Tweet 840

    Tweet 840
    October 1, 2024 • Tuesday
    Post Header

    സ്വപ്നദർശനങ്ങളുടെ അധ്യായത്തിലെ രണ്ടാമത്തെ വിഭാഗമാണ് മുബശ്ശിറാത്തുകൾ. ഇമാം അഹ്മദും(റ) ബസാറും(റ) പ്രമുഖരായ പല സ്വഹാബികളിൽ നിന്നും ഉദ്ധരിക്കുന്നു. പ്രവാചകൻﷺ പറഞ്ഞു. പ്രവാചകത്വം അഥവാ ദൂതന്മാരെ നിയോഗിക്കൽ അഥവാ രിസാലത്തും അവസാനിച്ചു. എനിക്കുശേഷം ഇനി ഒരു നബിയോ റസൂലോ വരാനില്ല. എന്നാൽ മുബശ്ശിറാത്തുകൾ ബാക്കിയുണ്ട്. സ്വഹാബികൾ ചോദിച്ചു എന്താണത്. സദ്’വൃത്തനായ ഒരാൾ കാണുന്ന നല്ല സ്വപ്നമാണത്.
    സജ്ജനങ്ങൾക്ക് ലഭിക്കുന്ന ശുഭകരമായ സ്വപ്നദർശനങ്ങൾ സുവിശേഷങ്ങളും ശുഭപ്രതീക്ഷകളും നല്ല സന്ദേശങ്ങളും കൈമാറും എന്നാണ് പറഞ്ഞതിന്റെ താല്പര്യം. പ്രവാചകന്മാർ അല്ലാഹുവിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിച്ച മാർഗങ്ങളിൽ ഇന്ന് അവശേഷിക്കുന്ന മാർഗവും ഇതാണ്. പ്രവാചകന്മാർക്ക് ലഭിച്ചിരുന്ന സ്വപ്നങ്ങൾ പകൽ പുലരും പോലെ പുലരുമായിരുന്നു. തിരുനബിﷺയുടെ നാല്പതാം വയസ്സിലെ പ്രവാചകത്വ പ്രഖ്യാപനത്തിനു മുന്നോടിയായി ശുഭകരമായ സ്വപ്നങ്ങളുടെ ഒരു കാലമുണ്ടായിരുന്നു. പ്രഭാതം വിടരും പോലെ അവിടുന്ന് സ്വപ്നത്തിൽ കണ്ടതൊക്കെ പുലരുമായിരുന്നു എന്ന് ഹദീസിൽ നാം വായിച്ചിട്ടുണ്ട്.
    ഒരു സദ്’വൃത്തനായ മനുഷ്യനിൽ നിന്ന് കാണപ്പെടുന്ന സ്വപ്നങ്ങളും ശുഭകരമാണ് എന്നൊരു അനുബന്ധം കൂടി മേൽ നിവേദനത്തിനുണ്ട്. സജ്ജനങ്ങളിൽ പെട്ട ഒരാൾ കാണുന്ന സ്വപ്നവും അയാളിലൂടെ കാണപ്പെടുന്ന സ്വപ്നത്തിനും മൂല്യമുണ്ട് എന്നാണ് പറഞ്ഞതിന്റെ താല്പര്യം.
    സ്വപ്നദർശനം ഇത്രമേൽ പ്രാധാന്യമുള്ള കാര്യമായത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ കളവു പറയുന്നതും ഗുരുതരമാണ്. വാസിലത് ബിൻ അസ്‌ഖഇ(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ഇബിനു അബീശൈബയും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ പറയാത്തത് എന്നെ ചേർത്തു പറയുന്നയാൾ ഗുരുതരമായ കളവു പറയുന്നവനാണ്. സ്വപ്നത്തിൽ ദർശനം ലഭിക്കാത്തത് സ്വപ്നദർശനം ലഭിച്ചു എന്ന് പറയുന്നവനും തന്റെ പിതാവ് അല്ലാത്ത മറ്റൊരാളെ പിതാവാണെന്ന് ആരോപിക്കുന്നവനും ഒരുപോലെയാണ്.
    സ്വപ്നദർശനത്തിൽ അത് കണ്ടയാൾ മാത്രമാണ് പ്രമാണം എന്നത് വളരെ ഗൗരവകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഉദ്ധരിക്കുന്ന ആൾ കൂടുതൽ സത്യസന്ധത പാലിക്കേണ്ട കാര്യമാണിത്.
    അനിഷ്ടകരമായ സ്വപ്നങ്ങളോട് എങ്ങനെയാണ് സമീപിക്കേണ്ടത് എന്നും തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു. നിങ്ങൾ ആരെങ്കിലും അനിഷ്ടകരമായ സ്വപ്നം കണ്ടാൽ ഇടതുഭാഗത്ത് നിന്ന് തിരിയട്ടെ. എന്നിട്ട് അല്ലാഹുവോട് സ്വപ്നത്തിൽ നിന്നുള്ള നന്മയ്ക്കു വേണ്ടി പ്രാർഥിക്കുകയും തിന്മയിൽ നിന്ന് കാവൽ ചോദിക്കുകയും ചെയ്യട്ടെ.
    അടിസ്ഥാനപരമായി നൽകുന്നവനും നൽകാതിരിക്കുന്നവനും പരമാധികാരിയായ അല്ലാഹുവാണെന്ന ബോധം ഉണ്ടായിരിക്കണം. ആ വിശ്വാസത്തെയും വിചാരത്തെയും കൂട്ടുപിടിച്ചു കൊണ്ടാണ് എപ്പോഴും പ്രവർത്തിക്കേണ്ടത്. സ്വപ്നത്തിൽ കണ്ടു എന്ന് കരുതി സംഭവിച്ചുകൊള്ളും എന്ന തീർപ്പിലേക്ക് എത്തുന്നതിന്റെ അടിസ്ഥാന വിചാരങ്ങളാണ് ഇതുവഴി നമ്മെ ബോധ്യപ്പെടുത്തുന്നത്.
    സ്വപ്നത്തിൽ കാണുന്ന പലതും വ്യാഖ്യാനിക്കപ്പെടേണ്ടതായിരിക്കും. അതിന്റെ നാമങ്ങളും സൂചകങ്ങളും മറ്റു ചില ആശയങ്ങളെയും സാരങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കും. സാലിം എന്ന പേരുള്ള ഒരാളെ കണ്ടാൽ ചിലപ്പോൾ അത് സലാമത്തിനെ സൂചിപ്പിക്കുന്നതായിരിക്കും. ഇതുപോലെ പല സൂചകങ്ങളും സ്വപ്നത്തിൽ അടങ്ങിയിരിക്കുന്നു. ഒന്നാമത് വ്യാഖ്യാനിക്കുന്ന ആളായിരിക്കും അതിന്റെ ശരിയായ പൊരുൾ പറയാൻ ഏറെ സാധ്യതയുള്ളത്.
    സ്വപ്നവ്യാഖ്യാനങ്ങൾ വായിക്കുന്നത് കൊണ്ട് മാത്രം ഒരേ ലക്ഷണങ്ങൾ എപ്പോഴും ഒരേ ആശയത്തെ സൂചിപ്പിച്ചു കൊള്ളണമെന്നില്ല. വ്യക്തിയെയും പരിസരത്തെയുമൊക്കെ ആശ്രയിച്ച് വ്യത്യാസങ്ങൾ വരാം. ആധ്യാത്മികമായ ഉയർച്ചയുള്ളവർ പറയുമ്പോഴായിരിക്കും അതിന്റെ ശരിയായ വ്യാഖ്യാനങ്ങളിലേക്ക് എത്താൻ കൂടുതൽ സാധ്യത ഉണ്ടാവുക. സ്വപ്നവ്യാഖ്യാന ഗ്രന്ഥങ്ങളിൽ ഏറെ പ്രസിദ്ധമായത് ഇബ്നു സീരീൻ(റ)വിന്റേതാണല്ലോ! പ്രമുഖനായ പണ്ഡിതനും സ്വഹാബിയായ അനസുബ്നു മാലിക്(റ)ന്റെ ശിഷ്യനുമാണ് അദ്ദേഹം. അത്തരം ഒരു ഉയർന്ന വൈജ്ഞാനിക ആത്മീയ പരിസരത്തു നിന്നു കൊണ്ടാണ് മഹാനവർകളുടെ വ്യാഖ്യാനങ്ങൾ രൂപപ്പെട്ടുവന്നത്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...