Tweet 781

    Tweet 781
    August 3, 2024 • Saturday
    Post Header

    തിരുനബിﷺ മൂന്നു വിരലുകൾ കൊണ്ടായിരുന്നു സാധാരണയിൽ ഭക്ഷിക്കാറുള്ളത്. ഭക്ഷണം കഴിച്ചതിനുശേഷം വിരലുകളിൽ ഈമ്പുകയും ചെയ്യും. വലതു കൈകൊണ്ട് മാത്രം ഭക്ഷിക്കുകയും ഭക്ഷണം കഴിച്ചതിനുശേഷം പാത്രം പൂർണ്ണമായും വടിച്ചു വൃത്തിയാക്കുകയും ചെയ്യും. വലതു കൈകൊണ്ട് ഭക്ഷിക്കണമെന്ന് കൽപ്പിക്കുകയും കൽപ്പിച്ചതിനു ശേഷവും ഇടതു കൈകൊണ്ട് ഭക്ഷിക്കുന്നവർക്ക് അനുകൂലമല്ലാത്ത രൂപത്തിൽ പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
    തള്ളവിരലും ചൂണ്ടുവിരലും തൊട്ടടുത്ത വിരലും ഉപയോഗിച്ചു കൊണ്ടായിരുന്നു അവിടുന്ന് ഭക്ഷിക്കാറുണ്ടായിരുന്നത് എന്ന് കഅബ് ബിൻ ഉജ്റ(റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. വിരലുകൾ ഈമ്പുന്ന നേരത്ത് ആദ്യം ചൂണ്ടുവിരലും പിന്നെ അടുത്ത വിരലും അവസാനം തള്ളവിരലും ആയിരുന്നു ഈമ്പിയിരുന്നത്. ഇമാം അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഒരു അനുബന്ധം കൂടി ഇങ്ങനെ വായിക്കാം. തിരുനബിﷺ ഭക്ഷണം കഴിച്ചതിനുശേഷം വിരലുകൾ ഈമ്പും. ശേഷം, ഇങ്ങനെ പറയും. ആഹ്..! വിരലുകൾ ഈമ്പുന്നതിൽ ബറക്കത്തുണ്ട്. അഥവാ ഇതൊരു അനുഗ്രഹീതമായ കാര്യമാണ് എന്ന്.
    ഇബ്നു അബ്ബാസി(റ)ൽ നിന്ന് ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസിൽ പാത്രം വടിച്ചു വൃത്തിയാക്കിയതിനെ കുറിച്ചുള്ള പരാമർശവും നമുക്ക് വായിക്കാം.
    മൂന്നു വിരലുകൾ കൊണ്ട് ഭക്ഷിക്കുമ്പോൾ ആവശ്യമെങ്കിൽ നാലാമതത്തെ വിരൽ കൂടി സഹായത്തിന് കൂട്ടുകയും ചെയ്യും. അബൂബക്കർ അശ്ശാഫിഈ(റ) അബ്ദുല്ലാഹിബിന് ആമിറി(റ)ൽ നിന്ന് ഈ വിവരം നിവേദനം ചെയ്തിട്ടുണ്ട്.
    തിരുനബിﷺ ഭക്ഷണം കഴിക്കുമ്പോൾ മുഖ്യ ഭക്ഷണവും അതിന്റെ കൂട്ടാനും മൂന്നു വിരലുകൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് കഴിച്ചിരുന്നത്. ഇമാം മുസ്‌ലിം(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ മൂന്നു വിരൽ കൊണ്ട് ഭക്ഷണം കഴിച്ചിരുന്നു. ഒരിക്കൽ ഇങ്ങനെ ഒരു കാര്യം കൂടി പറഞ്ഞു. നല്ല ഭക്ഷണത്തിൽ നിന്ന് എന്തെങ്കിലും നിലത്തു വീണാൽ അതിന്റെ അഴുക്കുകൾ നീക്കി അതെടുത്തു ഭക്ഷിക്കുക. അത് പിശാചിന് വേണ്ടി വിട്ടു കളയരുത്.
    ഭക്ഷണം തളികയിൽ നിന്ന് പൂർണ്ണമായും വടിച്ചു കഴിക്കുകയും ഭക്ഷണത്തിന്റെ ഏതു ഭാഗത്തിലാണ് ബറക്കത്തുള്ളത് എന്നറിയാൻ കഴിയില്ലല്ലോ എന്ന പ്രസ്താവന കൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
    ഹഫ്സ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ ഭക്ഷണം കഴിക്കുമ്പോഴും പാനം ചെയ്യുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും മറ്റുള്ളവർക്ക് എന്തെങ്കിലും നൽകുമ്പോഴുമെല്ലാം വലതു കൈകൊണ്ടായിരുന്നു നിർവഹിച്ചിരുന്നത്.
    വുളൂഅ് പോലെയുള്ള കർമ്മങ്ങളിൽ വലതിനെ മുന്തിക്കണമെന്ന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല കാര്യങ്ങൾക്കൊക്കെ വലതുഭാഗം കൊണ്ട് തുടങ്ങുകയും വലതു കൈകൊണ്ട് നിർവഹിക്കുകയും അത്ര ഭംഗിയല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഇടത് കൈ ഉപയോഗിക്കുകയും ചെയ്തു.
    ഇമാം അഹ്മദ്(റ) ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. നിങ്ങൾ കുടിക്കുകയോ കഴിക്കുകയോ ചെയ്യുമ്പോൾ വലതു കൈകൊണ്ട് നിർവഹിക്കുക. ഇടതു കൈകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് പിശാചിന്റെ ശീലമാണ്.
    ജീവിതത്തിലെ ചെറുതെന്ന് വിചാരിക്കുന്ന കാര്യങ്ങൾക്ക് പോലും പ്രത്യേകമായ ക്രമവും ചിട്ടയും പാലിച്ചിരുന്ന ഒരു നേതാവ്. ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധാപൂർവ്വം നേതാവിൽ നിന്ന് പകർന്നെടുത്ത അനുയായികൾ. ഓരോന്നിനും കൃത്യമായ ആത്മീയവശങ്ങളും ന്യായങ്ങളും പങ്കുവെച്ചുകൊണ്ടു തന്നെയുള്ള നടപടിക്രമങ്ങൾ. ഒരു മനുഷ്യൻ പാലിക്കേണ്ട ചിട്ടകളും മര്യാദകളും ജീവിതം കൊണ്ട് അവതരിപ്പിച്ച നേതാവ്. ഇങ്ങനെയൊക്കെ വച്ചുനോക്കുമ്പോൾ നബി ജീവിതത്തിന്റെ അടരുകളിലേക്കുള്ള യാത്ര എത്ര മനോഹരമാണ്. ലോകത്ത് കഴിഞ്ഞുപോയതും വരാനുള്ളതുമായ മുഴുവൻ നേതാക്കളുടെയും ജീവിതത്തെ വെച്ച് നോക്കുമ്പോൾ എത്രമേൽ വേറിട്ടതും പരിപൂർണ്ണവുമാണ് നബിﷺയുടെ ജീവിതം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...