
ഹകം അൽ ഗിഫാരി(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ തളികയിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ അവിടുത്തെ ഒരു കൈപ്പത്തിയുടെ പരിധിയുടെ അപ്പുറത്തേക്ക് വിരലുകൾ പോകുമായിരുന്നില്ല. മഹതി ആഇശ(റ)യുടെ നിവേദനത്തിൽ തിരുനബിﷺ ഭക്ഷണം കഴിക്കാൻ ഇരുന്നാൽ തളികയിൽ നിന്ന് കൺമുന്നിൽ നേരെ പതിയുന്ന ഭാഗത്തുനിന്ന് മാത്രമായിരുന്നു കഴിച്ചിരുന്നത്. വ്യത്യസ്തയിനം കാരയ്ക്കകളോ മറ്റോ ആണെങ്കിൽ കൈ പാത്രത്തിൽ വ്യത്യസ്ത തലങ്ങളിലേക്ക് സഞ്ചരിക്കുമായിരുന്നു.
തിരുനബിﷺയുടെ ഭക്ഷണ മര്യാദയിൽ നിന്ന് വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമാണ് ഇവിടെ രേഖപ്പെടുത്തിയത്. അറബികൾ പൊതുവേ സംഘമായിരുന്നു ഒരു തളികയിൽ നിന്നാണ് ഭക്ഷണം കഴിക്കുക. അപ്പോൾ ഓരോരുത്തരും അവരവരുടെ ഭാഗത്തുനിന്നാണ് കഴിക്കേണ്ടത്. ഇനി ഒറ്റക്ക് ഒരു പാത്രത്തിൽ നിന്ന് കഴിച്ചാൽ പോലും പാത്രത്തിൽ നമ്മളോട് ചേർന്ന ഭാഗത്തുനിന്നാണ് എടുത്തു കഴിച്ചു തുടങ്ങേണ്ടത്. ഒന്നാകെ കൈ വിരകുന്നതും പരക്കുന്നതും അവിടുത്തേക്ക് ഇഷ്ടമായിരുന്നില്ല. ഭക്ഷണം കൂനയായി കൊണ്ടുവച്ചാൽ അതിന്റെ ഉയർന്ന ഭാഗത്തുനിന്ന് എടുക്കുന്നത് അവിടുത്തേക്ക് ഇഷ്ടമായിരുന്നില്ല. സൽമ(റ)യിൽ നിന്ന് ഉദ്ധരിച്ച ഹദീസിൽ അത് വ്യക്തമാക്കിയിട്ടുണ്ട്.
അംറ് ബിൻ ഉമ്മയ്യ(റ)യുടെ പിതാവ് അദ്ദേഹത്തോട് പറഞ്ഞു. പാചകം ചെയ്ത മാംസം കത്തികൊണ്ട് മുറിച്ചെടുത്ത് തിരുനബിﷺ കഴിക്കാൻ ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആടിന്റെ മാംസളമായ കുറകിന്റെ ഭാഗമായിരുന്നു അവിടുന്ന് മുറിച്ചെടുത്തത്. അങ്ങനെ കഴിച്ചുകൊണ്ടിരിക്കെ നിസ്കാരത്തിനു വേണ്ടി ബാങ്ക് കൊടുത്തു. എല്ലാം അവിടെ വച്ചിട്ട് നിസ്കരിക്കാൻ പോയി. അപ്പോൾ നിസ്കാരത്തിനു വേണ്ടി പ്രത്യേകം അംഗസ്നാനം അഥവാ വുളൂഅ് ചെയ്തില്ല.
വുളൂഅ് ഉള്ള ആൾ മാംസ ഭക്ഷണം കഴിച്ചാൽ പിന്നെ നിസ്കരിക്കുന്നതിന് പുതുക്കണമെന്ന ഒരു ധാരണ തിരുത്തുക കൂടിയാണിത്. അമൃത ഭക്ഷണം കഴിച്ചത് കൊണ്ട് വുളൂഅ് മുറിയുകയില്ല.
മുഗീറ ബിൻ ശുഅ്ബ(റ)യിൽ നിന്ന് ഇമാം അഹമ്മദും(റ) അബൂ ദാവൂദും(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയുടെ അതിഥികളായി എത്തി. അപ്പോൾ ഒരു ആടിന്റെ പാർശ്വഭാഗം ചുട്ടുപാചകം ചെയ്തു. ഭക്ഷണം തളികയിൽ കൊണ്ടുവച്ചപ്പോൾ അതിൽ നിന്ന് ഒരു ഭാഗം കത്തികൊണ്ട് എനിക്കുവേണ്ടി മുറിച്ചെടുത്തു തന്നു. അപ്പോഴതാ ബിലാൽ(റ) വന്ന് നബിﷺയോട് ബാങ്ക് കൊടുക്കാൻ സമ്മതം തേടി. അപ്പോൾ നബിﷺ ബിലാലി(റ)നോട് പറഞ്ഞു. എന്താണ് ബിലാലേ(റ) അഹോ കഷ്ടം! ഉടനെയെല്ലാം അവിടെവച്ചിട്ട് നിസ്കാരത്തിന് പോയി. മുഗീറ(റ) പറയുന്നു. ആ സമയത്ത് എന്റെ മീശ ചുണ്ടിലേക്ക് ഇറങ്ങി കിടക്കുകയായിരുന്നു. അപ്പോൾ മിസ്’വാക്ക് വെച്ച് അത് വെട്ടി തന്നു. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. നിങ്ങളുടെ മീശ ഒപ്പിച്ചു വെട്ടി തരാം.
ബിലാൽ(റ) നിസ്കാരത്തിനു വേണ്ടി വന്നു വിളിച്ചപ്പോൾ കഷ്ടം എന്ന് പറഞ്ഞത് അതിഥിയെ വേണ്ടപോലെ സൽക്കരിക്കാൻ ആയില്ലല്ലോ എന്ന പ്രതികരണം അടയാളപ്പെടുത്താൻ വേണ്ടിയായിരുന്നു. ഏറ്റവും സൗഹൃദമുള്ളവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അവരോട് അത്രയും ചേർന്ന മറ്റൊരാൾ വേറെ ഒരു അജണ്ടയുമായി വരുമ്പോൾ ഇപ്പൊഴേ നിനക്കിതിന് നേരം കിട്ടിയുള്ളൂ എന്ന് ചോദിക്കാറുണ്ടല്ലോ! അത്തരം ഒരു സൗഹൃദത്തിന്റെ സംസാരം കൂടിയായിരുന്നു അത്. അങ്ങനെ പറയാൻ മാത്രം അടുത്ത ബന്ധമായിരുന്നു തിരുനബിﷺക്ക് ബിലാലി(റ)നോട് ഉണ്ടായിരുന്നത്.
ഓരോ പ്രയോഗവും ഓരോ പെരുമാറ്റവും ഏതെല്ലാം സന്ദർഭങ്ങളെയാണ് നമുക്ക് പകർന്നു തരുന്നത്. തിരുനബിﷺയും അനുയായികളും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധത്തിന്റെയും ഹൃദയം തുറന്ന സഹവാസത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ കൂടിയാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. അനുയായികളിൽ ഒരാളുടെ മീശ നീണ്ട് ചുണ്ടിലേക്ക് കടന്നപ്പോൾ അത് ഞാൻ ശരിയാക്കിത്തരാം എന്ന് പറയാൻ മാത്രമുള്ള അടുപ്പമായിരുന്നു തിരുനബിﷺ ശിഷ്യന്മാരോട് കാണിച്ചത്. നബിചര്യ പിൻപറ്റാൻ ആഗ്രഹിക്കുന്നവരുടെ രീതിയായി വരേണ്ട കാര്യം കൂടിയാണിത്. മീശ വെട്ടി ചെറുതാക്കുകയും താടി പരിപാലിച്ചുകൊണ്ട് വളർത്തുകയും ചെയ്യണമെന്നാണ് തിരുനബിﷺയുടെ അധ്യാപനം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
