Tweet 843

    Tweet 843
    October 4, 2024 • Friday
    Post Header

    അഹ്‌മദ്‌ ബിൻ മനീഅ്(റ) അബൂ ഉമാമ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതായി ദർശിച്ചു. അപ്പോൾ എന്റെ മുന്നിൽ ഒരു ശബ്ദം കേൾക്കാൻ ഇടയായി. ഞാൻ ചോദിച്ചു. അതെന്താണ്? അത് ബിലാൽ(റ) ആണ് എന്ന് ഉത്തരം ലഭിച്ചു. ഞാൻ സ്വർഗ്ഗത്തിന്റെ ഉന്നതവിതാനങ്ങളിലേക്ക് നോക്കി. പാവപ്പെട്ട മുഹാജിറുകളും മുസ്‌ലിംകളിൽ അടിമകളായി ജീവിച്ചവരെയുമാണ് ഞാൻ കണ്ടത്. സമ്പന്നരെയും സ്ത്രീകളെയും അവിടെ കാണാൻ കഴിഞ്ഞില്ല. ഞാൻ ചോദിച്ചു. എന്തേ ധനികരെയും സ്ത്രീകളെയും ഒട്ടും കാണാനില്ലല്ലോ? സ്വർണവും പട്ടും സ്ത്രീകളെ ആത്മീയ കാര്യങ്ങളിൽ നിന്ന് അശ്രദ്ധരാക്കിയിരിക്കുന്നു. ധനികരാണെങ്കിൽ ഇതാ ഇവിടെ കവാടത്തിൽ കണക്കുകൾ ബോധിപ്പിക്കുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു. തിരുനബിﷺ തുടരുന്നു. ഞാൻ സ്വർഗ്ഗത്തിലെ എട്ടു കവാടങ്ങളിലൂടെയും പ്രവേശിച്ചു. അപ്പോൾ തുലാസ്സ് കൊണ്ടുവന്നു. അതിൽ ഒരു ഭാഗത്ത് എന്നെ നിർത്തി. മറുഭാഗത്ത് സമുദായത്തെ മുഴുവനും. എന്റെ ഭാഗമായിരുന്നു ഭാരം ഏറി നിന്നത്. തുടർന്ന് അബൂബക്കറി(റ)നെ ഒരു തട്ടിലും സമുദായത്തെ മറ്റൊരു തട്ടിലും നിർത്തി. അബൂബക്കറി(റ)ന്റെ ഭാഗമാണ് ഭാരം തൂങ്ങിയത്. ശേഷം, ഉമറി(റ)നെയും അപ്രകാരം നിർത്തി. ഉമറി(റ)ന്റെ ഭാഗം ഭാരമേറി നിന്നു. പിന്നീട് എന്റെ സമുദായത്തിലെ ആളുകൾ സംഘം സംഘങ്ങളായി എന്റെ അടുക്കലേക്ക് വന്നു. അബ്ദുറഹ്മാൻ ബിനു ഔഫ്(റ) വളരെ വൈകിയാണ് വന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ വളരെ കടമ്പകൾ കഴിഞ്ഞാണ് ഇങ്ങോട്ട് എത്തിയത്. ഞാൻ ചോദിച്ചു. എന്തേ അങ്ങനെ? എന്റെ സമ്പത്തിന്റെ ആധിക്യകൊണ്ട് അതിന്റെ മുഴുവനും കണക്ക് അവതരിപ്പിക്കാനും വിചാരണ ചെയ്യപ്പെടാനുമാണ് വൈകിയത്.
    നബിﷺയുടെ ഈ അവതരണത്തിൽ നിന്ന് പല പാഠങ്ങളും നമുക്ക് മനസ്സിലാക്കാൻ ഉണ്ട്. എല്ലാ മനുഷ്യർക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ വിചാരണ ചെയ്യപ്പെടും. കൂടുതൽ അനുഗ്രഹങ്ങൾ ലഭിച്ചവർ ലഭിച്ചതിന്റെ കണക്ക് കാര്യങ്ങൾ ബോധിപ്പിക്കേണ്ടിവരും. ഈ ലോകത്ത് കുറച്ച് അനുഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചവർക്ക് പരലോകത്ത് കുറഞ്ഞ വിചാരണയേ നേരിടേണ്ടി വരികയുള്ളൂ. ഈ ലോകത്തെ അനുഗ്രഹങ്ങൾക്ക് വേണ്ടിയുള്ള ആർത്തിയും ലഭിച്ച അനുഗ്രഹങ്ങൾ വച്ചുകൊണ്ടുള്ള ദുർവ്യയവും മതം നിരുൽസാഹപ്പെടുത്തുന്നതിന്റെ താല്പര്യം ഇതാണ്. അനുഗ്രഹങ്ങൾ വിചാരണ ചെയ്യപ്പെടും എന്ന ആത്മീയ വിചാരം സൂക്ഷ്മമായ വിനിയോഗത്തിന് കാരണമാകും. സമ്പത്തുകൊണ്ട് പാലിക്കേണ്ട ചിട്ടകളും അവകാശികൾക്ക് നൽകാനുള്ള ജാഗ്രതയും വർദ്ധിപ്പിക്കും. സമ്പത്തിന്റെ സമഗ്രമായ വിനിയോഗവും നിർമ്മാണപരമായ ക്രയവിക്രയങ്ങളും സാധ്യമാക്കാനുള്ള ചിന്തയാണ് ഇതുവഴി രൂപപ്പെടുന്നത്.
    ഇബ്നു ഉമറി(റ)ൽ നിന്ന് അബ്ദു ബിൻ ഹുമൈദ്(റ) ഉദ്ധരിക്കുന്നു. ഒരു പ്രഭാതത്തിൽ പുറത്തേക്ക് വന്ന തിരുനബിﷺ പറഞ്ഞു. എനിക്ക് മഖാലീദുകളും അഥവാ അനുഗ്രഹങ്ങളുടെ താക്കോലുകളും മവാസിനുകളും അഥവാ കർമ്മങ്ങൾ തൂക്കപ്പെടുന്ന തുലാസ്സുകളും നൽകപ്പെട്ടതായി ഞാൻ ദർശിച്ചു. തുലാസിന്റെ ഒരു തട്ടിൽ ഞാൻ നിർത്തപ്പെട്ടു. മറുഭാഗത്ത് സമുദായത്തെയും. എന്റെ ഭാഗമാണ് മികച്ചു നിന്നത്. അബൂബക്കറി(റ)നെയും ഉമറി(റ)നെയും ഉസ്മാനെ(റ)യും ക്രമപ്രകാരം ഒരു ഭാഗത്ത് നിർത്തുകയും, അപ്പോഴെല്ലാം മറുഭാഗത്ത് സമുദായത്തെ നിർത്തുകയും ചെയ്തു. ഈ മൂന്നുപേരുടെയും ഭാഗം ഓരോ സമയത്തും മികച്ചു നിന്നു. ഇത്രയും ആയപ്പോഴേക്കും ഞാൻ ഉണരുകയും തുലാസ്സ് ഉയർത്തപ്പെടുകയും ചെയ്തു.
    തിരുനബിﷺയുടെയും ഇഷ്ട സഹചാരികളായ ഖലീഫമാരുടെയും സ്ഥാനവും മഹത്വവും അവതരിപ്പിക്കുന്ന ഒരാഖ്യാനമാണിത്. ഒരു ഭാഗത്ത് സമുദായം മുഴുവനും നിൽക്കുമ്പോഴും ഇപ്പുറത്തുനിന്ന് അവരെ മുഴുവനും വഹിക്കാൻ മാത്രം മഹത്വവും ശ്രേഷ്ഠതയും ഉള്ളവരാണ് നബിﷺയും ഖലീഫമാരും എന്ന സൂചനയാണ് ഇത് നൽകുന്നത്. സ്വപ്നത്തിൽ ദർശിക്കുന്ന രംഗത്തിനപ്പുറം സൂചനകൾ നൽകുന്ന നിർദ്ദേശങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് നാം വായിച്ചു കഴിഞ്ഞല്ലോ.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...