
പതിന്നാല്, അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ). ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസ്. ഒരു ദിവസം തിരുനബിﷺ എന്നെ പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്തു. സവിശേഷമായ ഒരു രഹസ്യം എന്നോട് പറഞ്ഞു. ഞാൻ അത് ഒരാളോടും പങ്കുവെച്ചില്ല.
തിരുനബിﷺയുടെ ശിഷ്യന്മാരെ കുറിച്ചുള്ള മഹത്തായ ഒരു വായനകൂടിയാണിത്. തിരുനബിﷺയുടെ രഹസ്യങ്ങൾ രഹസ്യമായി തന്നെ കാത്തുസൂക്ഷിക്കപ്പെട്ടു. ഉപദേശങ്ങൾ കലർപ്പില്ലാതെ പകർന്നു ലഭിക്കുകയും ചെയ്തു. അവിടുത്തെ സന്ദേശത്തിലോ അധ്യാപനങ്ങളിലോ ആരും കടത്തിക്കൂട്ടുകയോ ചേർത്തുവയ്ക്കുകയോ ചെയ്തില്ല. ചരിത്രത്തിൽ തന്നെ ഏറ്റവും മനോഹരമായ ഒരു അധ്യായമാണിത്.
പതിനഞ്ച്, അബൂഹുറൈറ(റ). ഇമാം മുഹബ്ബുത്വബരി(റ) രേഖപ്പെടുത്തുന്നു. ഒരു ദിവസം തിരുനബിﷺ ജീനി ഒന്നുമില്ലാത്ത ഒരു കഴുതപ്പുറത്ത് ഖുബാഅ് ലക്ഷ്യം വെച്ച് യാത്രയ്ക്കുവേണ്ടി കയറി. കൂടെയുണ്ടായിരുന്ന അബൂഹുറൈറ(റ)യോട് ചോദിച്ചു. നിങ്ങളെയും വാഹനത്തിൽ കയറ്റട്ടെയോ? അവിടുത്തെ ഇഷ്ടം പോലെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പെട്ടെന്ന് അബൂഹുറൈറ(റ) കയറാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഉടനെ നബിﷺയെ പിടിച്ചുകൊണ്ട് കയറാൻ ഒരുങ്ങി. രണ്ടുപേരും നിലം പതിച്ചു. വീണ്ടും നബിﷺ വാഹനത്തിൻമേൽ കയറി. അബൂഹുറൈറാ(റ), നിങ്ങളെയും കൂടി കൂട്ടട്ടെ. അവിടുത്തെ ഇഷ്ടം പോലെ എന്ന് വീണ്ടും മറുപടി പറഞ്ഞു. അദ്ദേഹം കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നബിﷺയെ ചുറ്റിപ്പിടിച്ചു. വീണ്ടും രണ്ടാളും കൂടി നിലം പതിച്ചു. തിരുനബിﷺ മൂന്നാമതും കയറി. അബൂഹുറൈറ(റ)യോട് ചോദിച്ചു. കയറുന്നില്ലേ. അല്ലയോ പ്രവാചകരേﷺ, തങ്ങളെ നബിയായി നിയോഗിച്ച അല്ലാഹു സത്യം! മൂന്നാമതും തങ്ങളെ വീഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.
പിന്നീട് ഒരിക്കൽ തിരുനബിﷺയുടെ സഹഞ്ചാരിയായി അബൂഹുറൈറ(റ) യാത്ര ചെയ്തു. അപ്പോൾ നബിﷺ അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ അബൂഹുറൈറാ(റ), അതിസമ്പന്നരായ ആളുകൾ നശിച്ചു പോയിരിക്കുന്നു. ഈ ലോകത്ത് അതി സമ്പന്നരായ പലരും പരലോകത്തു ദരിദ്രരായിരിക്കും, സമ്പത്ത് ശരിയായി വിനിയോഗിക്കുകയും ദാനധർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തവരൊഴികെ.
സമ്പത്ത് സമാഹരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ശരിയായ ചിട്ടകളും ചട്ടങ്ങളും ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിക്കുകയും പരിപാലിക്കുകയും ചെയ്തവർക്ക് പരലോകത്ത് പദവികളും അനുഗ്രഹങ്ങളുമുണ്ടാകുമെന്ന് മറ്റു ഹദീസുകളിൽ നബിﷺ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ, സമ്പത്ത് ലഭിക്കുമ്പോൾ അധികമാളുകളും സമാഹരണത്തിന്റെ വിശുദ്ധിയും വിനിയോഗത്തിന്റെ പവിത്രതയും ശ്രദ്ധിക്കാതെ പോകും. അപ്പോൾ സമ്പത്തുള്ളവർക്ക് അത് വിനയായി ഭവിക്കുകയും ചെയ്യും. അതുവഴി ഈ ലോകത്ത് അതിസമ്പന്നരായി ജീവിച്ച പലരും പരലോകത്ത് ദരിദ്രരായും ദുഃഖിതരായും മാറും. ഈ ആശയങ്ങളെ കൈമാറ്റം ചെയ്തുകൊണ്ടാണ് തിരുനബിﷺ അബൂഹുറൈറ(റ)യോട് സംസാരിച്ചത്.
പതിനാറ്, ഖുസം ബിൻ അബ്ബാസ്(റ). ഇദ്ദേഹത്തെ തിരുനബിﷺ വാഹനത്തിന്റെ മുന്നിൽ ഇരുത്തി കൊണ്ടുപോയ അനുഭവം ആമുഖത്തിൽ നാം വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയോട് രൂപത്തിലും സ്വഭാവത്തിലും സാദൃശ്യമുള്ള സ്വഹാബിയും പിതൃ സഹോദരന്റെ മകനുമാണല്ലോ അദ്ദേഹം.
പതിനേഴ്, സൈദ് ബിൻ ഹാരിസ(റ). തിരുനബിﷺ തന്നെ ഒപ്പമിരുത്തി ബിംബങ്ങളുള്ള ഒരു പ്രദേശത്തേക്ക് പോയതും തിരിച്ചു മക്കയിലേക്ക് വരുമ്പോൾ അംറ് ബിൻ നുഫൈലി(റ)നെ കണ്ടതുമൊക്കെ സൈദി(റ)ന്റെ മകൻ ഉസാമ(റ) നിവേദനം ചെയ്യുന്നുണ്ട്.
സൈദ്(റ) തിരുനബിﷺയോടൊപ്പം ചെറുപ്പകാലത്ത് തന്നെ കൂടിയ ആളാണല്ലോ. തിരുനബിﷺയുടെ പ്രബോധന ജീവിതത്തിന് മുമ്പുള്ള അനുഭവങ്ങൾ കൂടി അദ്ദേഹത്തിന് പങ്കുവെക്കാനുണ്ട്. അത്തരം ഒരു അധ്യായത്തിന്റെ ഭാഗമാണ് ഇപ്പോൾ നാം വായിച്ചത്.
