Tweet 771

    Tweet 771
    July 24, 2024 • Wednesday
    Post Header

    മഹതി ആഇശ(റ) പറയുന്നു. ഫാത്വിമ(റ)യെക്കാൾ നബിﷺയോട് സാദൃശ്യമുള്ള ഒരാളെയും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നബിﷺയുടെ സംസാരം പോലെ തന്നെയായിരുന്നു ഫാത്വിമ(റ)യുടെയും. ഫാത്വിമ(റ) വീട്ടിലേക്ക് വന്നാൽ നബിﷺ എഴുന്നേറ്റ് മകളുടെ അടുത്തേക്ക് ചെല്ലും. സ്വാഗതം ചെയ്തു ചുംബനം നൽകി അടുത്തിരുത്തും. മകളുടെ വീട്ടിലേക്ക് നബിﷺ ചെന്നാൽ അതുപോലെതന്നെ നബിﷺയെ വന്ന് സ്വീകരിക്കും. സ്വാഗതം ചെയ്തു മുത്തം നൽകി കൂട്ടിക്കൊണ്ടുപോകും. അടുത്തിരുത്തി വർത്തമാനം പറയും. അവസാനം രോഗശയ്യയിൽ കിടക്കുമ്പോഴും മകൾ അടുത്തേക്ക് വന്നപ്പോൾ ചുംബനം നൽകി സ്വീകരിച്ചിരുത്തി.
    വാത്സല്യത്തോടെ മക്കൾക്ക് ചുംബനം നൽകുന്നത് ഹൃദയത്തിൽ ലഭിച്ച ഇലാഹീ കാരുണ്യത്തിന്റെ ഭാഗമാണെന്നാണ് നബിﷺയുടെ ഭാഷ. നബിﷺ അവിടുത്തെ പേരക്കുട്ടികളെ ചുംബിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ട ആളുകൾ അന്നുണ്ടായിരുന്നു. എനിക്ക് പത്തുമക്കളുണ്ടായിട്ട് ഒരാളെപ്പോലും ഒരിക്കൽപോലും ചുംബിച്ചിട്ടില്ല എന്ന് ഏറ്റുപറഞ്ഞ ആളെയും നമ്മൾ വായിച്ചു പോയി. കാരുണ്യത്തിന്റെയും അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ ശരീരഭാഷകളെ പ്രായോഗിക ജീവിതത്തിൽ അവതരിപ്പിക്കുകയായിരുന്നു പുണ്യറസൂൽﷺ.
    അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്നുള്ള ഒരു നിവേദനം ഇമാം ബുഖാരി(റ) അൽ അദബുൽ മുഫ്റദിൽ ഉദ്ധരിക്കുന്നു. ജനങ്ങൾ പരിഭ്രമിച്ചു ഓടിയ ഒരു യുദ്ധരംഗം. ഓടിപ്പോയ ചില ആളുകൾക്ക് നബിﷺയെ കണ്ടുമുട്ടാൻ ഒരു പ്രയാസം. അൽ അൻഫാൽ അധ്യായത്തിലെ പതിനാറാമത്തെ സൂക്തം ഈ രംഗം വിശദീകരിക്കുന്നുണ്ട്. “യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ‎ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ ‎കോപത്തിനിരയാകും. അവന്‍ ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം!”
    ഞങ്ങൾ മദീനയിലേക്ക് പോകില്ലെന്നും ഞങ്ങളെ ആരും കാണരുതെന്നും ഞങ്ങൾ വിചാരിച്ചു. ഒടുവിൽ ഏതായാലും മദീനയിലെത്തി. സുബ്ഹി നിസ്കാരം കഴിഞ്ഞ് നബിﷺ പുറത്തേക്ക് വരികയായിരുന്നു. ഞങ്ങൾ പ്രവാചകരുടെﷺ മുന്നിലേക്ക് ചെന്നു. യുദ്ധക്കളത്തിൽ നിന്ന് ഓടിയവരാണ് ഞങ്ങൾ എന്ന് തുറന്നു പറഞ്ഞു. അപ്പോൾ നബിﷺ പറഞ്ഞു. നിങ്ങൾ പിന്നോട്ട് പോയി സംഘത്തോടൊപ്പം ചേർന്നു വീണ്ടും മടങ്ങി വന്നവരല്ലേ. ഞങ്ങൾ പറഞ്ഞു, അതെ. ഞാനും നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ആളാണല്ലോ. അപ്പോൾ ഞങ്ങൾ മുന്നോട്ട് ചെന്ന് നബിﷺയുടെ കരം കവർന്നു ചുംബനം നൽകി.
    തെറ്റു വന്നുപോയോ എന്ന് ആശങ്കപ്പെട്ട അനുയായികൾക്ക് ആശ്വാസം നൽകുകയും സ്വീകരിക്കുകയും ചെയ്ത ഒരു ചിത്രം കൂടിയാണിത്. സ്വഹാബികൾ തിരുനബിﷺയുടെ കരം കവർന്നു ചുംബിച്ചതും ആദരങ്ങളോടെ തിരുപാദങ്ങളിൽ ചുംബനം അർപ്പിച്ചതും പ്രമാണങ്ങളിൽ വായിക്കാനുണ്ട്.
    തെരുവിലൂടെ നടന്നു പോകുമ്പോൾ കുട്ടികൾക്ക് ഓടിച്ചെന്ന് സലാം പറയാനും കൈപിടിക്കാനും തിരുനബിﷺ അവസരം നൽകിയിരുന്നു. പരിചാരകനായി വീട്ടിലുണ്ടായിരുന്ന സയ്ദി(റ)ന്റെ മകൻ ഉസാമ(റ)യെ സ്നേഹ ചുംബനങ്ങൾ നൽകി പരിപാലിച്ചതും ചരിത്രത്തിന് പറയാനുള്ളതാണ്. കാരുണ്യത്തിന്റെ തിരുഹൃദയം മനുഷ്യ പാരസ്പര്യത്തിന്റെ എല്ലാ നന്മകളെയും വികാരങ്ങളെയും വിചാരങ്ങളെയും പൂർണശോഭയോടെ അടയാളപ്പെടുത്തി. തിരുമേനിﷺക്ക് കസ്തൂരിയുടെ ഗന്ധമുണ്ടായിരുന്നതിനാൽ കരം കവർന്നവർക്കും അത് പലപ്പോഴും പകർന്നു ലഭിച്ചിട്ടുണ്ട്. ഒരു വഴിയിലൂടെ പ്രവാചകൻﷺ വരുന്നു എന്നറിയാൻ അവിടുത്തെ സുഗന്ധം ആളുകൾക്ക് അടയാളമായിരുന്നു. തിരുനബിﷺയുടെ ചുണ്ട് ചേർത്തു വെച്ച് പാനം ചെയ്ത പാത്രങ്ങൾ അനുഗ്രഹത്തിനു വേണ്ടി കരുതിവെച്ച സ്വഹാബികളെയും നമുക്ക് വായിക്കാനുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...