
തിരുനബിﷺയുടെ വാഹനങ്ങളെ സംബന്ധിച്ച വായനയാണ് നമുക്ക് നിർവഹിക്കാനുള്ളത്. വാഹനങ്ങളോട് പൊതുവേയും കുതിരയോട് പ്രത്യേകിച്ചും തിരുനബിﷺക്ക് സവിശേഷമായ പരിഗണനകളുണ്ടായിരുന്നു. പ്രിയപ്പെട്ട ഭാര്യമാരോടുള്ള സ്നേഹം കഴിഞ്ഞാൽ തിരുനബിﷺക്ക് ഏറ്റവും പരിഗണനയുള്ളത് കുതിരകളെ ആയിരുന്നു. തിരുനബിﷺയുടെ പരിചാരകനായ അനസ് ബിൻ മാലിക്(റ) തന്നെ ഇത് പറയുന്നുണ്ട്. ഭാര്യമാരും ഒട്ടകങ്ങളും കഴിഞ്ഞാൽ ഏറെ ഇഷ്ടപ്പെട്ടിരുന്നത് കുതിരകളെ ആയിരുന്നു എന്ന് മഅ്ഖൽ ബിൻ യസാർ(റ) നിവേദനം ചെയ്യുന്നു.
നുഐം ബിൻ അബൂ ഹിന്ദ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ അവിടുത്തെ മേൽത്തട്ടം കൊണ്ട് കുതിരയുടെ മുഖം തടവി കൊടുക്കുന്നത് കണ്ടു. ഇത്ര പ്രാധാന്യത്തോടെ ഇക്കാര്യം ചെയ്യുന്നത് കണ്ടപ്പോൾ ആരോ വിശദീകരണം തേടി. കുതിരകളെ പരിഗണിക്കുന്ന കാര്യത്തിൽ ഇന്നലെ രാത്രിയിൽ ജിബ്‌രീല്‍(അ) എന്നെ ഉപദേശിച്ചു എന്നായിരുന്നു നബിﷺയുടെ മറുപടി. തിരുനബിﷺ എഴുന്നേറ്റുപോയി അവിടുത്തെ കുപ്പായത്തിന്റെ കൈകൊണ്ട് കുതിരയുടെ മുഖം തലോടി കൊടുത്തിരുന്നു എന്ന് അബ്ദുല്ലാഹിബ്നു വാഖിദ്(റ) നിവേദനം ചെയ്യുന്നു.
കുറച്ചുകൂടി വിശദീകരിച്ചു കൊണ്ടാണ് മറ്റൊരു നിവേദനം നമുക്ക് വായിക്കാനുള്ളത്. ഒരിക്കൽ തിരുനബിﷺയുടെ സവിധത്തിലേക്ക് ഒരു കുതിരയെ കൊണ്ടുവന്നു. തിരുനബിﷺ എഴുന്നേറ്റുപോയി അതിന്റെ മുഖവും കണ്ണുകളും നാസാദ്വാരങ്ങളും അവിടുത്തെ കുപ്പായത്തിന്റെ കൈ കൊണ്ട് തടവിക്കൊടുത്തു. അപ്പോൾ ഒരാൾ ചോദിച്ചു. അല്ല പ്രവാചകരെﷺ, അവിടുത്തെ കുപ്പായത്തിന്റെ കൈകൊണ്ടാണോ ഈ കുതിരയുടെ മുഖത്തും മറ്റും തടവിക്കൊടുക്കുന്നത്. അതെ ഇന്നലെ രാത്രിയിൽ കുതിരകളെ പരിപാലിക്കുന്ന വിഷയത്തിൽ ജിബ്‌രീല്‍(അ) എന്നെ പ്രത്യേകമായി ഉപദേശിച്ചു.
സമാനമായ ആശയങ്ങളുള്ള നിരവധി ഹദീസുകളുണ്ട്. കുതിരയെ ധന്യമാക്കപ്പെടുന്നതിനെ കുറിച്ച് എന്നോട് ജിബ്‌രീല്‍(അ) ഉപദേശിച്ചു എന്നാണ് ചില നിവേദനങ്ങളിലുള്ളത്. അഥവാ കുതിരകളെ നിസ്സാരപ്പെടുത്തരുതെന്നും ശ്രദ്ധയോടെ പരിപാലിക്കണമെന്നുമായിരുന്നു നിവേദനങ്ങളുടെ ആകെത്തുക.
അന്ത്യനാൾ വരെയും കുതിരകളുടെ മൂർദ്ധാവിൽ നന്മയെ നിറച്ചിരിക്കുന്നു എന്ന ആശയമുള്ള ഹദീസ് അബ്ദുല്ലാഹിബിൻ ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
കുതിരയുടെ ശിരസ്സിന്റെ ഭാഗത്തുള്ള മുടിയിൽ വിരലുകൾ ചുരുട്ടി തിരുനബിﷺ ഇപ്രകാരം പറഞ്ഞുവത്രേ. അന്ത്യ നാൾ വരെയും കുതിരകളുടെ നെറ്റിത്തടത്തിൽ അല്ലാഹു നന്മയെ നിറച്ചിരിക്കുന്നു. ഇമാം മുസ്ലിം(റ) ഈ ഹദീസ് നിവേദനം ചെയ്യുന്നു.
സവാദത്തു ബിൻ റബീഉൽ ജർമി(റ) പറയുന്നു. തിരുനബിﷺ എന്നോട് ഭക്ഷണം പാചകം ചെയ്യാനും കുതിരകളെ ശ്രദ്ധിക്കാനും പറഞ്ഞു. അപ്പോഴും അതിന്റെ നെറ്റിത്തടത്തിൽ നന്മനിറച്ചിരിക്കുന്നു എന്ന മേൽ പരാമർശം പറഞ്ഞുവത്രേ.
യുദ്ധത്തിനും യാത്രയ്ക്കും മുന്നേറ്റത്തിനും അതിജീവനത്തിനും ആയുധമായും അഭിമാനമായും ഏറെ പ്രൗഢിയോടെ അന്നത്തെ ആളുകൾ പരിപാലിച്ചിരുന്ന മൃഗങ്ങളിൽ പ്രധാനമാണ് കുതിരകൾ. അക്കാലത്തെ സാമൂഹിക ഘടനയോട് ചേർന്നു പ്രവാചകരുﷺടെ സമീപനം ഈ മേഖലയിൽ എങ്ങനെയായിരുന്നു എന്ന് വളരെ മനോഹരമായി നാം വായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുടെ ചരിത്രത്തിൽ അതിസൂക്ഷ്മമെന്ന് പറയുന്ന കാര്യം പോലും, അല്ലെങ്കിൽ അത്യപൂർവമായി വായിക്കപ്പെടുന്ന അധ്യായം പോലും വിശാലമായും ആധികാരികമായും നബി ജീവിതത്തിൽ രേഖപ്പെട്ടു കിടക്കുകയാണ്. അതിലൊന്നു മാത്രമാണല്ലോ ഇത്.
