
ഖുർആൻ മറ്റുള്ളവരിൽ നിന്ന് കേൾക്കുമ്പോഴും തിരുനബിﷺയുടെ മനോഗതി ഇങ്ങനെയായിരുന്നു. ഓരോ സൂക്തങ്ങളുടെയും ആശയങ്ങളെ ആഴത്തിൽ ആലോചിക്കും. അതിനോട് ഹൃദയം ചേർത്തുവെക്കും. ഗൗരവതരമായ സൂക്തങ്ങളിലൂടെ കടന്നുപോകുമ്പോൾ ഹൃദയം ഇളകും. അത് താപമായി കണ്ണിലൂടെ ഒലിച്ചിറങ്ങും. ഒരിക്കൽ തിരുനബിﷺ പരിചാരകനും ശിഷ്യനുമായ അബ്ദുള്ള ഇബ്നു മസ്ഊദി(റ)നെ വിളിച്ചു. അടുത്തിരുത്തിയിട്ട് പറഞ്ഞു. എനിക്ക് ഖുർആൻ ഓതി കേൾപ്പിക്കുക. ആശ്ചര്യത്തോടെ ശിഷ്യൻ തിരിച്ചു ചോദിച്ചു. തങ്ങൾക്കുമേൽ അവതരിച്ച ഖുർആൻ ഞാൻ തങ്ങൾക്ക് ഓതി കേൾപ്പിക്കുകയോ? അതെ, മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ അന്നിസാഅ് അദ്ധ്യായം ഓതി കേൾപ്പിക്കാൻ തുടങ്ങി.41 മത്തെ സൂക്തം എത്തിയപ്പോൾ പ്രവാചകൻﷺ എന്നോട് പറഞ്ഞു. തത്ക്കാലം അവിടെ നിർത്താൻ. തിരുനബിﷺയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടുത്തെ കണ്ണുകൾ നിറഞ്ഞൊലിക്കുന്നു. ഉള്ളടക്കം ഇപ്രകാരമാണ്. “ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി തങ്ങളെയും നമ്മൾ ഹാജരാക്കും. അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും!
കഴിഞ്ഞുപോയ ജനപഥങ്ങൾക്ക് സാക്ഷിയായി അല്ലാഹുവിങ്കൽ ഹാജരാക്കപ്പെടും എന്ന ഗൗരവമേറിയ കാര്യമാണ് നബിﷺയെ നൊമ്പരപ്പെടുത്തിയതും കരയിച്ചതും.
ആറാം വയസ്സിൽ നബിﷺയെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട മാതാവ് ആമിന ഉമ്മ(റ)യുടെ ഖബർ സന്ദർശിച്ച വേളയിൽ തിരുനബിﷺ ഏറെനേരം അവിടെ നിന്ന് കരഞ്ഞു. അതു കണ്ട് കൂടെയുള്ള അനുയായികളുടെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി. ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസിൽ അബൂഹുറൈറ(റ)യുടെ നിവേദനമാണിത്. തിരുനബിﷺയുടെ പ്രിയപ്പെട്ട മകളെ മറമാടുമ്പോൾ ഖബറിന്റെ വക്കിൽ ഇരുന്നുകൊണ്ട് കരയുന്ന തിരുനബിﷺയെ അനസ്(റ) പരിചയപ്പെടുത്തുന്നുണ്ട്.
തിരുനബിﷺയുടെ ഈ കരച്ചിലുകൾ, കേവലം ഉറ്റവരുടെ വിയോഗത്തിൽ നിന്നുകൊണ്ട് മാത്രമായിരുന്നില്ല. പരലോക വിചാരം ഉണർത്തുന്ന രംഗങ്ങളിലെല്ലാം തിരുനബിﷺക്കുണ്ടാകുന്ന വികാരമായിരുന്നു ഇത്. മുഅ്തദ്ദ് രണഭൂമിയിൽ കൊല്ലപ്പെട്ട മൂന്നു സ്വഹാബികൾ തിരുനബിﷺക്ക് അടുത്ത ബന്ധമുള്ളവരും പ്രിയപ്പെട്ടവരും ആയിരുന്നു, പരിചാരകനായ സൈദും(റ) പിതൃ സഹോദരന്റെ മകനായ ജഅ്ഫറും(റ) നബി സ്നേഹത്തിന്റെ പര്യായമായിരുന്ന അബ്ദുല്ലാഹ് ബിൻ റവാഹ(റ)യും. അവരുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ തിരുനബിﷺ വല്ലാതെ കരഞ്ഞു പോയി.
പിതൃസഹോദരനായ ഹംസ(റ) കൊല്ലപ്പെട്ടപ്പോൾ തിരുനബിﷺയുടെ ഹൃദയം പൊട്ടി കണ്ണുകൾ വാർന്നു. പ്രിയപ്പെട്ട സ്വഹാബി സഅദ് ബിൻ ഉബാദ(റ) രോഗിയായി കിടപ്പിലായി. അബ്ദുറഹ്മാൻ ബിൻ ഔഫ്(റ), സഅദ് ബിന് അബീ വഖ്ഖാസ്(റ), അബ്ദുല്ലാഹ് ബിൻ മസ്‌ഊദ്(റ) എന്നിവരോടൊപ്പം നബിﷺ അദ്ദേഹത്തെ സന്ദർശിക്കാൻ പോയി. രോഗാധിക്യത്തിൽ പ്രയാസപ്പെടുന്ന ശിഷ്യനെ കണ്ടപ്പോൾ തിരുനബിﷺയുടെ കണ്ണുകൾ ഒലിക്കാൻ തുടങ്ങി. കണ്ടുനിന്നവരുടെ മുഴുവനും കണ്ണുകൾ ഈറനണിഞ്ഞു. ഉസ്മാൻ ബിൻ മള്ഗൂൻ(റ) എന്ന സ്വഹാബി മരണപ്പെട്ടപ്പോൾ കണ്ണീരൊലിപ്പിച്ചു കരഞ്ഞുകൊണ്ട് അദ്ദേഹത്തിന് ചുംബനം നൽകി യാത്രയാക്കി.
ഒരു വരണ്ട തത്വശാസ്ത്രമല്ല പ്രവാചകൻﷺ ലോകത്തിന് അവതരിപ്പിച്ചത്. കരയാനും ചിരിക്കാനും തപിക്കാനും, മനുഷ്യന്റെ വിചാരവികാരങ്ങളുടെ സദാചാരങ്ങളെ അവതരിപ്പിച്ചുകൊണ്ടുമാണ് തിരുനബിﷺ ഇസ്ലാമിനെ ആവിഷ്കരിച്ചത്. ചിരിക്കേണ്ടിടത്ത് ചിരിക്കാൻ പറയുന്നതുപോലെ കരയേണ്ടിടത്ത് കരയാനും പറഞ്ഞുകൊണ്ടാണ് ഈ മതം ജനങ്ങളോട് സംവദിച്ചത്.
നാളെ നരകാഗ്നി ബാധിക്കാത്ത ചില നേത്രങ്ങൾ ഉണ്ട്. അല്ലാഹുവിനെ ഭയന്ന് കൊണ്ട് കരഞ്ഞ കണ്ണുകളും അല്ലാഹുവിന്റെ മാർഗത്തിൽ പാറാവുകാരനായി നിന്ന് ഉറക്കൊഴിഞ്ഞു കണ്ണുകളും. ഏകാന്തനായിരുന്നു അല്ലാഹുവിനെ ഓർത്ത് കരഞ്ഞൊലിച്ച കണ്ണുകൾ എന്ന പ്രയോഗവും മറ്റൊരു നിവേദനത്തിൽ കാണാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
