Tweet 778

    Tweet 778
    July 31, 2024 • Wednesday
    Post Header

    ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. ആദ്യത്തെ പിടി ഭക്ഷണം വായയിൽ വെക്കാൻ നേരം ”അല്ലാഹുമ്മ യാ വാസിഅൽ മഗ്ഫിറ:” (പാപം പൊറുക്കുന്നതിൽ വിശാലത ചെയ്യുന്നവനേ) എന്ന് പറയാറുണ്ടായിരുന്നു.
    ജീവിതത്തിലെ ഓരോ വ്യവഹാരവും ദൈനംദിന പ്രവർത്തനവും സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചുള്ള വിചാരത്തിൽ നിന്ന് അന്യമല്ല എന്ന് പ്രായോഗികമായി കാണിച്ചു തരാൻ വേണ്ടി കൂടിയായിരുന്നു ഇങ്ങനെ പ്രാർത്ഥിച്ചത്.
    അനസ്(റ) പറയുന്നു. കുറച്ച് ഈത്തപ്പഴം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. സദസ്സിലുള്ളവർക്ക് അത് വിതരണം ചെയ്യാൻ തുടങ്ങി. മടമ്പിന്മേൽ ഇരുന്നുകൊണ്ട് തിരുനബിﷺ അതിൽ നിന്ന് അല്പം കഴിച്ചു. പെട്ടെന്ന് പോകാനുള്ള ഭാവത്തിലുള്ള ഇരുത്തമായിരുന്നു അത്.
    ഇമാം ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. ജാബിർ(റ) പറയുന്നു. വീട്ടിൽ മാംസം വാങ്ങുകയാണെങ്കിൽ തിരുനബിﷺ പത്നിമാരോട് പറയും. അതിൽ അല്പം ചാറ് വർദ്ധിപ്പിച്ചു കറി വെക്കുക. അയൽവാസികളെകൂടി പരിഗണിക്കുക എന്ന സന്ദേശത്തോടുകൂടിയായിരുന്നു ഈ നിർദ്ദേശം. അബൂദർറി(റ)ൽ നിന്നുള്ള നിവേദനത്തിൽ ഈ ആശയം വ്യക്തമായി തന്നെ പറയുന്നുണ്ട്. നിങ്ങൾ കറിവെക്കുമ്പോൾ അതിൽ ചാറ് അധികരിപ്പിക്കുകയും അയൽവാസികൾക്ക് പകർന്നു നൽകുകയും ചെയ്യുക.
    വീട്ടിൽ വിശിഷ്ടമായ ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അയൽവാസികളെ അറിയുകയും പരിഗണിക്കുകയും വേണം എന്ന അയൽപക്ക ബന്ധത്തിന്റെ വലിയ മൂല്യമാണ് തിരുനബിﷺ പഠിപ്പിച്ചു തരുന്നത്. ഈ ഹദീസിൽ നിന്ന് പാഠം സ്വീകരിച്ച് അയൽവാസികളെ പരിഗണിക്കുന്നതിന്റെ വ്യത്യസ്തമായ മാനങ്ങളെ ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്.
    ഇമാം അഹ്മദ്(റ) അനസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് കറിയുടെയും മറ്റു ഭക്ഷണങ്ങളുടെയുമൊക്കെ അടിമട്ട് വളരെ ഇഷ്ടമായിരുന്നു. കൂടുതൽ ആളുകൾ കഴിക്കുന്ന ഭക്ഷണമാണ് തങ്ങൾക്കിഷ്ടം എന്ന് പറയാറുണ്ടായിരുന്നു. കുറേ ആളുകൾക്ക് കഴിക്കാനുള്ള ഭക്ഷണമെന്നും, കുറേ കൈകൾ ഒരുമിച്ചു കഴിക്കുന്ന തളികയെന്നും അതിനെ വ്യാഖ്യാനിച്ചവരുണ്ട്. ആളുകൾക്കൊപ്പം ഇരുന്നു കഴിക്കുമ്പോഴാണ് സംതൃപ്തമായി കഴിക്കാറുള്ളത് എന്ന നിവേദനം കൂടി ചേർത്തു വെക്കുമ്പോൾ ഒരുപാട് കൈകൾ ഒരുമിച്ച് ചേരുന്ന തളിക എന്നതാണ് കൂടുതൽ യോജിപ്പ് തോന്നുന്ന വ്യാഖ്യാനം.
    ഭക്ഷണം കഴിക്കാനൊരുങ്ങിയാൽ തിരുനബിﷺ രണ്ട് കൈകളും കഴുകുമായിരുന്നു. അതൊരു ചര്യയായി നമുക്ക് പഠിപ്പിച്ചു തരാൻ വേണ്ടിയാണ്. മണിക്കൂറുകളോളം എവിടെയെല്ലാം വ്യവഹരിച്ച കൈകൾ പല മാലിന്യങ്ങളും പൊടിപടലങ്ങളും പുരണ്ടിരിക്കാൻ സാധ്യതയുള്ളതാണ്. ആ അർത്ഥത്തിൽ ശുചീകരണം എന്ന വലിയൊരു വൃത്തി ബോധം ഈ അധ്യാപനത്തിൽ നിറഞ്ഞു നിൽക്കുന്നു. പ്രവാചകരുﷺടെ മാതൃക പിൻപറ്റിക്കൊണ്ട് നിർവഹിക്കുന്നു എന്ന വിചാരത്തോടെയാണെങ്കിൽ ആത്മീയമായ ഒരു അനുഷ്ഠാനത്തിന്റെ പ്രതിഫലം കൂടി നേടിയെടുക്കാനാകും. സാധാരണ ജീവിതത്തിന്റെ രാപ്പകലുകളിൽ നിന്ന് അന്യമായിട്ടല്ല ഇസ്ലാം നിൽക്കുന്നത്. ദൈനംദിന ജീവിതത്തിന്റെ എല്ലാ പരിസരങ്ങളെയും ചേർത്തുപിടിച്ചുകൊണ്ടാണ് മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഭക്ഷണരീതിയും ശുചീകരണ ക്രമങ്ങളും എങ്ങനെയായിരിക്കണമെന്ന് പ്രവാചകൻ‍ﷺ പഠിപ്പിച്ചത് വായിച്ചപ്പോൾ, ഇസ്ലാമിന്റെ സൗന്ദര്യത്തെ ആലോചിച്ചുകൊണ്ട് വിസ്മയിച്ച ഒരുപാട് ബുദ്ധിജീവികൾ കഴിഞ്ഞു പോയി.
    ഹൃദയത്തോടും ജീവിതത്തോടും ചേർത്തുവച്ച് തിരുനബിﷺയെ വായിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തെ ആളുകളും ഇത്തരമൊരു സൗന്ദര്യം ആസ്വദിക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്രഷ്ടാവായ രക്ഷിതാവിനെയും അവൻ നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിﷺയെയും നിരന്തരമായി ഓർമിക്കുന്നു എന്നത് ഇതര മതദർശനങ്ങളിൽ നിന്ന് വേറിട്ടുള്ള ഒരു രീതിയും സംസ്കാരവുമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...