
യഅ്ഖൂബ് ബിൻ സുഫിയാൻ (റ)പറയുന്ന രസകരമായ ഒരു വർത്തമാനമുണ്ട്. ഞാനെന്റെ പിതാവിനൊപ്പം തിരുനബിﷺയുടെ അടുത്തേക്ക് പോയി. പ്രവാചക സവിധത്തിൽ എത്തിയപ്പോൾ പിതാവ് എന്നോട് ചോദിച്ചു. ഇതാരാണെന്ന് അറിയുമോ മോനെ? ഞാൻ പറഞ്ഞു അറിയില്ല. ഇതാണ് അല്ലാഹുവിന്റെ പ്രവാചകൻﷺ. കേട്ടപ്പോഴേക്കും എന്റെ ഉള്ളിൽ ഒരു ഭയം പടർന്നു. മഹാ സന്നിധിയോടുള്ള ആദരവിന്റെ ഭയം. അല്ലാഹുവിന്റെ ദൂതൻ എന്നാൽ എന്തോ ഒന്നെന്നായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്. എന്നാൽ അടുത്തുകൂടിയപ്പോഴല്ലേ അറിയുന്നത്, തീർത്തും അതൊരു സുവിശേഷവും സന്തോഷവുമാണ്.
പ്രവാചകരുﷺടെ പ്രൗഢി ഹൃദയത്തിൽ പതിയുന്നതിന് പല തലങ്ങളുണ്ട്. പെട്ടെന്ന് പ്രവാചക ദൃഷ്ടിയിൽ പെടുമ്പോൾ ആളുകൾക്കുണ്ടാകുന്ന പ്രത്യേകമായ ഒരുണർവ്. മറ്റൊന്ന് നബിﷺയുടെ സ്ഥാനങ്ങളും മഹത്വങ്ങളും മനസ്സിലാക്കുമ്പോൾ ഒരു അനുയായിയിലും വിശ്വാസിയിലും രൂപപ്പെടുന്ന ആദരവ്. പ്രമുഖരായ മുഴുവൻ സ്വഹാബികളിലും ഈ രണ്ടാമത്തെ ആദരവ് നിറഞ്ഞു നിന്നിരുന്നു. പ്രമുഖ സ്വഹാബി അംറ് ബിൻ അൽ ആസ്വി(റ)ൻ്റെ ഒരു പ്രസ്താവന ഇത് വിശദീകരിച്ചു തരുന്നു. അദ്ദേഹം പറയുന്നു. പ്രവാചകരോﷺളം പ്രിയവും ബഹുമാനവുമുള്ള മറ്റൊരാളും എനിക്കില്ല. കണ്ണുനിറച്ചു പ്രവാചകരെﷺ നേരിട്ട് നോക്കാൻ എനിക്ക് സാധിക്കില്ല. അവിടുത്തെ സ്ഥാന ബഹുമാനങ്ങളാണ് അതിന് കാരണം. പ്രവാചകന്റെﷺ വിശേഷണങ്ങളൊന്ന് പറയാൻ പറഞ്ഞാൽ വിശദീകരിക്കാൻ അശക്തനായിരിക്കും.
അടുക്കുംതോറും സ്ഥാന പദവികൾ കൂടുതൽ അറിയുകയും, അറിയുംതോറും ആദരവ് വർദ്ധിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് മഹാനവർകൾ പരിചയപ്പെടുത്തിയത്. ഖലീഫ ഉമറും(റ) സമാനമായ പ്രസ്താവന നടത്തിയത് നമുക്ക് വായിക്കാൻ കഴിയും.
ഞങ്ങളെല്ലാവരും പള്ളിയിൽ നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ പള്ളിയിലേക്ക് പ്രവേശിക്കുന്ന തിരുനബിﷺയെ നേരിട്ട് നോക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. അബൂബക്കറും(റ) ഉമറും(റ) ചിലപ്പോൾ അങ്ങനെ നോക്കിയെന്നിരിക്കും. അപ്പോൾ പരസ്പരം പുഞ്ചിരിക്കും. തിരുനബിﷺയിൽ നിറഞ്ഞു നിന്നിരുന്ന പ്രൗഢിയാല്‍ മുഖാമുഖം നേരിട്ട് നോക്കാനോ മറ്റുള്ളവരോട് സംസാരിക്കുംപോലെ എന്തെങ്കിലും സംസാരിക്കാനോ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. സഹവസിക്കുന്തോറും വിലയും താഴ്മയും നിറഞ്ഞുനിൽക്കുന്നത് അനുഭവപ്പെടും. എന്നാൽ മറ്റുള്ളവരോട് സംസാരിക്കുംപോലെ അശ്രദ്ധമായോ അലംഭാവത്തോടെയോ സഹവസിക്കാൻ ആ പ്രൗഢി ഞങ്ങളെ അനുവദിച്ചിരുന്നില്ല.
അബൂ മസ്ഊദ്(റ) പറയുന്നു. ഞാൻ എന്റെ വീട്ടിലെ അടിമയെ അടിക്കുന്നതിനിടയിൽ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു. അല്ലയോ മസ്ഊദേ(റ), ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾക്ക് ഈ അടിമയുടെ മേൽ അധികാരമുള്ളതിനേക്കാൾ വലിയ അധികാരം നിങ്ങളുടെ മേൽ അല്ലാഹുവിനുണ്ട്. ദേഷ്യം പിടിച്ചുനിന്ന ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. പെട്ടെന്നാണ് തിരുനബിﷺ എന്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നത്. അവിടുത്തെ ഭാവം കണ്ടപ്പോഴേക്കും എന്റെ കയ്യിലുള്ള ചാട്ടവാർ നിലത്ത് വീണു.
ഒരു വാക്കും ഒരു നോക്കും ലഭിച്ചപ്പോഴേക്കും അനുവാചകൻ ഭയപ്പെട്ടുപോയി. അടിമകളോട് എങ്ങനെ പെരുമാറുമെന്ന സന്ദേശം അതിനകം കൈമാറി കഴിഞ്ഞു. ഗൗരവതരമായി ഇടപെടേണ്ട ഇത്തരം ഒരു സന്ദർഭത്തിൽ അതിനാവശ്യമായ എല്ലാ പ്രൗഢിയും പ്രഭാവവും പരിപൂർണ്ണമായും തിരുനബിﷺയിൽ ഉണ്ടായിരുന്നു.
വാചകപ്രയോഗങ്ങളുടെയും ശാരീരിക ഭാഷയുടെയും പേരിൽ ഉന്നത വിദാനങ്ങളിലുള്ളവർ ആദരവ് അർഹിക്കാതെ പോകുമ്പോൾ, ഓരോ വ്യവഹാരങ്ങൾക്കും അതിന്റേതായ ഭാഷയും ഭാവവുമുണ്ട്. കരുണയും ആർദ്രതയും വിട്ടുവീഴ്ചയും എല്ലാം ഒരുമിച്ച് നിറഞ്ഞു നിൽക്കുമ്പോഴും, പ്രൗഢിയും പ്രഭാവവും നേതൃഭാവവും ഒരു ശതമാനം പോലും കുറവുണ്ടായിരുന്നില്ല എന്നത് തിരുനബിﷺയുടെ വ്യക്തിവിശേഷത്തിലെ ഏറ്റവും സമ്പൂർണ്ണതയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
