
തിരുനബിﷺ ഉപയോഗിച്ച വസ്ത്രങ്ങളും അവിടുത്തെ വസ്ത്രധാരണ രീതിയും സംബന്ധിച്ച ലളിതമായ ഒരു വായനയാണ് ഇനി നാം നിർവഹിക്കുന്നത്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം തിർമിദി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്നു. നബിﷺ ഖമീസ് ധരിക്കാൻ ഉദ്ദേശിച്ചാൽ വലതുഭാഗം കൊണ്ട് ആരംഭിക്കുമായിരുന്നു.
വലതിനെ മുന്തിക്കുക എന്നത് നബി ജീവിതത്തിൽ സുപ്രധാനമായ ഒരു രീതിയായിരുന്നു എന്ന് നാം പലപ്രാവശ്യം വായിച്ചു കഴിഞ്ഞു. വസ്ത്രം ധരിക്കുമ്പോഴും വലതു കൈ ആദ്യം ഖമീസിലേക്ക് പ്രവേശിപ്പിക്കുകയും വലതുഭാഗം കൊണ്ട് തുടങ്ങുകയും ചെയ്യുന്നത് അതിന്റെ കൂടി ഭാഗമാണ്.
തിരുനബിﷺ പുതുവസ്ത്രം ധരിക്കുകയാണെങ്കിൽ വെള്ളിയാഴ്ച ആയിരിക്കും അതിനു തെരഞ്ഞെടുക്കുക. അനസ് ബിൻ മാലിക്(റ) പറഞ്ഞതായി ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു.
അലിയ്യി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബൂ യഅ്ല(റ)യും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ വസ്ത്രം ധരിക്കുന്ന സമയത്ത് ഇപ്രകാരം പറയാറുണ്ടായിരുന്നു. “അൽഹംദുലില്ലാഹി അല്ലദീ റസഖനീ മിനറയ്യാശി മാ അതാജമ്മലു ബിഹി അന്നാസ് വ ഉവാരീ ബിഹി ഔറതീ….” (ജനങ്ങൾക്കിടയിൽ ഭംഗിയായി രംഗപ്രവേശനം ചെയ്യാനുള്ള വസ്ത്രം ധരിക്കാനും മാന്യത മറക്കാനും അനുഗ്രഹം ചെയ്ത അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും.) ഈ പ്രാർഥന പുതിയ വസ്ത്രം ധരിക്കുമ്പോഴായിരുന്നു ചൊല്ലിയത് എന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.
ജാബിർ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ പുതുവസ്ത്രമണിഞ്ഞാൽ സവിശേഷമായ ഒരു പ്രാർഥന ചൊല്ലുമായിരുന്നു. ആശയം ഇപ്രകാരമാണ്. എന്റെ മാനം മറക്കാനും അടിമകൾക്കിടയിൽ ഭംഗിയാവാനും പറ്റുന്ന വസ്ത്രം തന്നവനെ, നിനക്കാകുന്നു സർവ്വ സ്തുതിയും.
ഇമാം അഹ്മദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്നു. ഒരു ദിവസം കഴുകി വൃത്തിയാക്കിയ വെള്ള വസ്ത്രവും അണിഞ്ഞ് ഉമർ(റ) കടന്നുവന്നു. ദൃഷ്ടിയിൽപ്പെട്ട ഉടനെ നബിﷺ ചോദിച്ചു. അല്ല ഉമറേ(റ), ഇത് പുതിയ വസ്ത്രമാണോ? അതല്ല, കഴുകിയ വസ്ത്രമാണോ? അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഇത് പുതിയതല്ല കഴുകി വൃത്തിയാക്കിയതാണ്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. സ്തുത്യർഹമായി ജീവിക്കുക, പുതുവസ്ത്രങ്ങൾ ധരിക്കുക, ശഹീദായി ഈ ലോകത്തോട് വിട പറയുക. അല്ലാഹു ഇരുലോകത്തും നിങ്ങൾക്ക് ആനന്ദം പ്രദാനം ചെയ്യട്ടെ!
തിരുനബിﷺക്ക് എപ്പോഴും വൃത്തിയും വെടിപ്പും വലിയ താല്പര്യമായിരുന്നു. അത് പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിൽ പുലർത്തുകയും ചെയ്തു. ഇസ്ലാമിന്റെ ചിട്ടയും മനോഗതിയും ഒരാളിലുണ്ടായാൽ പൂർണ്ണമായ ജീവിതവും സന്തോഷകരമായ വിയോഗവും ലഭിക്കും. അത് ഈ ലോകത്തും പരലോകത്തും ജയിക്കാൻ നിമിത്തമാവുകയും ചെയ്യും. വ്യത്യസ്ത സന്ദർഭങ്ങളോട് ചേർത്തുവച്ചുകൊണ്ടാണ് തിരുനബിﷺ ഈ സന്ദേശം കൈമാറിയത്. ഇവിടെ ഉമറി(റ)ന്റെ വസ്ത്രധാരണത്തിൽ ചൂണ്ടി കൊണ്ടായിരുന്നു ഹൃദയഹാരിയും അർത്ഥപൂർണ്ണവുമായ ഈ സന്ദേശം പകർന്നു നൽകിയത്. ഉമറി(റ)നെ അത് സ്വാധീനിക്കുകയും പിൽക്കാല ജീവിതത്തിൽ അത് പുലരുകയും ചെയ്തു എന്നാണ് ചരിത്രം നമ്മോട് പങ്കുവെക്കുന്നത്.
എന്തിനെയും ഏതിനെയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് ചേർത്തു വെക്കണമെന്നു ഒഴിച്ചുകൂടാത്ത ഒരു വ്രതം പോലെ തിരുനബിﷺ പുലർത്തിയിരുന്നു. അതുകൊണ്ടാണ് വസ്ത്രം അണിയുമ്പോഴും പുതുവസ്ത്രം ലഭിക്കുമ്പോഴും അന്നപാനാദികൾക്ക് ശേഷവും അല്ലാഹുവിനെ സ്തുതിക്കുന്ന പ്രത്യേകമായ വാചകം അൽഹംദുലില്ലാഹ് പതിവാക്കണമെന്ന് തിരുനബിﷺ പഠിപ്പിച്ചത്. അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും അത് നമുക്ക് ഔദാര്യം ചെയ്ത അല്ലാഹുവിനെ സ്തുതിക്കാനും നിരന്തരമായ വികാരം ഓരോ വിശ്വാസിയിലുമുണ്ടാകണം.
