
തിരുനബിﷺക്ക് ബിലാലി(റ)നോട് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തോട് പലപ്പോഴും തമാശ പറയുകയും ചെയ്യും. ഒരിക്കൽ ബിലാലി(റ)ന്റെ വയർ അല്പം ചാടിയതായി നബിﷺ കണ്ടു. അവിടുന്ന് പറഞ്ഞു. പ്രസവിക്കാൻ അടുത്തത് പോലെയുണ്ടല്ലോ!
തിരുനബിﷺയുടെ മരുമകൻ കൂടിയായ അലി(റ) പറയുന്നു. ഒരിക്കൽ നബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. കിടാവ് എവിടെ എന്ന് ചോദിച്ചു. ഇതാ കിടാവ് ഇവിടെ തന്നെയുണ്ടല്ലോ. സാധാരണ ആട്ടിൻകുട്ടികൾക്കും മറ്റുമൊക്കെ ഉപയോഗിക്കുന്ന പദമാണ് കുട്ടി എന്നതിന് പകരം ഇവിടെ ഉപയോഗിച്ചത്. അപ്പോഴേക്കും അലി(റ)യുടെ മകൻ ഹസ്സൻ(റ) അവിടേക്ക് കടന്നു വന്നു. കുറുൻഫുൽ പ്രദേശത്തു നിന്നുള്ള ഒരു മേൽ കുപ്പായവും ധരിച്ചാണ് വന്നത്. അതിന്റെ ഉള്ളിൽ നിന്ന് തന്നെ കൈ പുറത്തേക്കു നീട്ടുന്നുണ്ടായിരുന്നു. നബിﷺ അങ്ങോട്ട് കൈനീട്ടി മകനെ സ്വീകരിച്ചു വാരിപ്പുണർന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. എൻ്റെ മാതാപിതാക്കളെ മോനുവേണ്ടി ഞാൻ സമർപ്പിക്കുന്നു. ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഇതാ ഈ മകനെ സ്നേഹിച്ചു കൊള്ളൂ.
തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ) പറയുന്നു. അവർ നബിﷺയോട് തമാശ പറയാറുണ്ടായിരുന്നുവത്രെ. ഒരിക്കൽ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഈ പറയുന്ന തമാശയിൽ ഭൂരിഭാഗവും ബനൂ കിനാനക്കാരുടേതാണ്. ഇവിടെ പറയാറുള്ള ചിലതൊക്കെ ഖുറൈശികളുടേതുമാണ്. നബിﷺ പ്രതികരിച്ചു.
മഹാനായ ജാബിർ(റ) പറയുന്നു. ദാത്തുരിഖാഅ് യുദ്ധ വേളയിൽ നബിﷺ എന്നോട് പറഞ്ഞു. നിങ്ങളുടെ ഒട്ടകത്തെ എനിക്ക് വിൽക്കുമോ? ഞാൻ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ, ഞാൻ അവിടുത്തേക്ക് സമ്മാനമായി തരാം. വേണ്ട നിങ്ങൾ എനിക്ക് വിറ്റാൽ മതി. എന്നാൽ അവിടുന്ന് വില പറഞ്ഞു കൊള്ളൂ. ഞാൻ ഒരു ദിർഹമിന് എടുത്തുകൊള്ളാം. ഇല്ല, അതെനിക്ക് മുതലാവില്ലല്ലോ. എന്നാൽ രണ്ടു തരാം. ഇല്ല, ആ വിലക്കും തരാൻ പറ്റില്ല. അങ്ങനെ ഏറ്റിയേറ്റി പറഞ്ഞ് ഒരു ഉഖിയ അഥവാ നാൽപ്പത് ദിർഹംവരെ എത്തി. അപ്പോൾ ഞാൻ സമ്മതം മൂളി. എന്നോട് ചോദിച്ചു തൃപ്തിയായില്ലേ? തൃപ്തിയായി എന്ന് പറഞ്ഞപ്പോൾ കൈമാറ്റം നടന്നു.
തിരുനബിﷺയുടെ സഹവാസ ജീവിതത്തിൽ വീട്ടുകാരോടും സുഹൃത്തുക്കളോടും നടത്തിയ ചില സംഭാഷണശകലങ്ങളാണ് നാം പകർത്തിയത്. ഓരോന്നിലും തന്മയത്വത്തോടുകൂടിയുള്ള തമാശകൾ. അതിൽ ഒരല്പം പോലും അസത്യം ഇല്ല. വിനോദം സമ്മാനിക്കുന്ന വർത്തമാനങ്ങൾ. ഒരു കടുംപിടുത്തത്തിന്റെ ശൈലിയില്ല. ബിലാലി(റ)നോട് പറഞ്ഞ കൊച്ചു വർത്തമാനവും ആഇശ(റ)യുടെ തമാശകളോട് കാണിച്ച പ്രതികരണവും പേരക്കുട്ടിയെ അന്വേഷിച്ച് ചെന്നപ്പോൾ പറഞ്ഞ വാചകവും കൂട്ടുകാരനോട് വില പറഞ്ഞു ഓരോ ദിർഹം ഏറ്റി ഏറ്റി പറയുമ്പോഴും അനുയായിക്ക് ഉണ്ടാകുന്ന ആനന്ദത്തിൽ സന്തോഷം കണ്ടതും ലോക നേതാവിന്റെ സഹവാസ മാധുര്യത്തെ പങ്കുവെക്കുകയാണ്.
ജാബിറി(റ)നോടുള്ള മറ്റൊരു സംഭാഷണം കൂടി നമുക്ക് വായിക്കാം. അദ്ദേഹം പറയുന്നു. നബിﷺ എന്നോട് പലപ്പോഴും സംസാരിക്കാറുണ്ട്. പലപ്പോഴും തമാശ പറയാറുമുണ്ട്. ഒരിക്കൽ എന്നോട് ചോദിച്ചു. എന്തേ വിവാഹം കഴിഞ്ഞില്ലേ? ഞാൻ പറഞ്ഞു. അതെ വിവാഹം കഴിഞ്ഞല്ലോ. കന്യകയെയാണോ കല്യാണം കഴിച്ചത്, അതല്ല വിവാഹമോചിതയെ ആണോ? ഞാൻ കന്യകയെയല്ല വിവാഹം കഴിച്ചത്. കന്യകയായിരുന്നെങ്കിൽ പരസ്പരം സന്തോഷിപ്പിക്കാൻ നല്ലതായിരുന്നല്ലോ! എൻ്റെ പിതാവ് ഉഹ്ദിൽ കൊല്ലപ്പെട്ടതാണല്ലോ. അന്ന് ഏഴു പെൺമക്കളാണ് വാപ്പയ്ക്കുണ്ടായിരുന്നത്. അവരെ ഒപ്പിച്ചു കൊണ്ടുപോകാൻ പറ്റുന്ന ഒരു സ്ത്രീയെയാണ് ഞാൻ വിവാഹം കഴിച്ചത്. അത് വളരെ നന്നായി. നിങ്ങളുടെ തീരുമാനം ശരിയായി.
നമ്മൾ സിറാർ എന്ന പ്രദേശത്ത് എത്തുമ്പോൾ ഒരൊട്ടകത്തെ അറുക്കാൻ കൽപ്പിക്കും. ശേഷം ഒരു ദിവസം നമ്മൾ അവിടെ താമസിക്കും. അപ്പോഴേക്കും നമ്മൾ വരുന്ന വിവരം വീട്ടിൽ അറിയും. നിങ്ങളുടെ ആഗമനം ഭാര്യ അറിഞ്ഞാൽ പരവതാനിയൊക്കെ റെഡിയാക്കി വെക്കും. അങ്ങനത്തെ പരവതാനി ഒന്നും വീട്ടിൽ ഇല്ലല്ലോ! അതൊക്കെ ഉണ്ടായിക്കൊള്ളും. നിങ്ങൾ വീട്ടിലേക്ക് ചെന്നാൽ കാര്യങ്ങളൊക്കെ ബുദ്ധിപരമായി കൈകാര്യം ചെയ്യുക. ഞങ്ങൾ സിറാർ എന്ന പ്രദേശത്തെത്തിയപ്പോൾ പറഞ്ഞത് പ്രകാരം ഒട്ടകത്തെ അറുത്ത് ഭക്ഷണം കഴിച്ച് അവിടെ താമസിച്ചു. വൈകുന്നേരമായപ്പോൾ നബിﷺ മദീനയിലേക്ക് പ്രവേശിച്ചു. ഞങ്ങളും എത്തിച്ചേർന്നു. ഞാൻ എൻ്റെ ഭാര്യയോട് നബിﷺ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു. നബിﷺ പറഞ്ഞത് പ്രകാരമെല്ലാം കേട്ടനുസരിക്കണമെന്ന് അവൾ എന്നോട് പ്രതികരിച്ചു.
എത്ര മനോഹരമായ ചിത്രങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നബി ജീവിതത്തിന്റെ അടരുകളിൽ നിന്ന് സഹവാസികളോടുള്ള സംഭാഷണത്തിന്റെ മാധുര്യങ്ങൾ ഒന്നൊന്നായി നമ്മൾ വായിക്കുകയാണല്ലോ. ഓരോന്നിലും നിറഞ്ഞുനിൽക്കുന്ന ഫലിതങ്ങളും അതിലെ ആത്മസാരങ്ങളും ആനന്ദത്തോടെ ഹൃദയം തുറന്നല്ലാതെ എങ്ങനെയാണ് നമുക്ക് വായിക്കാനാവുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
