുന്നു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. കുതിരകളുടെ മൂർദ്ധാവിൽ നന്മയുണ്ട്. അന്ത്യനാൾ വരെ അത്‌ അനുഗ്രഹമാണ്. രോമങ്ങൾ അവരുടെ ചൂട് നിലനിർത്തുന്നതാണ്. വാല്, പ്രാണികളിൽ നിന്നും മറ്റും അതിന് തടുക്കാനുള്ളതാണ്.
    അബ്ദുല്ലാഹിബ്നു അംറ് ബിൻ ആസ്വ്(റ) പറയുന്നു. തിരുനബിﷺക്ക് യമനിലെ ജറൂശിൽ നിന്നുള്ള ഒരു കുതിരയുണ്ടായിരുന്നു. അത് അൻസ്വാരികളിൽ ഒരാളെ ഏൽപ്പിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ എവിടെ ഇറങ്ങിയാലും എന്റെ അടുത്ത് തന്നെ ഉണ്ടാവണം. കുതിരയുടെ ശബ്ദം എനിക്കൊരു ആശ്വാസമാണ്. ഒരു രാത്രിയിൽ തിരുനബിﷺ ആ കുതിരയെ കുറിച്ച് സംസാരിച്ചു. അപ്പോൾ അതിന്റെ അരി ഉടച്ചു ഷണ്ഡീകരണം ചെയ്ത കാര്യം നബിﷺയോട് പറഞ്ഞു. നിങ്ങൾ അങ്ങനെ ചെയ്തു അല്ലേ! എന്ന് ചോദിച്ചിട്ട് ഇങ്ങനെ പ്രതികരിച്ചു. കുതിരകളുടെ മൂർദ്ധാവിൽ നന്മയുണ്ട്. അതിന്റെ രോമങ്ങൾ അതിന് കവചമാണ്. വാലുകൾ അതിന് പ്രാണികളെ തൊട്ടു തടുക്കാനുള്ളതാണ്. നിങ്ങൾ അതിൽ പ്രത്യുൽപാദനം പ്രതീക്ഷിച്ചുകൊള്ളൂ. അതിന്റെ ശബ്ദം കൊണ്ട് അല്ലാഹുവിൽ പങ്കുചേർക്കുന്നവരെ ഭയപ്പെടുത്തുക.
    അനസ് ബിൻ മാലികി(റ)ൽ നിന്ന് അബൂ നുഐം(റ) നിവേദനം ചെയ്യുന്നു. കുതിരകളുടെ വാലിലെ രോമങ്ങൾ നിങ്ങൾ പറിക്കരുത്. പിരടിയിലെയും നെറ്റിത്തടത്തിലെയും രോമം നിങ്ങൾ മുറിക്കരുത്. അവകളെല്ലാം അനുഗ്രഹീതമാണ്.
    കുതിരയെ പരിപാലിക്കുന്നവരും അതിന് വേണ്ടവിധത്തിൽ പരിചരിക്കുന്നവരും പ്രതിഫലാർഹരാണ് എന്നുകൂടി തിരുനബിﷺ പഠിപ്പിക്കുന്നുണ്ട്. നിരന്തരമായി ദാനം ചെയ്യുന്നവർക്ക് തുല്യമാണ് ഇത്തരം കർമ്മങ്ങൾ ചെയ്യുന്നവർ എന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസിൽ കാണാം.
    ചിലപ്പോഴൊക്കെ തിരുനബിﷺ കുതിരയുടെ ശരീരത്തിലുള്ള രോമങ്ങൾ വിരലുകൊണ്ട് ചുരുട്ടി കുതിരയുടെ മഹത്വത്തെ കുറിച്ച് പറയും. ചിലപ്പോഴൊക്കെ നടന്ന് അതിന്റെ അടുത്തേക്ക് ചെന്ന് മുഖത്തും മറ്റും തലോടുകയും സന്തോഷിപ്പിക്കുകയും ചെയ്യും. കാര്യമന്വേഷിക്കുന്ന അനുയായികളോട് കുതിരയുടെ പ്രാധാന്യവും മഹത്വവും പറഞ്ഞുകൊടുക്കും.
    ഇമാം മാലിക്(റ) മുവത്വയിൽ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. കുതിരകൾ മൂന്നു മൂന്നുതരത്തിലുണ്ടാകും. ഒരാൾക്ക് അത് പ്രതിഫലം നേടിക്കൊടുക്കും മറ്റൊരാൾക്ക് അത് മറയായിരിക്കും മൂന്നാമത്തെയാൾക്ക് അത് കുറ്റമായിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ ഒരു കുതിരയെ പരിപാലിക്കുകയും വിശാലമായി അതിന് മേച്ചിൽ പുറം നൽകുകയും ചെയ്തയാൾ അതുവഴി നന്മകൾ ആർജിക്കുന്ന ആളാണ്. പരിമിതമായ സ്ഥലത്ത് ബന്ധിപ്പിക്കുകയും ആവശ്യമായതൊക്കെ നൽകുകയും ചെയ്യുന്ന ആൾക്കും അതിന്റെ ഓരോ ചലനങ്ങൾക്കും പ്രതിഫലം എഴുതപ്പെടും.
    ആവശ്യനിർവഹണത്തിന് വേണ്ടി കുതിരയോട് അവകാശങ്ങൾ വകവച്ചു കൊടുത്തുകൊണ്ട് അവയെ പരിപാലിക്കുന്നയാൾക്ക് അത് മറയും സുരക്ഷയുമാണ്. പെരുമ കാണിക്കാനും പ്രൗഢി അറിയിക്കാനും കുതിരയെ പരിപാലിക്കുന്നയാൾക്ക് അതു കുറ്റവും ശിക്ഷയുമാണ് നൽകുക.
    ഏതു പ്രവർത്തിക്കും ഉത്തമമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം. പ്രവർത്തി പദത്തിൽ അത് പരിഗണിക്കുകയും വേണം. നന്മയുടെ സംസ്ഥാപനത്തിനും പരിരക്ഷക്കും വേണ്ടി ചെയ്യുന്ന ഏത് ചെറിയ കാര്യവും അല്ലാഹുവിന്റെ പക്കൽ പ്രതിഫലം ലഭിക്കുന്ന പുണ്യകർമമായിരിക്കും.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...