Tweet 782

    Tweet 782
    August 4, 2024 • Sunday
    Post Header

    ജാബിർ(റ)വിൽ നിന്ന് ഇമാം മാലിക്ക്(റ), ഇമാം ബുഖാരി(റ) എന്നിവർ ഉദ്ധരിക്കുന്നു. ഇടതു കൈകൊണ്ട് ഭക്ഷിക്കുന്നതും ഒറ്റക്കാലിൽ മാത്രം ചെരുപ്പ് ധരിച്ച് നടക്കുന്നതും ഒറ്റ വസ്ത്രം കൊണ്ട് മാത്രം ശരീരം ചുറ്റി മറക്കുന്നതും ഒറ്റ വസ്ത്രം കൊണ്ട് ശരീരം ചുറ്റിയശേഷം രഹസ്യ ഭാഗങ്ങൾ കണ്ടേക്കാവുന്ന വിധത്തിൽ മുട്ടുകെട്ടിയിരിക്കുന്നതും തിരുനബിﷺ വിലക്കിയിട്ടുണ്ട്.
    മുഹമ്മദ് ബിൻ അബ്ദുല്ലാഹി ബിൻ യസീദ്(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അവരുടെ കൂട്ടത്തിൽപ്പെട്ട ഒരു സ്ത്രീ പറഞ്ഞുവത്രെ. ഞാൻ ഇടതു കൈകൊണ്ട് ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് കടന്നുവന്നു. ഞാൻ അന്ന് പത്തുമാസമായി നിൽക്കുന്ന സമയമായിരുന്നു. തിരുനബിﷺ എന്റെ കയ്യിൽ തട്ടി. എന്റെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം നിലത്തു വീണു. അവിടുന്ന് ചോദിച്ചു. നിങ്ങൾക്ക് വലതു കൈ സ്വതന്ത്രമാക്കി തന്നിരിക്കെ പിന്നെ എന്തിനാണ് ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നത്? അപ്പോൾ തന്നെ ഇടത് വലതായി മാറി. പിന്നൊരിക്കലും ഞാൻ ഇടതുകൈ കൊണ്ട് ഭക്ഷിച്ചിട്ടേ ഇല്ല.
    മസ്‌ലമത് ബിൻ അൽ അക്’വഇൽ(റ) നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. ബസ്ർ ബിൻ റാഈ അൽ ഗൈർ എന്നയാൾ നബി സന്നിധിയിൽ വച്ച് ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അവിടുന്ന് പറഞ്ഞു. നിങ്ങൾ വലതു കൈകൊണ്ട് ഭക്ഷിക്കൂ. അഹങ്കാരപൂർവ്വം അയാൾ പറഞ്ഞു. എനിക്ക് അത് സാധിക്കില്ല. അപ്പോൾ നബിﷺ പറഞ്ഞു. എന്നാൽ സാധിക്കില്ല. എന്നാൽ, ആ കൈ പിന്നീട് അദ്ദേഹത്തിന് വായയിലേക്ക് ഉയർത്താൻ സാധിച്ചിട്ടില്ല.
    വലതു കൈകൊണ്ട് ഭക്ഷിക്കുന്നതിന് പ്രാധാന്യം നൽകുന്ന നിവേദനങ്ങളാണ് നാം വായിച്ചത്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതിനോട് തിരുനബിﷺ തങ്ങൾക്ക് അത്രമേൽ അനിഷ്ടമായിരുന്നു. നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് വലതു കൈയെന്നും മാലിന്യങ്ങളും മോശപ്പെട്ടതുമൊക്കെ എടുക്കാൻ ഇടതു കൈയാണ് ഉപയോഗിക്കേണ്ടതെന്നും തിരുനബിﷺ വ്യക്തമായി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ!
    ഹംസ ബിൻ ഉമർ അൽ അസ്‌ലമി(റ) പറയുന്നു. ഞാൻ നബിﷺയുടെ ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. തിരുനബിﷺ പറഞ്ഞു. വലതുകൈ കൊണ്ട് ഭക്ഷിക്കുക. തളികയിൽ നിങ്ങളോട് അടുത്ത ഭാഗത്തുനിന്ന് ഭക്ഷണം കഴിക്കുക.
    പ്രസിദ്ധരായ 6 ഹദീസിന്റെ പണ്ഡിതന്മാരും നിവേദനം ചെയ്യുന്നു. അംറ് ബിൻ അബീ സലമ:(റ) പറയുന്നു. ഞാൻ കുട്ടിക്കാലത്ത് തിരുനബിﷺയുടെ പരിചരണത്തിൽ കഴിയുകയായിരുന്നു. ഒരിക്കൽ നബിﷺയോടൊപ്പം ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ എന്റെ കൈ തളികയിൽ എല്ലായിടത്തേക്കും കറങ്ങി നടന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു. മോനെ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുക. എന്നിട്ട് വലതു കൈകൊണ്ട് ഭക്ഷണം കഴിക്കുക. തളികയിൽ മോനോട് അടുത്ത ഭാഗത്തുനിന്ന് ഭക്ഷിക്കുക. പിന്നീട് ഞാൻ അങ്ങനെയേ നിർവഹിച്ചിട്ടുള്ളൂ.
    അബ്ദുല്ലാഹിബിന് അഖ്റാഷ്(റ) എന്നവർ അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിച്ച കാര്യം ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ എന്റെ കൈപിടിച്ച് ഉമ്മുസലമ(റ)യുടെ വീട്ടിൽ കൊണ്ടുപോയി. എന്നിട്ട് ഇവിടെ വല്ല ഭക്ഷണവുമുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ ഒരു ജവന നിറയെ ഭക്ഷണം കൊണ്ടുവന്നു. ശരീദും മറ്റുമുണ്ടായിരുന്നു. ഞാൻ തളികയുടെ എല്ലാ ഭാഗത്തുനിന്നുമായി ഭക്ഷണം കഴിക്കാൻ തുടങ്ങി. തിരുനബിﷺ തങ്ങളോട് അടുത്ത ഭാഗത്തുനിന്ന് മാത്രം കഴിച്ചു. അവിടുത്തെ ഇടതുകൈയും കൊണ്ട് എന്റെ വലതു കൈ പിടിച്ചു. എന്നിട്ട് പറഞ്ഞു. മോനെ ഇതൊരു ഒറ്റയിനം ഭക്ഷണമാണ്. അതുകൊണ്ട് ഒരു ഭാഗത്തുനിന്ന് മാത്രം കഴിക്കുക. അതുകഴിഞ്ഞപ്പോൾ ഒരു പാത്രത്തിൽ പലതരത്തിലുള്ള കാരക്കകൾ കൊണ്ടുവന്നു വച്ചു. അപ്പോൾ ഞാൻ നേരത്തെ പറഞ്ഞ പ്രകാരം ഒരു സൈഡിൽ നിന്ന് മാത്രം കഴിച്ചു. അപ്പോൾ തിരുനബിﷺ തങ്ങൾ പാത്രത്തിന്റെ പല ഭാഗത്തുനിന്നും ഓരോ ഇനങ്ങൾ എടുക്കുന്നത് കണ്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു. മോനെ ഇത് പലവിധ ഭക്ഷണമാണ് ഇതിൽ താല്പര്യമുള്ളത് ഓരോ ഭാഗത്തുനിന്നും എടുത്തു കഴിക്കുക.
    ഒരേയിനം ഭക്ഷണം തന്നെയാണ് തളികയിലുള്ളതെങ്കിൽ അരികിൽ നിന്ന് മാത്രം കഴിക്കുകയും ക്രമപ്രകാരം മുന്നോട്ട് കഴിച്ചു പോവുകയും ചെയ്യുക. പലയിനത്തിലുള്ളതാണെങ്കിൽ ഇഷ്ടപ്പെട്ട ഇനത്തിൽ നിന്ന് എടുത്ത് കഴിക്കാം.
    ജീവിതത്തിന്റെ സൂക്ഷ്മമായ കാര്യങ്ങളിലും എത്ര ശ്രദ്ധാപൂർവ്വമുള്ള ചിട്ടകളാണ് തിരുനബിﷺ അടയാളപ്പെടുത്തിയത്. വേറെ ആരുടെയും ഒരു ജീവിതത്തിലെയും ഇത്തരം ഇടവഴികൾ രേഖപ്പെട്ടിട്ടേയുണ്ടാവില്ല. ചരിത്ര വിസ്മയം രേഖപ്പെടുത്തപ്പെട്ടു എന്ന് നബിﷺയുടെ അല്ലാതെ മറ്റാരുടേതാണ് നമുക്ക് പറയാനുള്ളത്!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...