Tweet 925

    Tweet 925
    December 25, 2024 • Wednesday
    Post Header

    മുപ്പത്തിയേഴ്‌, തിരുനബിﷺയുടെ പ്രിയപത്നി സ്വഫിയ്യ ബിൻത് ഹുയയ്യ്(റ). ഖൈബറിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങളെല്ലാവരും മുന്നോട്ടുപോകുന്ന വഴിയിൽ തന്നെ തിരുനബിﷺ പ്രിയപ്പെട്ട പത്നി സ്വഫിയ്യ(റ)യെ വാഹനത്തിൽ ഒപ്പം കൊണ്ടുവന്നു എന്ന് മഹാനായ അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നുണ്ട്. തിരുനബിﷺയും സ്വഫിയ്യ(റ)യും ഒരുമിച്ചു വാഹനത്തിൽ വരുമ്പോൾ വാഹനം ഇടയുകയും തിരുനബിﷺ താഴേക്ക് ഊർന്നു വീഴുകയും ചെയ്തു. ഉടനെ അബൂത്വൽഹ(റ) വാഹനത്തിൽ നിന്ന് ചാടിയിറങ്ങി. അല്ലയോ പ്രവാചകരെﷺ, എന്ത് സംഭവിച്ചു എന്ന് ചോദിച്ചു. എനിക്കൊന്നും സംഭവിച്ചിട്ടില്ല സ്വഫിയ്യ(റ)യെ ശ്രദ്ധിക്കൂ എന്ന് തിരുനബിﷺ പറഞ്ഞ കാര്യവും അനസുബ്നു മാലികി(റ)ൽ നിന്ന് തന്നെ മറ്റൊരു നിവേദനത്തിൽ വായിക്കാം. ഞാൻ എന്റെ മുഖത്തും ഓരോ വസ്ത്രമിട്ടു എന്നും അനസ്(റ) ചേർത്തുപറയുന്നുണ്ട്.
    മരുഭൂമിയിൽ ഭയപ്പെടുന്ന പ്രധാനപ്പെട്ട കാര്യം മണൽത്തരികൾ വന്ന് മുഖത്തടിക്കുന്നതാണ്. അതിൽ നിന്ന് തടയാനായിരിക്കണം വസ്ത്രമിട്ടത്. തിരുനബിﷺയോടൊപ്പം ആരൊക്കെ സഞ്ചരിച്ചു എന്ന് ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിന്റെയും സഞ്ചാരത്തിന്റെയും വിവിധ ഘട്ടങ്ങളിലെ വ്യത്യസ്ത മുഹൂർത്തങ്ങളാണ് ചരിത്രത്തിൽ നിന്ന് നാം പഠിച്ചു കൊണ്ടിരിക്കുന്നത്.
    മുപ്പത്തിയെട്ട്, ബനൂ ഗിഫാർ ഗോത്രത്തിലെ ഒരു സ്ത്രീ. ഖൈബർ യുദ്ധവേളയിൽ അബൂദർ(റ) ഭാര്യയെ തിരുനബിﷺയുടെ വാഹനപ്പുറത്ത് സ്വതന്ത്രമായ ഒരു ഒട്ടകകട്ടിലിൽ സഞ്ചരിപ്പിച്ചതിനെ കുറിച്ചുള്ള നിവേദനങ്ങൾ ആണിത്. മഹതി തന്നെ പറയുന്നു. തിരുനബിﷺയുടെ വാഹനത്തിനു മുകളിൽ വേറിട്ട ഒരു കമ്പാർട്ട്മെന്റിൽ എന്നെയും തിരുനബിﷺ കൂട്ടിക്കൊണ്ടുപോയി. പ്രഭാതം അടുക്കുന്നത് വരെ എവിടെയും വാഹനം നിർത്തിയില്ല. സുബ്ഹി നിസ്കാരത്തിന് നേരമായപ്പോൾ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു. തിരുനബിﷺ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഞാനും എന്റെ കമ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴാണ് വാഹനത്തിൽ രക്തത്തിന്റെ അടയാളം ഞാൻ ശ്രദ്ധിക്കുന്നത്. എന്റെ ജീവിതത്തിലെ ആദ്യത്തെ ആർത്തവ അനുഭവമായിരുന്നു അത്. നാണത്തോടെ ഞാൻ വാഹനത്തിനടുത്തു തന്നെ നിന്നു.
    നബിﷺ നിസ്കാരം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ എന്നെ ശ്രദ്ധിച്ചു. രക്തത്തിന്റെ അടയാളവും എന്റെ ലക്ഷണവും കണ്ടപ്പോൾ തിരുനബിﷺക്ക് കാര്യം മനസ്സിലായി. ഒരു പാത്രം വെള്ളമെടുത്ത് അതിൽ ഉപ്പിട്ട് കഴുകി ഒട്ടകകട്ടിലും വൃത്തിയാക്കി യാത്ര തുടരാൻ വേണ്ടി കയറാൻ തിരുനബിﷺ പറഞ്ഞു. ഖൈബർ ജയം നേടിയപ്പോൾ സമരാർജിത സമ്പാദ്യത്തിൽ നിന്ന് ഞങ്ങൾക്കും ഒരു വിഹിതം നൽകി എന്നു പറഞ്ഞുകൊണ്ടാണ് മഹതി വിശദീകരണം അവസാനിപ്പിക്കുന്നത്.
    39,40,41 എന്നീ നമ്പറുകളിൽ ബറൈറ, കഹൗല, ആമിന എന്നീ മഹിളാ രത്നങ്ങളെയാണ് എണ്ണിയിട്ടുള്ളത്. അവരുമായി ബന്ധപ്പെട്ട കൂടുതൽ നിവേദനങ്ങളൊന്നും ചരിത്രകാരന്മാർ ഉദ്ധരിച്ചു കാണുന്നില്ല. ഒരുപക്ഷേ ആമിന(റ) തിരുനബിﷺയുടെ മാതാവ് ബീവി ആമിന(റ) ആയിരിക്കും. ഏതായാലും ഉമ്മയോടൊപ്പം യാത്ര ചെയ്യുകയും മദീനയിൽ നിന്നുള്ള മടക്കയാത്രയിൽ അബവാഇൽ വച്ച് ഉമ്മ ഇഹലോകവാസം വെടിഞ്ഞതും എല്ലാം പ്രസിദ്ധമായ ചരിത്രാധ്യായങ്ങൾ ആണല്ലോ. അങ്ങനെ വായിച്ചു പോകുമ്പോൾ കുഞ്ഞു കാലത്തു നബിﷺയോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച മഹതി ഹലീമ(റ)യും മകൾ ശൈമ(റ)യും ഒക്കെ ഈ അധ്യായത്തിലേക്ക് കടന്നു വരാനുണ്ടാകും.
    ലോകത്തെ ഒരുപാട് നേതാക്കൾ വായിക്കപ്പെടുമ്പോഴും ഇത്രമേൽ വേറിട്ട അധ്യായങ്ങൾ ആ ജീവിതങ്ങളിലൊന്നുമുണ്ടാവില്ല. നബി സംബന്ധിയായ ഓരോ വിഷയങ്ങൾക്കും കേവലം ഓർമയും അറിവും എന്നതിനപ്പുറം മധുരതരമായ ഒരു ഹൃദയ സാന്നിധ്യവും അനുഗ്രഹം പ്രതീക്ഷിക്കാവുന്ന പരിസരങ്ങളും കൂടിയുണ്ടാകും. അങ്ങനെയാകുമ്പോൾ തത്തുല്യമായ ഒരു വായന നബിﷺയോടൊപ്പം ചേർത്തുവെക്കാൻ ഇല്ലേയില്ല എന്ന് തന്നെ നമുക്ക് പറയാം.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...