
ഭക്ഷണമര്യാദകളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സൂക്ഷ്മതയോടു കൂടി ഭക്ഷണത്തെ കൈകാര്യം ചെയ്ത ഒരുദ്ധരണി കൂടി നബി ജീവിതത്തിൽ നിന്ന് വായിക്കാം. അനസ്(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നു. പഴക്കമുള്ള കാരക്ക തിരുനബിﷺക്ക് കൊണ്ടുവന്നു കൊടുത്തപ്പോൾ തിരുനബിﷺ വിരലുകൾ കൊണ്ട് അതിൽ നിന്നുള്ള പുഴുക്കളെ നീക്കം ചെയ്യുന്നത് കാണാൻ കഴിഞ്ഞു.
കഴിക്കുന്ന ഭക്ഷണത്തിന്റെ വെടിപ്പും നന്മയും പരിശോധിക്കുന്നതിലെ ഔചിത്യമാണ് ഈ ഹദീസ് നമുക്ക് പകർന്നു തരുന്നത്. സ്വയം തന്നെ അവിടുന്ന് ആ കൃത്യം ചെയ്തിരുന്നു എന്ന് വരുമ്പോൾ ജീവിതത്തിന്റെ ലാളിത്യം കൂടി അടയാളപ്പെടുത്തുന്നു. പുഴു കയറിയ കാരക്ക കൊണ്ടുവന്നു എന്നതിന്റെ പേരിൽ സമ്മാനം നൽകിയവനോട് പരിഭവപ്പെടാതിരിക്കുക എന്നത് തിരുനബിﷺയിലെ ഉത്തമ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. ഒരുപക്ഷേ, ഒരു പാവപ്പെട്ടവൻ കരുതിവെച്ചിരുന്നത് കൊണ്ടുവന്ന് കൊടുത്തതാണെങ്കിൽ നൽകിയവന്റെ സന്തോഷത്തിന് ഭംഗം വരാതിരിക്കാൻ തിരുനബിﷺ കാണിക്കുന്ന കണിശത കൂടി നമുക്ക് ചേർത്തു വായിക്കാം.
ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ പാലിക്കേണ്ട ചില ശ്രദ്ധകളെ കുറിച്ചാണ് ഇനി നാം വായിക്കുന്നത്. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം തുർമുദി(റ)യും ഇബ്നു മാജ(റ)യും ഉദ്ധരിക്കുന്നു. ഒപ്പമിരുന്ന് കഴിക്കുന്നവരുടെ സമ്മതമില്ലാതെ രണ്ടു കാരക്കകൾ ഒരുമിച്ചെടുക്കുന്നത് തിരുനബിﷺ വിസമ്മതിച്ചിരിക്കുന്നു.
തളികയിൽ പാലിക്കേണ്ട നീതിയെകുറിച്ച് സംസാരിച്ചിരിക്കുന്നു എന്ന് സാരം. തിരുനബി ജീവിതത്തിന്റെ ഓരോ സഞ്ചാര വഴികളെയും പരിശോധിക്കുമ്പോൾ ഒപ്പം സഞ്ചരിക്കുന്നവരെയും സഹവസിക്കുന്നവരെയും ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നവരെയും ഏറെ ശ്രദ്ധയോടെ പരിഗണിക്കുന്നത് നമുക്ക് വായിക്കാൻ കഴിയും. സദസിൽ പാലിക്കേണ്ട ചില ചിട്ടകളും മര്യാദകളും അത്തരം ഒരു വീക്ഷണ കോണിലൂടെയാണ് തിരുനബിﷺ അടയാളപ്പെടുത്തിയത്. തന്നോട് അടുത്ത ഭാഗത്തുനിന്ന് ഭക്ഷണം കഴിക്കണം എന്ന നിർദ്ദേശത്തിലും തളികയിൽ ഒപ്പം ഇരിക്കുന്നവരെ പരിഗണിക്കുന്നതിന്റെ നീതിശാസ്ത്രമുണ്ട്.
തളിക ഉയർത്തിയിട്ടേ സദസ്സിൽ നിന്ന് എഴുന്നേൽക്കാവൂ എന്ന ഒരു പരാമർശം മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. മറ്റുള്ളവർ കൂടി കഴിച്ചു പൂർത്തിയാവാൻ കാത്തിരിക്കണമെന്ന ഒരാശയമാണ് ഇതുൾക്കൊള്ളുന്നത്. നാം വേഗം ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റാൽ ഒപ്പമുള്ള ആൾക്ക് ചിലപ്പോൾ ആവശ്യം പൂർത്തിയാകാതെ തന്നെ എഴുന്നേൽക്കേണ്ടി വരും. അത് ഔചിത്യമല്ല എന്നാണ് നബിﷺയുടെ പാഠം. ഒപ്പമുള്ളവർ കൂടി കഴിച്ചു മതിയായിട്ട് ഒരുമിച്ച് എഴുന്നേൽക്കുക.
ഭക്ഷണത്തോട് പുലർത്തുന്ന ചില മാനസിക വ്യവഹാരങ്ങളെയാണ് ഇനി നാം വായിക്കുന്ന ഉദ്ധരണിയിൽ നിന്ന് മനസ്സിലാകുന്നത്. അസ്മാ ബിൻത് യസീദ് ബിൻ സകൻ(റ) പറയുന്നു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം ഉള്ളപ്പോൾ ഒരാൾ ഭക്ഷണം കൊണ്ടുവന്നു. ഞങ്ങൾ പറഞ്ഞു. ഇപ്പോൾ ഞങ്ങൾക്കിത് ആഗ്രഹമില്ലാ എന്ന്. നബിﷺ ഇങ്ങനെ പ്രതികരിച്ചു. കളവും വിശപ്പും കൂടി ഒരുമിച്ചുകൂട്ടേണ്ടതില്ല.
ഒരു ചടങ്ങിനു വേണ്ടിയാണെങ്കിലും സ്വതന്ത്രമായി വിശപ്പ് പങ്കുവെക്കാവുന്ന സ്ഥലത്ത് കേവല മാന്യതയ്ക്ക് വേണ്ടി നിരസിക്കേണ്ടതില്ല എന്ന സന്ദേശം കൂടി ഈ ഹദീസ് നൽകുന്നുണ്ട്.
ഭക്ഷണം കഴിച്ച ശേഷം ഏമ്പക്കം വിടുന്നതിനെ കുറിച്ചു കൂടി ഒന്ന് വായിച്ചു പോകാം. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇബിനു മാജ(റ)യും തിർമുദി(റ)യും നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺയുടെ സന്നിധിയിൽ വച്ചു ഒരാൾ ഏമ്പക്കം വിട്ടു. അപ്പോൾ നബിﷺ പറഞ്ഞു. ഏമ്പക്കം വരുമ്പോൾ നിയന്ത്രിക്കുക. ഈ ലോകത്ത് നന്നായി വയർ നിറയ്ക്കുന്നവരായിരിക്കും പരലോകത്ത് ചിലപ്പോൾ പട്ടിണിയാവുക.
മറ്റുള്ളവർക്ക് അസ്വാരസ്യമുണ്ടാകുന്ന; സദസ്സിൽ അഭംഗിയാകുന്ന കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ശീലം ഓരോരുത്തരിലും ഉണ്ടാകണമെന്നാണ് ഈ സന്ദേശം നമ്മെ പഠിപ്പിക്കുന്നത്. വയർ നിറച്ചു ഭക്ഷണം കഴിക്കുന്നതിനോട് അവിടുന്ന് യോജിച്ചിരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
