Tweet 777

    Tweet 777
    July 30, 2024 • Tuesday
    Post Header

    ഇബ്നു അബ്ബാസ്(റ) പറയുന്നു. അല്ലാഹു ജിബ്‌രീലി(അ)നെയും മറ്റൊരു മലക്കിനെയും നബിﷺയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. അല്ലാഹുവിൽ നിന്നുള്ള സന്ദേശമായി ജിബ്‌രീലി(അ)നൊപ്പമുള്ള മലക്ക് നബിﷺയോട് പറഞ്ഞു. ഇനി പറയാൻ പോകുന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാൻ അല്ലാഹു അവിടുത്തേക്ക്‌ അവസരം നൽകിയിരിക്കുന്നു. ഒന്നുകിൽ രാജാവായ നബി, അല്ലെങ്കിൽ ദാസനായ നബി. ഇതുകേട്ടപ്പോൾ അഭിപ്രായമാരായുന്നത് പോലെ നബിﷺ ജിബ്‌രീലി(അ)നെ നോക്കി. അപ്പോൾ ജിബ്‌രീൽ(അ) താഴ്മ കാണിക്കാൻ സൂചന നൽകി. നബിﷺ പറഞ്ഞു. അല്ലാഹുവിന്റെ ദാസനായ നബിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ പ്രയോഗത്തിനുശേഷം ഞാൻ ചാരിയിരുന്നു ഭക്ഷണം കഴിച്ചിട്ടില്ല എന്ന് തിരുനബിﷺ പറയുന്നത് കാണാം.
    പ്രവാചകന്മാരിൽ രാജപദവിയുള്ളവരും അല്ലാത്തവരും കഴിഞ്ഞുപോയിട്ടുണ്ട്. പ്രവാചകന്മാരുടെ മുഴുവനും നേതാവും ഏറ്റവും കൂടുതൽ അനുയായികളുള്ള റസൂലുമൊക്കെയായിരിക്കുമ്പോഴും വിനയാന്വിതമായ സമീപനമാണ് തിരുനബിﷺ തിരഞ്ഞെടുത്തത്. ഏറ്റവും ഉന്നതിയിൽ ആയിരിക്കുമ്പോഴും ഏറ്റവും വിനയം പുലർത്താനാവുക എന്നത് മഹാത്മ്യത്തിന്റെ ഔന്നിത്യമാണ് അടയാളപ്പെടുത്തുന്നത്.
    അബ്ദുല്ലാഹ് ബിൻ ഉബൈദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺക്ക് ഭക്ഷണം കൊണ്ടുവന്നു. മഹതിയായ പത്നി ആഇശ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് ചാരിയിരുന്നു കഴിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അവിടുത്തേക്ക് സുഖപ്രദമായിരുന്നല്ലോ? ഇത് കേട്ടതും വിനയപുരസരം അവിടുന്ന് ശിരസ്സ് താഴ്ത്തി. സാഷ്ടാംഗത്തോളം നെറ്റിത്തടം ഭൂമിയോടടുത്തു. “ഞാൻ അടിമകൾ ഇരിക്കുമ്പോലെ ഇരിക്കും. അടിമകൾ ഭക്ഷണം കഴിക്കുമ്പോലെ ഭക്ഷണം കഴിക്കും. ഞാൻ അല്ലാഹുവിന്റെ ദാസനാകുന്നു.” ചിലപ്പോഴൊക്കെ തിരുനബിﷺ ഇരിക്കുമ്പോൾ, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം എന്ന ഭാവത്തിലായിരുന്നുവത്രേ.
    അതാഉ ബിൻ യസാർ(റ) നിവേദനം ചെയ്യുന്നു. മക്കയിലെ ഒരു ഉയർന്ന പ്രദേശത്ത് ചാരിയിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ജിബ്‌രീൽ(അ) വന്നു ചോദിച്ചുവത്രെ. “അല്ലയോ മുഹമ്മദ് നബിﷺയെ, അവിടുന്ന് രാജാക്കന്മാരുടെ ഭാവത്തിലാണോ ഇരുന്നു കഴിക്കുന്നത്?”
    അപ്പോൾ നബിﷺ നേരെയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
    ഇങ്ങനെയൊരു മുൻകാല അനുഭവം കൂടി ചില നിവേദനങ്ങളിൽ നമുക്ക് വായിക്കാം. എന്നാൽ, അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്നുള്ള നിവേദനത്തിൽ തിരുനബിﷺ ഒരിക്കലും ചാരിയിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ല എന്ന ഒരുദ്ധരണി കൂടി വായിക്കാൻ കഴിയും.
    കുറഞ്ഞ കാലം തിരുനബിﷺ ചാരിയിരുന്നു ഭക്ഷണം കഴിച്ചുവെന്നും പിന്നീട് അത് ഒഴിവാക്കി എന്നും മനസ്സിലാക്കാവുന്ന ചില നിവേദനങ്ങൾ കൂടിയുണ്ട്. ഖബ്ബാബ്(റ) പറയുന്നു. ഒരു പാത്രത്തിൽ നിന്ന് ചുട്ട മാംസം ചാരിയിരുന്ന് കഴിക്കുന്നത് ഞാൻ കണ്ടിരുന്നു എന്ന്. ശേഷം, തൊട്ടടുത്തുള്ള തോൽ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ എഴുന്നേറ്റുപോയി. അബ്ദുല്ലാഹ് ബിൻ സഅദ്(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. ഞാൻ തിരുനബിﷺയുടെ വഴികാട്ടിയായി പോയിരുന്നപ്പോൾ അവിടുന്ന് ചാരിയിരുന്നു ഭക്ഷണം കഴിക്കുന്ന രംഗം ഞാൻ കണ്ടിട്ടുണ്ട്.
    നിയമ വീക്ഷണത്തിൽ ചാരിയിരുന്നു ഭക്ഷണം കഴിക്കൽ ഉത്തമമായ രൂപത്തിന് എതിരാണ്. അഥവാ കറാഹത്താണ്. തിരുനബിﷺ ചാരിയിരുന്നു ഭക്ഷണം കഴിച്ചു എന്ന നിവേദനങ്ങൾ അങ്ങനെ ഭക്ഷണം കഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതായി നിയമം വരുന്നതിന് മുമ്പായിരിക്കണം. എല്ലാ നിവേദനങ്ങളും ചേർത്ത് വായിക്കുമ്പോൾ അങ്ങനെയൊരു നിരീക്ഷണത്തിലേക്കാണ് എത്തുന്നത്. പാലിക്കേണ്ട ഭക്ഷണ മര്യാദകളിൽ ചാരിയിരുന്നു കഴിക്കാതിരിക്കുക എന്നതാണ് നാം പുലർത്തേണ്ട പാഠം.
    ഒരു വ്യക്തിയുടെ ജീവിതം ഇത്രമേൽ സൂക്ഷ്മമായി വായിക്കുകയും പുനർവായിക്കുകയും ആലോചനകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നു എന്നത് ഓരോ അധ്യായങ്ങൾക്കിടയിലും സംഭവങ്ങൾക്കിടയിലും വേറിട്ട അനുഭവങ്ങളും വിചാരങ്ങളുമാണ് നമുക്ക് പകർന്നുതരുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...