
അനസ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരാൾ വന്ന് നബിﷺയോട് ചോദിച്ചു. എന്നെയും കൂടി ഒട്ടകപ്പുറത്തൊന്നു വഹിക്കുമോ. നിങ്ങളെ ഞാൻ പെണ്ണ് ഒട്ടകത്തിന്റെ കുട്ടിയുടെ പുറത്ത് യാത്ര ചെയ്യിക്കാം. ആശ്ചര്യത്തോടെ അയാൾ ചോദിച്ചു. ഒട്ടക കുട്ടിയുടെ മേൽ യാത്ര ചെയ്യുകയോ? അപ്പോൾ നബിﷺ ഇങ്ങനെ ചോദിച്ചു. പെണ്ണ് ഒട്ടകത്തിന്റെ കുട്ടി അല്ലാത്ത ഏത് ഒട്ടകമാണ് ഇവിടെയുള്ളത്?
അപ്പോഴാണ് നബിﷺ ഫലിതം പറയുകയാണെന്ന് സ്വഹാബിക്ക് ബോധ്യമായത്. ഇത് കേവലം ഒരു പ്രയോഗത്തിൽ ഒതുങ്ങുകയല്ല. ഏറ്റവും ഉന്നതരായ ഒരു നേതാവ് അനുയായികളോട് വർത്തിച്ച സമീപനത്തിന്റെ ഒരു മാപിനിയാണിത്. പരിചാരകനായ അനസി(റ)നെ ചിലപ്പോഴൊക്കെ എന്റെ കുഞ്ഞുമോനെ എന്ന് വിളിക്കും. മറ്റു ചിലപ്പോഴൊക്കെ യാ ദൽ ഉദ്നൈൻ അഥവാ ഇരട്ട ചെവിയാ എന്ന് വിളിക്കും. നിരന്തരം വീട്ടിൽ വരാറുള്ള ജാബിറി(റ)നെ മംഗളം, സ്വാഗതം എന്നൊക്കെ പറഞ്ഞു വീട്ടിലേക്കാനയിക്കും.
മഹാനായ സ്വഹാബി അദിയ്യ് ബിൻ ഹാതിം(റ) പറയുന്നു. ഞാനൊരു കറുത്ത നൂലും വെളുത്ത നൂലും തലയണക്കടിയിൽ വച്ച് കിടന്നു. അത് രണ്ടും വേർതിരിഞ്ഞ് മനസ്സിലാകുന്ന സമയം എനിക്ക് വ്യക്തമായിട്ടില്ല. “അത് വല്ലാത്ത പോയത്തമായല്ലോ, വല്ലാതെ വീതിയുള്ള തലയിണയുടെ ഉടമയാണല്ലോ നിങ്ങൾ. വെളുത്ത നൂലും കറുത്ത നൂലുമൊന്നുമല്ല പറഞ്ഞതിന്റെ താല്പര്യം. രാവിന്റെ ഇരുട്ടും പകലിന്റെ വെളിച്ചവുമാണ്.” രാവും പകലും വേർതിരിക്കുന്നത് വരെ എന്ന് മനസ്സിലാക്കാൻ ഖുർആൻ പ്രയോഗിച്ച ഒരു പ്രയോഗത്തെ മനസ്സിലാക്കിയിടത്തായിരുന്നു അദിയ്യി(റ)ന് അബദ്ധം പറ്റിയത്.
ഉസൈദ് ബിൻ ഹുദൈർ(റ) നിവേദനം ചെയ്യുന്നു. അൻസ്വാരികളിൽ പെട്ട തമാശക്കാരനായ ഒരു സ്വഹാബിയുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ജനങ്ങൾക്കൊപ്പമിരുന്ന് തമാശ പറഞ്ഞ് ചിരിപ്പിക്കുകയായിരുന്നു. പിൻഭാഗത്ത് നിന്ന് നബിﷺ വടി കൊണ്ട് അദ്ദേഹത്തിന്റെ അരക്കെട്ടിൽ ഒരു കുത്ത് കൊടുത്തു. ഉടനെ അദ്ദേഹം പറഞ്ഞു. എനിക്കിതിന് പരിഹാരക്രിയ ചെയ്യണം അഥവാ പ്രതികാരമെടുക്കണം. നബിﷺ പറഞ്ഞു. പ്രതികാരമെടുത്തോളൂ. അപ്പോൾ അദ്ദേഹം പറഞ്ഞു. അവിടുന്ന് മേൽ കുപ്പായം അണിഞ്ഞിട്ടുണ്ടല്ലോ. എന്റെ കുപ്പായമില്ലാത്ത ഭാഗത്താണ് അവിടുന്ന് കുത്തിയതെന്ന് സാരം. നബിﷺ അവിടുത്തെ മേൽ കുപ്പായം ഉയർത്തി കൊടുത്തു. അദ്ദേഹം സ്നേഹാദരങ്ങളോടെ ആ തിരുമേനിﷺയിൽ ചുംബിച്ചു. എന്നിട്ട് പറഞ്ഞു. ഞാൻ ഇത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ നബിﷺയേ.
എത്ര മനോഹരമായ ഒരു സഹവാസത്തിന്റെ ചിത്രമാണ് നമ്മൾ കണ്ടത്. അനുയായികളോട് നബിﷺ എങ്ങനെയായിരുന്നു എന്ന് കൂടുതൽ ചോദിക്കേണ്ടാത്ത വിധം സുതാര്യമായ രംഗങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
അനസ്(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം അങ്ങാടിയിൽ ചരക്കുകൾ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന ഉസൈഹിറി(റ)നെ വിളിക്കാൻ നബിﷺ എന്നോട് പറഞ്ഞു. അദ്ദേഹം ഒരു വിരൂപിയായ മനുഷ്യനായിരുന്നു. അദ്ദേഹം സമീപത്തേക്ക് വന്നപ്പോൾ നബിﷺ പിന്നിലൂടെ പോയി ആലിംഗനം ചെയ്തു. നബിﷺയാണ് കെട്ടിപ്പിടിക്കുന്നത് എന്ന് അദ്ദേഹം അറിഞ്ഞില്ല. അദ്ദേഹം പറഞ്ഞു. എന്നെ ഒന്ന് വിട്ടയക്കൂ.. ആരാണിത്? പെട്ടെന്നാണ് നബിﷺയാണെന്ന് മനസ്സിലായത്. ഉടനെ അദ്ദേഹം തിരുനബിﷺയുടെ ശരീരത്തോട് അദ്ദേഹത്തിന്റെ ശരീരം നന്നായി ചേർത്തുവച്ചു. അപ്പോൾ നബിﷺ വിളിച്ചു ചോദിച്ചു. ഈ അടിമയെ ആരാണ് വാങ്ങുക? ഈ അടിമയെ ആരാണ് കൊള്ളുക? അപ്പോഴദ്ദേഹം നബിﷺയോട് ചോദിച്ചു. ഞാൻ അത്രയ്ക്കും ഒരു വിലകുറഞ്ഞ ചരക്കാണല്ലേ? നിങ്ങൾ അല്ലാഹുവിങ്കൽ വിലകുറഞ്ഞ ആളല്ല. നിങ്ങൾ അല്ലാഹുവിന്റെ അടുക്കൽ മൂല്യമുള്ള ആളാണ്.
ലോക സൗന്ദര്യത്തിന്റെ പ്രതീകം. ഗ്രാമീണനായ ഒരു വിരൂപിയെ പരസ്യമായി ആലിംഗനം ചെയ്യുന്നു. അയാളോട് കൊച്ചു വർത്തമാനം പറഞ്ഞ് സന്തോഷിപ്പിക്കുന്നു. ശാരീരികമായി സൗന്ദര്യമില്ലെങ്കിലും നിങ്ങളിൽ വിലപ്പെട്ട മൂല്യങ്ങളുണ്ടെന്ന് നബിﷺ ഉറക്കെ പ്രഖ്യാപിക്കുന്നു. ഇഷ്ടക്കാരനായ ഈ ഗ്രാമീണനോട് തമാശ കാണിക്കാൻ നേരം കണ്ടെത്തുന്നു. ഇത് കേവലം ഒരു സംഭവമായിട്ടല്ല വായിക്കേണ്ടത്. ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഒരു മഹാ വിപ്ലവത്തിന്റെ ഭേദിക്കാനാവാത്ത ചുവടുകളായിട്ടാണ് ചരിത്രം അടയാളപ്പെടുത്തിയത്.
മക്കയിലെ മുശ്രിക്കുകൾ നബിﷺയോട് വൈര്യം വെക്കാനുള്ള കാരണം ആശയം മാത്രമായിരുന്നില്ല. മനുഷ്യന്മാരെ തന്നെ മനുഷ്യന്മാർ അടിമകളാക്കി വെക്കുന്ന സമ്പ്രദായത്തിനെതിരെ മാനുഷിക മൂല്യങ്ങളെ പരിഗണിച്ച് മനുഷ്യൻ ഒന്നാണെന്ന് പറയാനൊരുങ്ങിയത് കൊണ്ട് കൂടിയായിരുന്നു. മക്കയിലെ മുതലാളിമാരുടെ മുഴുവനും ഏറ്റവും വലിയ ആസ്ഥി അവരുടെ പക്കലുണ്ടായിരുന്ന അടിമകളായിരുന്നു. എല്ലാ മനുഷ്യരും തുല്യരാണ് എന്ന പ്രഖ്യാപനം കുത്തക മുതലാളിമാരുടെ ഖജനാവിനെയാണ് ഭേദിച്ചത്. അതവർക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഒരേ തളികയിൽ നിന്ന് അടിമയും ഉടമയും ഭക്ഷണം കഴിക്കുന്നത് അവർക്ക് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു. പ്രായോഗികമായിട്ടാണ് നബിﷺ അതിനു തിരുത്തലുകൾ കൊണ്ടുവന്നത്. ഇതുകൂടി ഈ സംഭവങ്ങളോട് നമുക്ക് ചേർത്ത് വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
