
തിരുനബിﷺയുടെ തമാശകളെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് നാം ഇനി വായിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ വിചാര തലങ്ങളെയും വൈകാരിക വ്യവഹാരങ്ങളെയും ഉൾക്കൊള്ളുകയും ആവശ്യമായ വിധത്തിൽ സമീപിക്കാനുള്ള രീതിശാസ്ത്രങ്ങൾ രൂപപ്പെടുത്തി തരികയും ചെയ്ത ദർശനമാണ് ഇസ്ലാം. തിരുനബിﷺയുടെ ജീവിതത്തിൽ തമാശകളോട് എങ്ങനെയായിരുന്നു എന്ന് അന്വേഷിക്കുന്നതിന് പിന്നിലും ചില പാഠങ്ങൾ നമുക്ക് അറിയാനുണ്ട്.
ആളുകളെ കൂടുതൽ അനുനയത്തോടെ അടുപ്പിക്കാനും അവരിലേക്ക് ചില സന്ദേശങ്ങൾ മധുരതരമായി അന്വേഷിപ്പിക്കാനും തമാശക്ക് വലിയ സ്വാധീനമുണ്ട്. എന്നാൽ, കേവലം തമാശ മാത്രമായാൽ കാര്യങ്ങളുടെ ഗൗരവം നഷ്ടപ്പെട്ടു പോവുകയും അനുവാചകന്റെ ചിരി മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നിർമ്മിതമായി പലതും പറയുകയും കാണിക്കുകയും ചെയ്യും. ഈ രണ്ടു വഴികളുടെയും ഇടയിൽ നിന്നുകൊണ്ടാണ് പ്രവാചക ജീവിതത്തിലെ തമാശയെക്കുറിച്ച് നാം വായിക്കുന്നത്. ജനങ്ങളിൽ ഏറ്റവും കൗതുകമുള്ള ഭാവത്തിലായിരുന്നു തിരുനബിﷺയുടെ സഹവാസമെന്ന് 10 വർഷത്തെ പരിചാരകനായ അനസ്(റ) നിവേദനം ചെയ്യുന്നുണ്ട്. ഞാൻ തമാശ പറഞ്ഞാലും സത്യമേ പറയുകയുള്ളൂ എന്ന തിരുനബിﷺയുടെ പ്രസ്താവന രണ്ടാം ഖലീഫയുടെ മകൻ അബ്ദുല്ലാഹ്(റ) ഉദ്ധരിക്കുന്നു. തങ്ങൾ ഞങ്ങളോട് തമാശയിൽ സഹവസിക്കുകയാണോ എന്ന് ആശ്ചര്യത്തോടെ ചോദിച്ച അനുയായി അബൂഹുറൈറ(റ)യോട് നബിﷺ പറഞ്ഞു. അതെ, ഞാൻ തമാശയിൽ നിങ്ങളോട് സമീപിക്കും പക്ഷേ ഞാൻ സത്യം മാത്രമേ പറയുകയുള്ളൂ. തിരുനബിﷺ അനുയായികൾക്ക് പ്രാപിക്കാനാവാത്ത വിധം അകന്നു ജീവിച്ച ഒരു വ്യക്തിയല്ല. അവരുടെ രാപ്പകലുകളിലും വ്യവഹാരങ്ങളിലും നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്ന നേതാവായിരുന്നു. അനുയായികളിൽ പലരുടെയും വീട്ടിലെ കുട്ടികളുടെ വിനോദങ്ങൾ പോലും ശ്രദ്ധിക്കുകയും അവരെ ഉത്സാഹിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. സന്തതസഹചാരിയായ അനസി(റ)ന്റെ അനുജൻ അബൂ ഉമൈറി(റ)ന്റെ കിളി ചത്തു പോയപ്പോൾ അതേക്കുറിച്ച് അന്വേഷിക്കാനും പ്രവാചകൻﷺ നേരം കണ്ടെത്തിയിരുന്നു.
അനുവദനീയമായ ഒരു വിനോദത്തിൽ പങ്കു ചേരുന്ന ഒരു രംഗം നമുക്കിങ്ങനെ വായിക്കാം. മഹതിയായ ഉമ്മു നുബൈത്(റ) പറഞ്ഞതായി ഇബ്നു നാസറുദ്ദീൻ(റ) നിവേദനം ചെയ്യുന്നു. ബനൂനജ്ജാർ ഗോത്രത്തിലെ ഒരു മണവാട്ടിയെ ഞങ്ങൾ മണവാളന്റെ അടുത്തേക്ക് ആനയിക്കുകയായിരുന്നു. എന്നോടൊപ്പം ബനൂ നജ്ജാർ ഗോത്രത്തിലെ വേറെയും സ്ത്രീകളുണ്ട്. ഞാനാണ് ദഫ് മുട്ടി പാടിക്കൊണ്ടിരുന്നത്. ‘അതൈനാക്കും അതൈനാകും ഫ ഹയൗനാ നൂഹയ്യീകും…. ‘ എന്നിങ്ങനെ തുടങ്ങുന്ന പാട്ടായിരുന്നു പാടിയിരുന്നത്. ഞങ്ങൾ ഇതാ വന്നല്ലോ…
ഞങ്ങൾ ഇതാ വന്നല്ലോ…
ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്തതു പോലെ നിങ്ങൾ ഞങ്ങളെ സ്വീകരിക്കുവിൻ,
ചുവന്ന സ്വർണ്ണം ഇല്ലായിരുന്നെങ്കിൽ അവൾ നിങ്ങളുടെ താഴ്‌വരയിൽ
ചുവടുവെക്കുമായിരുന്നില്ല’.
ഇങ്ങനെ പാടിക്കൊണ്ടിരുന്നപ്പോൾ തിരുനബിﷺ അവിടേക്ക് വന്നു. എന്നോട് ചോദിച്ചു. എന്താണിത്? ഞാൻ പറഞ്ഞു. ഞങ്ങൾ ബനൂ നജ്ജാർ ഗോത്രത്തിലെ മണവാട്ടിയെ മണവാളന്റെ വീട്ടിലേക്ക് ആനയിക്കുകയാണ്. അപ്പോൾ എന്നോട് ചോദിച്ചു. എന്താണ് നിങ്ങൾ പാടിക്കൊണ്ടിരിക്കുന്നത്? പാടിയ വരികൾ ഞാൻ നബിﷺക്ക് കേൾപ്പിച്ചു കൊടുത്തു. അപ്പോൾ നബിﷺ അതിനോട് ചേർത്ത് ഇങ്ങനെ ഒരു വരി കൂടി പറഞ്ഞു തന്നു.
‘വലൗലൽ ഹിൻത്വതുസ്‌സം റാ മാ സമിനത് അദാരീകും’
തവിട്ട് നിറമുള്ള ഗോതമ്പില്ലായിരുന്നെങ്കിൽ നിങ്ങളുടെ കന്യകകൾ ഇത്രമേൽ വണ്ണം ഉള്ളവരാകുമായിരുന്നില്ല.
അവർ പാടിക്കൊണ്ടിരുന്ന പാട്ടിന് സമാനമായ ഘടനയിൽ കൗതുകകരമായ ഒരു വർത്തമാനം ചേർത്തു പറയുകയായിരുന്നു നബിﷺ.
നബിﷺയുടെ തമാശകൾ ഇസ്ലാമിന്റെ മാധുര്യം കൂടിയാണ് പരിചയപ്പെടുത്തുന്നത്. ഒരു വരണ്ട തത്ത്വശാസ്ത്രമായിട്ടല്ല ഇസ്ലാമിനെ നബിﷺ അവതരിപ്പിച്ചത്, ചിരിക്കേണ്ടിടത്ത് ചിരിക്കാനും കരയേണ്ടിടത്ത് കരയാനും ഓർമ്മകൾ താലോലിക്കേണ്ടിടത്ത് താലോലിക്കാനുമൊക്കെയായിരുന്നു. ജീവനുള്ള ഒരു മതത്തെ ആവിഷ്കരിക്കുമ്പോൾ ജീവന്റെ എല്ലാ ഭാവങ്ങളെയും അതുൾക്കൊള്ളുകയും പരിചയപ്പെടുത്തുകയും ചെയ്യും. അത്തരം ഒരു ആവിഷ്കാരത്തിന്റെ ഭാഗമാണ് ഈ അധ്യായം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
