
തിരുനബിﷺയുടെ ഭയഭക്തിയും ആത്മീയ വിചാരങ്ങളും കേവലം ഹൃദയ നൊമ്പരങ്ങളിലും തേങ്ങലുകളിലും മാത്രം പരിമിതപ്പെട്ടിരുന്നില്ല. അനുസൃതമായ അനുഷ്ഠാനങ്ങളും കർമ്മങ്ങളും ആ ജീവിതത്തിൽ ആവോളം ഉണ്ടായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഞാൻ ഓരോ ദിവസവും എഴുപത് പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം നടത്തുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നുണ്ട്. തിരുനബിﷺ പറഞ്ഞതായി മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. അല്ലയോ ജനങ്ങളെ, നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുക. ഞാൻ എല്ലാ ദിവസവും നൂറു പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടുന്നുണ്ട്. ഇമാം ഹാക്കിം(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരമാണുള്ളത്. അല്ലയോ അബൂ ഹുദയ്ഫാ(റ) നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുന്നത് എങ്ങനെയാണ്? ഓരോ ദിവസവും നൂറു പ്രാവശ്യം അത് നിർവഹിച്ചുകൊണ്ടിരിക്കുന്നു.
പ്രവാചകന്മാർ മുഴുവനും പാപ സുരക്ഷിതരാണ്. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പോ ശേഷമോ അവരിൽ നിന്ന് ചെറുതോ വലുതോ ആയ ഒരു തെറ്റും സംഭവിക്കുകയില്ല. കാരണം, അല്ലാഹു സവിശേഷമായ കാവൽ അവർക്ക് നൽകിയിട്ടുണ്ട്. നമ്മുടെ നബിﷺ എല്ലാ പ്രവാചകന്മാരുടെയും നേതാവാണ്. എന്നിരിക്കെ, എല്ലാ മഹത്വങ്ങളിലും ഉന്നതിയിലും പൂർണതയിലുള്ളവരാണ് പുണ്യറസൂൽ. ഒരു പാപവും ചിന്തിക്കുക പോലും ചെയ്യാത്ത പ്രവാചക ശ്രേഷ്ഠർ നിത്യേന 100 പ്രാവശ്യം പാപമോചനം തേടുന്നു. എന്നതിനർത്ഥം നമ്മൾ ഓരോരുത്തരും എത്രമേൽ ഗൗരവതരമായി അതിനെ കാണണം എന്നാണ്.
അല്ലാഹുവിന്റെ മഹത്വവും അധികാരവും കൂടുതൽ അറിയുന്നവർ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ഏറ്റവും കൊതിക്കുന്നവരും അല്ലാഹുവുമായുള്ള ആത്മബന്ധത്തിൽ എന്തെങ്കിലും ഭംഗം വരുമോ എന്ന് ഏറ്റവും ഭയക്കുന്നവരുമായിരിക്കും. അത്തരമൊരു ചിത്രം കൂടിയാണ് തിരുനബിﷺ നമുക്ക് കാണിച്ചു തരുന്നത്. പ്രപഞ്ചാധിപനായ അല്ലാഹു ഏറ്റവും പ്രിയപ്പെട്ടതായാൽ പിന്നെ അവന്റെ പ്രീതിക്ക് നിദാനമായ കർമ്മങ്ങൾ വർദ്ധിപ്പിക്കുക എന്നത് സ്നേഹോന്നതിയുടെ ലക്ഷണമാണ്. അടിമകൾ അല്ലാഹുവിനോട് പാപമോചനം നടത്തുമ്പോൾ അല്ലാഹുവിന് അത്തരം അടിമകളോട് പ്രത്യേകം താൽപര്യവും സ്നേഹവും ഉണ്ടാവും. അവരെ അല്ലാഹു കൂടുതൽ പരിഗണിക്കുകയും അവർക്ക് സ്നേഹം നൽകുകയും ചെയ്യും. ഇത്തരം നിരവധി രഹസ്യങ്ങൾ കൂടി ഈ പാപമോചന പ്രാർത്ഥനയിൽ നിലകൊള്ളുന്നു.
ഹൃദയങ്ങളെയും ഹൃദയവിചാരങ്ങളെയും മാറ്റിമറിക്കുന്നവനെ നിന്റെ ദീനിന്റെയും പ്രീതിയുടെയും അനുസരണയുടെയും മേൽ എന്റെ ഹൃദയത്തെ നീ സ്ഥിരപ്പെടുത്തേണമേ! എന്നീ ആശയങ്ങളുള്ള പ്രാർത്ഥനകൾ തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു.
പ്രാർത്ഥന നിർവഹിക്കുമ്പോഴെല്ലാം അങ്ങേയറ്റത്തെ വിനയവും താഴ്മയും അല്ലാഹുവിനോട് കേണപേക്ഷിക്കുന്ന ശൈലിയുമായിരുന്നു തിരുനബിﷺക്കുണ്ടായിരുന്നത്. ചില പ്രത്യേക സന്ദർഭങ്ങളിൽ നീണ്ട നേരം പ്രാർത്ഥിക്കുകയും ഇരുകരങ്ങളും വാനിലേക്ക് ഉയർത്തി അല്ലാഹുവിനോട് കാരുണ്യത്തിനു വേണ്ടി കേഴുന്നതും കാണാമായിരുന്നു. പ്രാർത്ഥനയുടെ സമയങ്ങൾക്കനുസരിച്ച് ഭാവ മാറ്റങ്ങൾ ഉണ്ടായിരുന്നു. അല്ലാഹുവിൽ നിന്ന് തേടുമ്പോഴും വിജയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോഴും കൈ മലർത്തി ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു പ്രാർത്ഥന. വന്നുചേർന്ന വിപത്തുകൾ നീങ്ങി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ കൈ കമഴ്ത്തിപിടിച്ചുകൊണ്ടായിരുന്നു പ്രാർത്ഥിച്ചിരുന്നത്. മണിക്കൂറുകൾ ഒറ്റനിൽപിൽ നിന്ന് പ്രാർത്ഥിച്ച സംഭവങ്ങളുമുണ്ട്. അടിമയുടെ ഓരോ പ്രാർത്ഥനയും ഉടമയായ അല്ലാഹുവിനെ ഏറെ സന്തോഷിപ്പിക്കുമെന്നും വിശ്വാസിയുടെ പരിചയാണ് പ്രാർത്ഥനയെന്നും പ്രവാചകൻﷺ പഠിപ്പിച്ചു. ദാസൻ അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥന ആരാധനകളുടെ മർമ്മമാണ് എന്ന ഹദീസ് സുപ്രസിദ്ധമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
