
മഹാനായ അനസ്(റ) പറഞ്ഞതായി ഇബ്നു ശാദാൻ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ചെരുപ്പുകൾക്ക് രണ്ട് വാറുകളുണ്ടായിരുന്നു. ഒരിക്കൽ അത് കേട് വന്നപ്പോൾ ആദ്യമായി വാറ് വച്ച് കൊടുത്തത് ഉസ്മാൻ ബിൻ അഫ്ഫാനാ(റ)യിരുന്നു. ഓരോ വാറുകളും രണ്ട് ചരടുകൾ വീതം മടഞ്ഞുണ്ടാക്കിയതായിരുന്നു എന്ന് നാം വായിച്ചു പോയിട്ടുണ്ട്.
ഹാരിസ് ബിൻ ഉസാമ(റ) ഹുമൈദി(റ)ൽ നിന്നും ഉദ്ധരിക്കുന്നു. പശുവിന്റെ തോല് കൊണ്ടുണ്ടാക്കിയ രണ്ടു ചെരുപ്പുകൾ തിരുനബിﷺക്കുണ്ടായിരുന്നു എന്ന് ഗ്രാമീണനായ അറബി പറയുന്നത് ഞാൻ കേട്ടു.
അബുൽ ഹസൻ ഇബ്നു ളഹ്ഹാക്(റ) ഇസ്മാഈൽ ബിൻ ഉമയ്യ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്തു. തിരുനബിﷺയുടെ ചെരുപ്പുകൾ മധ്യഭാഗം വീതി കുറഞ്ഞതും അല്പം ഹീലുള്ളതുമായിരുന്നു; സബതയിൽ നിർമ്മിച്ചതും രണ്ട് വള്ളികളുള്ളതുമായിരുന്നു.
മാടിന്റെ തോലുകൾ കൊണ്ട് കഷ്ണം വച്ചു തുന്നിയ രണ്ടു ചെരുപ്പുകളായിരുന്നു തിരുനബിﷺക്ക് ഉണ്ടായിരുന്നത് എന്ന് അബൂദറ്(റ) പറയുന്നുണ്ട്.
ഇമാം അഹ്‌മദ് അസ്സുഹ്ദ്(റ) പറയുന്നു. തിരുനബിﷺയുടെ ചെരുപ്പിൽ നിന്ന് ഏതെങ്കിലും ഒരു ഭാഗം ഇളകി ഉയർന്നു നിൽക്കുന്നത് തിരുനബിﷺക്ക് ഇഷ്ടമായിരുന്നില്ല. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ ചെരുപ്പ് ധരിക്കുമ്പോൾ വലതുകാലിലേത് ആദ്യമണിയുകയും ഇടതുകാലിലേത് ആദ്യം അഴിക്കുകയും ചെയ്യുമായിരുന്നു.
ഏതു നല്ല കാര്യത്തിലും വലതു കൊണ്ട് ആരംഭിക്കുകയും അങ്ങനെ ആകണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നത് തിരുനബിﷺയുടെ ജീവിത രീതിയായിരുന്നു. വിശ്വാസികൾ സ്വീകരിക്കേണ്ട ചിട്ടയായി അവിടുന്ന് അപ്രകാരം പഠിപ്പിച്ചിട്ടുണ്ട്.
ഇബ്നു സഅദ്(റ) നള്ർ(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ചെരുപ്പുകളുടെ വാർ ഒരിക്കൽ പൊട്ടിപ്പോയി. ഒരാൾ അതിന് പുതിയ വാറുകൾ ചേർത്ത് തുന്നി വെച്ചു. നിസ്കാരത്തിനിടയിൽ തിരുനബിﷺയുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞു. നിസ്കാരാനന്തരം തിരുനബിﷺ സ്വഹാബിയെ വിളിച്ചു. പഴയ വാറുകൾ തന്നെ തുന്നി വെക്കാൻ വേണ്ടി പറഞ്ഞു. എന്തുകൊണ്ടാണ് എന്ന് അന്വേഷിച്ചപ്പോൾ, നിസ്കാരത്തിൽ എന്റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞതുകൊണ്ട് ഞാൻ അതിൽ താല്പര്യം വെക്കുന്നില്ല എന്നറിയിച്ചു.
തിരുനബിﷺ ഇരുന്നും നിന്നും ചെരുപ്പ് ധരിക്കാറുണ്ടായിരുന്നു എന്ന് ബീവി ആഇശ(റ) പറഞ്ഞതായി ഇബ്നു സഅദ് (റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺയുടെ ചെരുപ്പും വെള്ളപ്പാത്രവും സംരക്ഷിച്ചുകൊണ്ട് നടക്കുന്നത് അനസ് ബിൻ മാലിക്(റ) ആയിരുന്നുവത്രെ. ഇബ്നു സഅദ്(റ) തന്നെ ഇക്കാര്യവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിരുനബിﷺയുടെ ചെരുപ്പോ അതിന്റെ ശൈലിയോ മാത്രമല്ലല്ലോ നാം വായിച്ചു വരുന്നത്. അവിടുന്ന് അവ എങ്ങനെയായിരുന്നു ധരിച്ചിരുന്നത്? ഇരുന്നാണോ നിന്നാണോ അവിടുന്ന് അണിഞ്ഞിരുന്നത്? ഏതൊക്കെ വസ്തുക്കൾ കൊണ്ടുള്ള ചെരുപ്പുകളാണ് ഉപയോഗിച്ചിരുന്നത്? തുടങ്ങി എത്ര ഗഹനമായ പാരായണങ്ങളാണ് ഈ അധ്യായത്തിൽ നാം കാണുന്നത്.
തിരുനബിﷺയുടെ ജീവിതം ആഖ്യാനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കുമപ്പുറം പ്രാഥമികമായ ഒരു വായന പോലും നിർവഹിച്ചു പൂർത്തിയാക്കാൻ ആവുന്നില്ല എന്ന അവസ്ഥയാണ് ഓരോ പഠിതാവിനും ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഉള്ളതുപറഞ്ഞു മതിയായിട്ടു വേണമല്ലോ അതിനപ്പുറം ചില വർണ്ണനകളും അലങ്കാരങ്ങളും ചേർക്കാൻ.
