Tweet 838

    Tweet 838
    September 29, 2024 • Sunday
    Post Header

    തിരുനബിﷺ ഉറങ്ങാൻ കിടക്കുമ്പോൾ ആലോചിച്ചതും ചൊല്ലിയതുമാണ് ഇതുവരെ നാം വായിച്ചത്. ഉറക്കിൽ നിന്നും ഉണർന്നപ്പോൾ എന്തായിരുന്നു ആലോചിച്ചതും ചൊല്ലിയതുമെന്നാണ് ഇനി നാം പരിചയപ്പെടുന്നത്. പ്രമുഖ സ്വഹാബി ബറാഇ(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ ഉറക്കിൽ നിന്ന് ഉണർന്നാൽ ഇങ്ങനെ ചൊല്ലുമായിരുന്നു. “അൽഹംദുലില്ലാഹി അഹ്യാനീ ബഅ്ദ മാ അമാതനീ വ ഇലൈഹി ന്നുശൂർ” (മരണത്തിനു ശേഷം എന്നെ ജീവിപ്പിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാണല്ലോ മടക്കപ്പെടുന്നതും.)
    ഉണർന്നാലുടനെ ഒരു പോസിറ്റീവ് വിചാരം ഉണർത്തുന്ന മന്ത്രമാണിത്. ഇപ്പോൾ ഉണർന്നു കിട്ടിയത് ഒരു വലിയ അനുഗ്രഹമാണെന്നും ഇനി ഒരുപക്ഷേ മരണപ്പെട്ടു പോയിരുന്നുവെങ്കിലും എത്തിച്ചേരുന്നത് അല്ലാഹുവിലേക്ക് തന്നെയാണെന്നും ഈ മന്ത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു വിശ്വാസിയിൽ എപ്പോഴും നിലനിൽക്കേണ്ട വിചാരം അല്ലാഹുവിനെ കുറിച്ചുള്ളതാണ്. ഈ ലോകത്ത് ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും സ്രഷ്ടാവായ അല്ലാഹുവിന്റെ ഔദാര്യമാണെന്ന ശരിയായ വിചാരം എപ്പോഴും ഒരു അടിമയിൽ ഉണ്ടായിരിക്കണം. അത് കൃത്യമായി നിലനിർത്താൻ പഠിപ്പിക്കുകയായിരുന്നു തിരുനബിﷺ. നമുക്ക് ലഭിച്ച ഇന്നത്തെ ജീവിതം ഒരു മഹാ അനുഗ്രഹമാണെന്ന് വരുമ്പോഴാണല്ലോ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ ചിന്തിക്കുക. സമയം അമൂല്യമാണെന്നും ഏറ്റവും വിലപ്പെട്ട കാര്യങ്ങൾക്ക് വിനിയോഗിക്കണമെന്നും ചിന്തിക്കുന്നവരാണ് ഏറ്റവും വലിയ ബുദ്ധിമാന്മാർ.
    ഉറക്കിൽ നിന്ന് ഉണർന്നാൽ തിരുനബിﷺ ചൊല്ലുമായിരുന്ന മറ്റൊരു മന്ത്രം മഹതി ആഇശ(റ) ഉദ്ധരിക്കുന്നു. ലാഇലാഹ ഇല്ലാ അൻത സുബ്ഹാനക് എന്നാണ് മന്ത്രം ആരംഭിക്കുന്നത്. ആശയം ഇപ്രകാരമാണ്. അല്ലാഹുവേ നീയല്ലാതെ ആരാധനക്കർഹനില്ല. നിന്റെ മഹത്വത്തെ ഞാൻ വാഴ്ത്തുന്നു. എന്റെ പാപങ്ങളിൽ നിന്ന് ഞാൻ നിന്നോട് പൊറുക്കൽ തേടുന്നു. നിന്റെ കാരുണ്യത്തെ ഞാൻ അഭ്യർത്ഥിക്കുന്നു. എനിക്ക് വിജ്ഞാനത്തെ നീ അധികരിപ്പിച്ച് തരേണമേ! എന്റെ ഹൃദയം നേർവഴിയിലേക്ക് തിരിച്ച ശേഷം നീ വഴികേടിലാക്കല്ലേ! നിന്റെ കാരുണ്യമായി നീ എനിക്ക് ഔദാര്യം ചെയ്യണമേ! നീ തന്നെയാണല്ലോ എല്ലാ ഔദാര്യവും നൽകുന്നവൻ.
    തിരുനബിﷺക്ക് പ്രഭാത കർമ്മങ്ങൾക്കും മറ്റും വെള്ളം കരുതി കൊടുത്തിരുന്ന പ്രസിദ്ധ സ്വഹാബിയായ റബീഅതു ബിൻ കഅബ് അൽ അസ്ലമി(റ) നിവേദനം ചെയ്യുന്നു. സർവ്വലോക പരിപാലകനായ അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും. നീയാണല്ലോ ഏറ്റവും വലിയ ശക്തവാൻ. അതി ശക്തനായ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുകയും ചെയ്യുന്നു. എന്നീ ആശയങ്ങളുള്ള മന്ത്രങ്ങൾ പ്രഭാതത്തിൽ തിരുനബിﷺ ചൊല്ലുമായിരുന്നു.
    ഇവിടെ പ്രഭാതത്തിൽ പതിവാക്കിയിരുന്ന ചില സവിശേഷമായ പ്രാർഥനകൾ ഉണ്ട്. ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. അസ്‌ബഹ്നാ അലാ ഫിത്റത്തിൽ ഇസ്ലാം….. എന്നു തുടങ്ങുന്ന പ്രാർഥന തിരുനബിﷺ പ്രഭാതത്തിൽ ചൊല്ലാറുണ്ടായിരുന്നു. ഇസ്ലാമിന്റെ നൈർമല്യത്തിലും നിഷ്കളങ്കമായ വചനത്തിലും മുഹമ്മദ് നബിﷺയുടെ മാർഗ്ഗത്തിലും നമ്മുടെ പിതാവായ ഇബ്രാഹിം നബി(അ)യുടെ സരണിയിലും വിധേയപ്പെട്ടും അനുസരിച്ചും നമ്മൾ പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നു. ഞാൻ മുശ്‌രികീങ്ങളിൽ അഥവാ ബഹുദൈവ വിശ്വാസികളിൽ പെട്ട ആളല്ല.
    സ്വന്തം മാർഗ്ഗവും വഴിയും എന്തായിരിക്കണം എന്ന ഒരു കൃത്യമായ ബോധ്യം രാവിലെ തന്നെ ഹൃദയത്തിൽ ഉറപ്പിക്കുക എന്നതായിരിക്കണം ഈ പ്രാർഥനയുടെ പൊരുൾ. ജീവിതത്തിന്റെ വിവിധ വ്യവഹാരങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ശരിയായ വിശ്വാസത്തിൽ നിന്നും ഒരല്പം പോലും മാറിപ്പോകാതിരിക്കാനുള്ള ജാഗ്രത സ്വയം തന്നെ രൂപപ്പെടുത്തുന്നതും ഈ പ്രാർഥനയിൽ നിറഞ്ഞു നിൽക്കുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...