
ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ കിടപ്പറയിലേക്ക് ചെന്നാൽ വിശുദ്ധ ഖുർആനിലെ നൂറ്റിപ്പത്താം അധ്യായം പാരായണം ചെയ്യാതെ ഉറങ്ങുമായിരുന്നില്ല. പ്രവാചക അനുയായി ഖബ്ബാബ്(റ) ആണ് ഈ പ്രസ്താവന ഉദ്ധരിച്ചത്.
അബ്ദുല്ലാഹി ബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഉറങ്ങാൻ ഉദ്ദേശിച്ചാൽ ‘അല്ലാഹുമ്മ ഫാത്വിറസ്സമാവാത്തി….’ എന്നുതുടങ്ങുന്ന സവിശേഷമായ ഒരു പ്രാർഥന നിർവഹിക്കുമായിരുന്നു. പ്രാർഥനയുടെ ആശയം ഇങ്ങനെയായിരുന്നു. ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവേ! രഹസ്യവും പരസ്യവും അറിയുന്നവനേ! എല്ലാവസ്തുക്കളുടേയും സ്രഷ്ടാവും പരിപാലകനുമായവനേ! നീയല്ലാതെ ആരാധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നീ ഏകനാണ്. നിനക്ക് പങ്കുകാരനില്ല. മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മലക്കുകൾ ഇക്കാര്യം സാക്ഷ്യം വഹിക്കുന്നു. പിശാചിൽ നിന്നും അവനെ പങ്കുചേർക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. ഞാൻ ഒരു തെറ്റിലേക്ക് ഭവിക്കുന്നതിൽ നിന്നും ഒരു വിശ്വാസിക്ക് അരുതാത്തതിന് നിമിത്തമാകുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.
അല്ലാഹുവേ നിന്റെ നാമത്തിൽ ഞാനിതാ കിടക്കുന്നു. എന്റെ പാപങ്ങളൊക്കെ നീ പൊറുത്തു തരേണമേ! ഇങ്ങനെ അർഥമുള്ള പ്രാർഥന നിർവഹിച്ചുകൊണ്ടായിരുന്നു തിരുനബിﷺ കിടക്കാറുള്ളത് എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിൽ കാണാം. നിന്റെ ശിക്ഷകളിൽ നിന്ന് കാത്തുരക്ഷിക്കേണമേ എന്ന് അർഥമുള്ള വാചകമായിരുന്നു പ്രയോഗിച്ചിരുന്നത് എന്ന് അനസുബ്നു മാലിക്കും(റ) നിവേദനം ചെയ്യുന്നുണ്ട്.
മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ കിടക്കയിലേക്ക് ചേർന്നാൽ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവേ എല്ലാ നാശങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. വിട്ടുപോകാത്ത വിശപ്പിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു.
മഹാനായ അലിയ്യ്(റ) റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ഒരിക്കൽ ഒരു രാത്രിയിൽ ഞാൻ തിരുനബിﷺയോടൊപ്പം പാർത്തു. നിസ്കാരമൊക്കെ കഴിഞ്ഞ് കിടക്കയിലേക്ക് ചേർന്നപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർഥിക്കുന്നുണ്ടായിരുന്നു. അല്ലാഹുവേ നിന്റെ ശിക്ഷയിൽനിന്ന് നിന്റെ വിട്ടുവീഴ്ച കൊണ്ട് ഞാൻ രക്ഷ തേടുന്നു. നിന്റെ കോപത്തിൽ നിന്ന് നിന്റെ തൃപ്തിയെ പ്രതീക്ഷിക്കുന്നു. നിന്നോട് ഞാൻ എല്ലാ രക്ഷയും അപേക്ഷിക്കുന്നു. നിന്നെ മഹത്വപ്പെടുത്താനോ നിന്നെ സ്തുതിക്കാനോ എനിക്ക് സാധ്യമല്ല. നീ തന്നെ നിന്നെ മഹത്വപ്പെടുത്തിയത് ഞാൻ എടുത്തുപറയുന്നു.
മേൽ പറയപ്പെട്ട എല്ലാ പ്രാർത്ഥനകളും എല്ലാ ദിവസവും തിരുനബിﷺ നിർവഹിച്ചിരുന്നു എന്ന് വന്നുകൊള്ളണമെന്നില്ല. ഒരാൾ ഉറങ്ങാൻ ഒരുങ്ങുമ്പോൾ ഉണ്ടായിരിക്കേണ്ട ആത്മീയ വിചാരങ്ങൾ എന്തൊക്കെയാണ് എന്ന് കൃത്യമായി പറഞ്ഞു തരുന്ന വാചകങ്ങളാണ് നാം വായിച്ചതൊക്കെയും. അല്ലാഹുവിൽ നിന്ന് കാരുണ്യം അഭ്യർത്ഥിക്കുക. വന്നുപോയ പിഴവുകളിൽ അവനോടു മാപ്പിരക്കുക. പരലോകത്തെക്കുറിച്ചുള്ള ഓർമ്മകൾ നിലനിർത്തുക. ഉറക്കവും ഉണർവും എല്ലാം അല്ലാഹുവിന്റെ അനുഗ്രഹമാണ് എന്ന് ബോധ്യമുണ്ടാവുക. നിരന്തരമായി അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന അല്ലാഹുവിനെ സ്തുതിക്കുക. തുടങ്ങിയുള്ള ആശയങ്ങളാണ് എല്ലാ മന്ത്രങ്ങളുടെയും പ്രാർഥനകളുടെയും പ്രധാന ഉള്ളടക്കം.
ഇരിക്കുമ്പോഴും കിടക്കുമ്പോഴും എന്നല്ല ഏത് അവസ്ഥയിലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുക എന്നത് ഉന്നത വിശ്വാസികളുടെ ഉത്തമ സ്വഭാവമായി ഖുർആൻ തന്നെ പരിചയപ്പെടുത്തിയിട്ടുള്ളതാണല്ലോ! പ്രസ്തുത പരാമർശങ്ങളുടെ പ്രയോഗ രൂപമായിരുന്നു തിരുനബിﷺയെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ അധ്യായത്തിലെ ഓരോ ഹദീസുകളും പ്രാർഥനകളും. അല്ലാഹു അനുഗ്രഹമായി നൽകിയ ഒരു ദിവസത്തിന്റെ പൂർത്തീകരണമാണ് കിടക്കയിലേക്ക് ചേരുന്ന സന്ദർഭം എന്ന് വരുമ്പോൾ പൂർത്തിയാകുന്ന ദിവസത്തെ പവിത്രമാക്കി സമർപ്പിക്കുക എന്ന ഉന്നതമായ ഒരു ആശയം കൂടി ഈ അധ്യായം നമ്മെ പഠിപ്പിക്കുന്നുണ്ട്. അഥവാ ഒരു ദിവസത്തിന്റെ ശുഭകരമായ ഒരു അവസാനം. ഒരുപക്ഷേ ജീവിതത്തിന്റെ തന്നെ അവസാനമായേക്കാവുന്ന ഒരു ഘട്ടത്തിലെ വിചാരങ്ങൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
