Tweet 818

    Tweet 818
    September 9, 2024 • Monday
    Post Header

    എട്ട്, ജമൽ കിണർ. മദീനയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ജുറഫ് പ്രദേശത്ത് അഖീഖ് താഴ്‌വരയുടെ അറ്റത്താണ് ഈ കിണറുണ്ടായിരുന്നത് എന്ന് ഇമാം മജ്ദ്(റ) രേഖപ്പെടുത്തിയിട്ടുണ്ട്. മദീന നിവാസികളുടെ തോട്ടങ്ങൾ അവിടെയുണ്ട്. ഈ കിണർ കുഴിച്ച് ആളുടെ പേര് ജമൽ എന്നായിരുന്നുവത്രെ. അല്ലെങ്കിൽ ഈ തോട്ടത്തിൽ ഒരു ഒട്ടകം മരണപ്പെട്ടിട്ടുണ്ടായിരുന്നു. ഈ കാരണങ്ങളാലാണ് ഒട്ടകം എന്നർത്ഥമുള്ള ജമൽ എന്ന പേര് ഈ കിണറിനു ലഭിച്ചത്.
    സ്വഹാബിമാരായ അബ്ദുല്ലാഹിബ്നു റവാഹ(റ)യും ഉസാമത്തുബിനു സൈദും(റ) പറയുന്നു. തിരുനബിﷺ ഒരിക്കൽ ജമൽ കിണറിന്റെ അടുത്തേക്ക് പോയി. ഞങ്ങളും ഒപ്പം ചേർന്നു. കിണറിന്റെ അടുത്തേക്ക് തിരുനബിﷺ പ്രവേശിച്ചപ്പോൾ ബിലാലും(റ) അകത്തേക്ക് കടന്നുപോയി. നബിﷺ എങ്ങനെയാണ് വുളൂഅ് അഥവാ അംഗസ്നാനം ചെയ്തത് എന്നും ഖുഫ്ഫ തടകിയത് എന്നും ബിലാലി(റ)നോട് ചോദിച്ചിട്ടല്ലാതെ നമ്മൾ നിർവഹിക്കുകയില്ലെന്ന് പറഞ്ഞു.
    കിണറിന്റെ ഭാഗത്തുനിന്ന് ഒരാൾ കടന്നു വന്നതും നബിﷺക്ക് സലാം പറഞ്ഞതുമായ സംഭവം ഇമാം ബുഖാരി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.
    ദാറഖുത്നി(റ)യുടെ നിവേദനത്തിൽ തിരുനബിﷺ പ്രാഥമിക കർമം നിർവഹിച്ചു വരുമ്പോഴായിരുന്നു സലാം പറഞ്ഞു വന്ന ആളെ അഭിമുഖീകരിച്ചത്. മറ്റൊരു നിവേദനത്തിൽ നബിﷺ പ്രാഥമിക ആവശ്യ നിർവഹണത്തിന് വേണ്ടിയാണ് ജമൽ കിണറിന്റെ ഭാഗത്തേക്ക് പോയത്.
    ഒൻപത്, ബൈറ്ഹാ. അബൂത്വൽഹ(റ)യുടെ പ്രസിദ്ധമായ തോട്ടത്തിലെ കിണർ. ബൈറഹാ എന്ന ഒരു വ്യക്തിയുടെ പേരിനോട് ചേർന്നാണത്രെ ഇങ്ങനെ അറിയപ്പെട്ടത്. മദീനാ പള്ളിയുടെ ഖിബ്’ലയുടെ ഭാഗത്തായിരുന്നു ഈ കിണറുണ്ടായിരുന്നത്. തിരുനബിﷺ പലപ്പോഴും ഇവിടെ പ്രവേശിക്കുകയും കിണറിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തിട്ടുണ്ട്. വളരെ തെളിഞ്ഞ വെള്ളമായിരുന്നു ആ കിണറ്റിൽ ഉണ്ടായിരുന്നത്.
    അനസ്(റ) നിവേദനം ചെയ്യുന്നു. വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായം 92 ആം സൂക്തം അവതരിച്ചു. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നത് വരെ നന്മ പ്രാപിക്കുകയില്ല എന്ന ആശയമുള്ള സൂക്തമായിരുന്നു അത്. ഇത് കേട്ടതും അബൂത്വൽഹ എഴുന്നേറ്റു നിന്നു. വിശുദ്ധ ഖുർആനിലെ സൂക്തം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ടത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കണമെന്നാണല്ലോ ഖുർആൻ പറഞ്ഞത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യം ബൈറൂഹ തോട്ടമാണ്. ഞാനത് അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മം ചെയ്തിരിക്കുന്നു. അതിന്റെ പ്രതിഫലവും നേട്ടവുമെല്ലാം അല്ലാഹുവിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തങ്ങൾക്കിഷ്ടപ്പെട്ട പ്രകാരം അത് വിനിയോഗിക്കാം. ഇത് കേട്ടതും തിരുനബിﷺ പറഞ്ഞു. മതി മതി. ലാഭകരമായ സമ്പാദ്യമാണിത്. നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് വേണ്ടി അത് വിനിയോഗിക്കണമെന്നാണ് ഞാൻ താല്പര്യപ്പെടുന്നത്.
    മറ്റൊരു നിവേദന പ്രകാരം നിങ്ങളുടെ അടുത്ത ബന്ധുക്കളിൽ നിന്ന് പാവപ്പെട്ടവർക്ക് വേണ്ടി വിനിയോഗിക്കുക എന്നാണ്. ഞാൻ അങ്ങനെ ചെയ്തുകൊള്ളാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതുപ്രകാരം അബൂത്വൽഹ(റ) അദ്ദേഹത്തിന്റെ കുടുംബാദികളിലെ പാവപ്പെട്ടവർക്ക് വേണ്ടി അത് വീതം വെച്ചു നൽകി. ഹസ്സാൻ(റ) എന്നവർക്കും ഉബയ്യുബ്നു കഅ്ബി(റ)നുമാണ് അത് നൽകിയതെന്നും അഭിപ്രായമുണ്ട്.
    ഒരാളുടെ സമർപ്പണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുന്ന രംഗം കൂടിയാണിത്. അല്ലാഹുവിലും റസൂലിﷺലും എത്രമേൽ അവർ വിശ്വസിച്ചിരുന്നുവെന്നും ഏറ്റവും ഇഷ്ടപ്പെട്ട സമ്പാദ്യം സമർപ്പിക്കാൻ മാത്രമുള്ള ആത്മാർത്ഥത ഉണ്ടായിരുന്നുവെന്നും നാം വായിച്ചു കഴിഞ്ഞു. ഉദാരമനസ്കതയോടുകൂടി സാമ്പത്തിക വിനിയോഗം നടത്താൻ ഇത്രമേൽ വ്യക്തമായും പ്രോത്സാഹിപ്പിച്ചും പഠിപ്പിച്ച മറ്റൊരു ദർശനത്തെയും നേതാവിനെയും നമുക്ക് കാണാൻ കഴിയില്ല. വേറൊരു മതദർശനത്തിലും ഇത്ര വിശാലമായ ദാനധർമ്മങ്ങളുടെ കഥ വായിക്കാനുണ്ടാവില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...