
ആറ്, ബുസ്സ്വ കിണർ. അബൂ സഈദ് അൽ ഖുദ്‌രി(റ)യിൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ തിരുനബിﷺ സന്ദർശിക്കാറുണ്ടായിരുന്നു. അവരുടെ കുടുംബങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും മക്കളെ സന്ദർശിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം അബൂ സഈദ് അൽ ഖുദ്‌രി(റ)യുടെ അടുക്കൽ വന്നു. എന്നിട്ട് തിരുനബിﷺ ചോദിച്ചു. എനിക്ക് കുളിക്കുമ്പോൾ ഉപയോഗിക്കാൻ സിദ്റുണ്ടോ? ഇന്ന് വെള്ളിയാഴ്ചയല്ലേ? സാധാരണയിൽ തേച്ചു കുളിക്കാൻ ഉപയോഗിക്കുന്ന സുഗന്ധമുള്ള ഒരുതരം ഇലയാണ് സിദ്ർ. അബൂ സഈദ്(റ) ഉണ്ടെന്ന് പറയുകയും തിരുനബിﷺക്ക് എടുത്തു കൊടുക്കുകയും ചെയ്തു. അതുമായി തിരുനബിﷺ ബുസ്സ്വ കിണറിന്റെ അടുത്തേക്ക് പോയി. സിദ്ർ ഉപയോഗിച്ച് ശിരസ്സ് കഴുകുകയും ആ വെള്ളം കിണറിലേക്ക് തന്നെ തിരിച്ചു പകർന്നു കൊടുക്കുകയും ചെയ്തു. ശിരസ്സിൽ നിന്ന് കൊഴിഞ്ഞ രോമങ്ങളും അതിലുണ്ടായിരുന്നു.
ഖുബാ പള്ളിയിലേക്ക് നടന്നുപോകുന്ന വഴിയിൽ ബഖീഅ് ഖബർസ്ഥാനിനടുത്താണ് ഈ കിണറുണ്ടായിരുന്നത്.
ശിരസ്സു കഴുകിയ വെള്ളം എന്നത് നമ്മൾ നമ്മളിലേക്ക് ചേർത്തു നോക്കുമ്പോഴാണ് അതിന്റെ സാംഗത്യത്തെ കുറിച്ച് സംശയങ്ങൾ വരുന്നത്. തിരുനബിﷺയുടെ ശരീരവും അവസ്ഥകളുമൊന്നും സാധാരണ മനുഷ്യന്മാരെ പോലെ ആയിരുന്നില്ല. അവിടുത്തെ വിയർപ്പ് തന്നെ കസ്തൂരി പോലെ സുഗന്ധമായിരുന്നു. അവിടുത്തെ കോവകൾക്കിടയിൽ നിന്ന് പ്രത്യേകമായ ഒരു വെളിച്ചം പ്രഭവിച്ചിരുന്നു. അങ്ങനെയുള്ള തിരുമേനിﷺയിൽ ഉപയോഗിച്ച വെള്ളം നമ്മൾ ശുദ്ധീകരിക്കാനോ മാലിന്യം നീക്കാനോ ഉപയോഗിക്കുന്ന വെള്ളം പോലെയല്ല. തിരു ശരീരത്തിന്റെ അനുഗ്രഹീത സ്പർശം ലഭിച്ച തീർത്ഥം എന്നേ അതിന് പറയാൻ പറ്റൂ.
തേനിനെ തേൻ എന്നല്ലാതെ തേനീച്ചയുടെ ഉച്ഛിഷ്ടം എന്നാരും പ്രയോഗിക്കാറില്ല. കസ്തൂരിയെ കസ്തൂരി എന്നല്ലാതെ കസ്തൂരിമാനിന്റെ ബോഡി വേസ്റ്റ് എന്ന് ആരും പറയാറില്ല. അവകളെ മധുരപാനീയമായും സുഗന്ധദ്രവ്യമായും എല്ലാ മനുഷ്യരും ഉപയോഗിക്കുന്നു. ഇതുപ്രകാരം തിരുനബിﷺയെ കേവലം ഒരു മനുഷ്യനെന്ന് കാണുമ്പോഴാണ് അവിടുത്തെ വിയർപ്പിന്റെയും ശേഷിപ്പുകളുടെയും മൂല്യം മനസ്സിലാകാതെ പോകുന്നത്. ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ട ഏറ്റവും ശ്രേഷ്ഠ സൃഷ്ടിയാണ് തിരുനബിﷺ. അവിടുത്തോട് ബന്ധപ്പെട്ട എന്തും പവിത്രവും പരിശുദ്ധവുമാണ്. ഏറ്റവും മഹത്വമുള്ളതും പുണ്യവുമാണ്.
ലോകത്ത് തന്നെ ഏറ്റവും വിലപിടിപ്പുള്ള കോഫികളിൽ ഒന്ന് ആനയ്ക്ക് ഭക്ഷണമായി നൽകിയ കാപ്പി കുരു ആനയുടെ പിണ്ഡമായി വിസർജിച്ചതിൽ നിന്ന് തിരിച്ചെടുക്കുന്നതാണ്. തീർത്തും മാലിന്യത്തിൽ ചേർന്നു വന്നിട്ട് പോലും അതിൽ ഏതോ ഒരു പ്രക്രിയയെ മനുഷ്യൻ മികച്ചതായി പരിഗണിക്കുന്നു. ലോക കമ്പോളങ്ങളിൽ ഉയർന്ന വിലയിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. എന്നാൽ, ആത്മീയമായ മഹത്വവും പുണ്യവും പറയുമ്പോൾ അത് സ്വീകരിക്കുന്നിടത്ത് മാത്രം ചില നിർമ്മിത ന്യായങ്ങളെ സ്ഥാപിച്ചെടുക്കുന്നു. അടിസ്ഥാനപരമായ അവബോധങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഇത്തരം വേർതിരിവുകൾ ഉണ്ടാകുന്നത്. പ്രവാചകർﷺ ഉപയോഗിച്ച വെള്ളം കിണറ്റിലേക്ക് തന്നെ തിരിച്ചു പകർന്നു എന്നു വരുമ്പോൾ ആര് എന്ത് എന്ന് കൃത്യമായി മനസ്സിലാക്കിയാൽ തീരുന്നതേയുള്ളൂ പ്രശ്നം.
കിണറ്റിലെ വെള്ളം പാനയോഗ്യമല്ലെങ്കിൽ പ്രവാചക ശിഷ്യന്മാർ തിരുനബിﷺയോട് വന്ന് ആവലാതി പറയും. പരിഹാരമായി പ്രവാചകൻﷺ പല മാർഗങ്ങളും നിർദ്ദേശിക്കും. ചിലപ്പോൾ ആ വെള്ളം ശുദ്ധമാകാൻ വേണ്ടി പ്രാർത്ഥിക്കും. ചിലപ്പോൾ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ പവിത്രനാമങ്ങൾ മന്ത്രിച്ച് ആ വെള്ളം കിണറ്റിൽ ഒഴിക്കാൻ പറയും. ചിലപ്പോൾ അൽപ്പം വെള്ളത്തിൽ തിരുനബിﷺയുടെ ഉമിനീർ ചേർത്ത് ആ വെള്ളം കിണറ്റിലേക്ക് പകർന്നുകൊടുക്കാൻ പറയും. മറ്റു ചിലപ്പോൾ അവിടുന്ന് തന്നെ നേരെ കിണറ്റിലേക്ക് ആ വെള്ളം ഒഴിക്കും. ഇത്തരം സന്ദർഭങ്ങളിലെല്ലാം ഉപയോഗയോഗ്യമായ നിരവധി കിണറുകളുടെ കഥ പ്രവാചക ശിഷ്യന്മാർക്ക് ലോകത്തോട് പങ്കുവെക്കാനുണ്ട്. അത്തരം ചരിത്ര സന്ദർഭങ്ങളെ ഉദ്ധരിക്കുക മാത്രമാണ് പിൽക്കാല നിവേദകന്മാർ ചെയ്തത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
