Tweet 842

    Tweet 842
    October 3, 2024 • Thursday
    Post Header

    ഇബ്നു സമൽ(റ) അബ്ദുല്ലാഹി(റ)യിൽ നിന്നും ഉദ്ധരിക്കുന്നു. പ്രഭാത നിസ്കാരം കഴിഞ്ഞാൽ തിരുനബിﷺ ചമ്രം പടിഞ്ഞിരിക്കും. സുബ്ഹാനല്ലാഹി വബിഹംദിഹി എന്നു തുടങ്ങുന്ന പ്രത്യേക പ്രാർത്ഥന ചൊല്ലും. ആശയം ഇപ്രകാരമാണ്. അല്ലാഹുവേ നിന്നെ സ്തുതിക്കുകയും നിന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുന്നു. അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു. അവൻ കാരുണ്യവാനും പാപം പൊറുത്തു തരുന്നവനുമാണ്. 70 വട്ടം. 70 മുതൽ 700 വട്ടം വരെ. ഒരു ദിവസം 700ൽ പരം പാപങ്ങൾ ചെയ്യുന്നവനിൽ എന്ത് നന്മ ഉണ്ടാവാനാണ്?
    പ്രസ്തുത പ്രാർത്ഥനയ്ക്ക് ശേഷം പ്രവാചകൻﷺ ജനങ്ങൾക്ക് അഭിമുഖമായി ഇരിക്കും. സ്വപ്നം അവിടുത്തേക്ക് താല്പര്യമുള്ള കാര്യമായിരുന്നു. അവിടുന്ന് ചോദിക്കും. അല്ല, നിങ്ങൾ ആരെങ്കിലും എന്തെങ്കിലും ദർശിച്ചിട്ടുണ്ടോ? ഇബ്നു സിമ്ല്(റ) പറയുന്നു. ഞാൻ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേﷺ ഞാനൊരു സ്വപ്നം കണ്ടിട്ടുണ്ട്. പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്ക് നന്മ നൽകുന്നതും വിപത്ത് തടയുന്നതും ആയിരിക്കട്ടെ ആ സ്വപ്നം. നമുക്ക് നന്മയും എതിരാളികൾക്ക് നാശവുമായിരിക്കട്ടെ! സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. നിങ്ങൾ കണ്ടത് പറയൂ. ഞാൻ പറഞ്ഞു തുടങ്ങി.
    എല്ലാ ജനങ്ങളും വിശാലമായ ഒരു പ്രധാന പാതയിലൂടെ സഞ്ചരിക്കുന്നു. അങ്ങനെയിരിക്കെ വിശാലവും ഹരിതാഭവുമായ ഒരു പുൽമേട്. ഇതുവരെയും കണ്ടിട്ടില്ലാത്ത വിധം മനോഹരം. ജലധാരകൾ ഇങ്ങനെ വീണുകൊണ്ടിരിക്കുന്നു. വിവിധയിനം ചെടികളും സസ്യങ്ങളുമുണ്ട് അവിടെ. അങ്ങനെയിരിക്കെ ആദ്യ സംഘം അങ്ങോട്ടെത്തി. അവർ തക്ബീർ മുഴക്കി. അവർ അവരുടെ വാഹനങ്ങളെ അവിടെ നിർത്തി. നാൽക്കാലികളെ മേയാൻ വിടുകയും സംഘത്തിലുള്ളവർ വിവിധയിനം ചെടികൾ പറിച്ചെടുക്കാനും തുടങ്ങി. അവർ അങ്ങനെ തുടർന്നുകൊണ്ടിരിക്കെ ഒരു വലിയ സംഘം അവിടെ എത്തിച്ചേർന്നു. അവരും ഈ പുൽമേട് കണ്ടപ്പോൾ തക്ബീർ മുഴക്കി. ഇതാണ് ഇറങ്ങി താമസിക്കാൻ പറ്റുന്ന ഏറ്റവും നല്ലസ്ഥലം എന്നു പറഞ്ഞു. സംഘത്തിലുള്ളവർ നാലുപാടും ഇറങ്ങി പലതും സമാഹരിക്കാൻ തുടങ്ങി.
    ഞാനപ്പോൾ തന്നെ എന്റെ വഴിയിൽ യാത്ര തുടർന്നു. പുൽമേടിന്റെ അങ്ങേയറ്റത്തെത്തി. അല്ലയോ പ്രവാചകരേﷺ, അപ്പോൾ അവിടുന്ന് അവിടെ ഉണ്ടായിരുന്നു. ഏഴ് പടവുകളുടെ ഒരു മിമ്പറിന്റെ ഏഴാമത്തെ പടവിലായിരുന്നു അവിടുന്ന് ഉണ്ടായിരുന്നത്. അപ്പോൾ അവിടുത്തെ വലതുഭാഗത്ത് നാസിക അല്പം ഉയർന്ന അല്പം ഇരു നിറത്തിലുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹം സംസാരിക്കുന്ന നേരത്ത് മറ്റുള്ളവരെക്കാൾ ഉയർന്നു കാണപ്പെടുമായിരുന്നു. ഇടതുഭാഗത്ത് ചുവപ്പു കലർന്ന വെളുപ്പ് നിറമുള്ള മധ്യകായനായ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചില വരകളും മറ്റും ഉണ്ടായിരുന്നു. മുടിയിൽ നിന്ന് വെള്ളം ഇറ്റു വീഴുന്നത് പോലെയാണ് കാണപ്പെട്ടിരുന്നത്. അദ്ദേഹം സംസാരിച്ചാൽ ആദരപൂർവ്വം നിങ്ങൾ കേൾക്കുമായിരുന്നു. അവിടുത്തെ മുൻഭാഗത്ത് ഒരു മധ്യവയസ്കനായ മനുഷ്യൻ. തങ്ങളോട് അടുത്തു സാദൃശ്യമുള്ള ആളായിരുന്നു. മറ്റുള്ളവരെല്ലാം അദ്ദേഹത്തെ ലക്ഷ്യം വച്ചു നീങ്ങുന്നുണ്ടായിരുന്നു. അവിടെ മുന്നിൽ ക്ഷീണിച്ച ഒരു പെണ്ണ് ഒട്ടകം ഉണ്ടായിരുന്നു. തങ്ങൾ അടുത്തിരുന്നപ്പോഴേക്കും അതിന് ഒരു ഉണർവ് വന്നതുപോലെ.
    ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ തിരുനബിﷺ വിശദീകരണം ആരംഭിച്ചു. നിങ്ങൾ കണ്ട വിശാലമായ ആ വഴി ഞാൻ നിങ്ങൾക്ക് അവതരിപ്പിച്ചു തന്ന നേരായ മാർഗ്ഗമാണ്. നിങ്ങൾക്കിടയിൽ വച്ച് കണ്ട ആ ഉദ്യാനവും പുൽമേടും ആനന്ദപൂർണ്ണമായ ഈ ഭൗതിക ലോകമാണ്. അതിലെ ആഡംബരങ്ങളും ചേർന്നിരിക്കുന്നു.
    ഞാനും എന്റെ അനുചരന്മാരും ഈ ദുനിയാവിനോട് അങ്ങോട്ട് ആർത്തി കാണിക്കുകയോ ദുനിയാവിനെ അത്യാർത്തിയോടെ ഞങ്ങൾ സ്വീകരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് അങ്ങോട്ട് ഞങ്ങൾ ഒരു മികച്ച ബന്ധമോ ഇങ്ങോട്ട് ദുനിയാവ് ഞങ്ങളോട് മികച്ച ബന്ധമോ പാലിച്ചില്ല. ഞങ്ങൾക്ക് ശേഷം ഒരു സംഘം വന്നു. അവന്റെ ആനന്ദങ്ങൾ വ്യാപരിച്ചു. അവർ അതിൽ വിജയം കണ്ടെത്തി. പിന്നെ ഒരു സംഘം വരികയും അവർ ഈ ഉദ്യാനത്തിൽ നാലു ഭാഗത്തേക്കും തിരിയുകയും ചെയ്തു. ഇന്നാലില്ലാഹ്!
    നിവേദകനായ സ്വഹാബിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നിങ്ങൾ അവിടെ ശരിയായ മാർഗമാണ് സ്വീകരിച്ചത്. നിങ്ങളെന്റെ വലതുഭാഗത്ത് കണ്ടത് മൂസാ പ്രവാചകനെ(അ)യാണ്. അദ്ദേഹം അല്ലാഹുവിനോട് സംഭാഷണം നടത്തിയ ആളായതുകൊണ്ട് തന്നെ അദ്ദേഹം സംസാരിക്കാൻ നിന്നാൽ ആളുകൾ ഏറെ ആകൃഷ്ടരാകുമായിരുന്നു. എന്റെ ഇടതുഭാഗത്ത് നിങ്ങൾ കണ്ടത് മറിയമിന്റെ മകൻ ഈസാ പ്രവാചകനെ(അ)യാണ്. എന്നോട് സാദൃശ്യത്തിൽ കണ്ട വയോധികനായ മനുഷ്യൻ എന്റെ പിതാവ് കൂടിയായ പ്രവാചകന്‍ ഇബ്രാഹീം(അ) ആണ്. അവരെയാണല്ലോ നാം നേതാവാക്കുകയും അനുകരിക്കുകയും ചെയ്യുന്നത്. പിന്നീട് നിങ്ങൾ കണ്ട ആ പെണ്ണ് ഒട്ടകം നമ്മുടെ സംഭവിക്കാനിരിക്കുന്ന അന്ത്യനാളിന്റെ സൂചനയാണ്. എനിക്ക് ശേഷം ഒരു നബിയോ എന്റെ സമുദായത്തിന് ശേഷം ഒരു സമുദായമോ ഇല്ല. അതുകൊണ്ട് അന്ത്യനാളിനോട് അടുത്തു എന്ന അർത്ഥത്തിലാണ് അതിന്റെ ഉണർവ് കാണാനിടയായത്.
    ഒരു സ്വപ്നത്തിന് തിരുനബിﷺ തങ്ങൾ നൽകിയ വിശദമായ വിശദീകരണമാണ് നാം വായിച്ചത്. വ്യാഖ്യാന തലങ്ങൾ എത്തിച്ചേരുന്ന വിശാലമായ ആശയങ്ങളെ കൂടി ഇത് സൂചിപ്പിക്കുന്നുണ്ട്. ഇവ്വിധം വ്യാഖ്യാനിക്കണമെങ്കിൽ ആത്മീയമായ നേത്രങ്ങൾ തന്നെ അനിവാര്യമാണല്ലോ.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...