Tweet 713

    Tweet 713
    May 27, 2024 • Monday
    Post Header

    പ്രവാചകൻﷺ മദീനയിലൂടെ നടന്നുപോകുമ്പോൾ കുട്ടികളും അടിമകളും അവിടുത്തെ കരം കവർന്നെടുക്കും. പ്രവാചകരുﷺടെ കൈകോർത്തുപിടിച്ച് അങ്ങാടിയിലൂടെ മുന്നോട്ട് നീങ്ങും. പ്രവാചകൻﷺ അവരെ അലോസരപ്പെടുത്തുകയോ അവരുടെ കൈ വിട്ടുകളയുകയോ ചെയ്യില്ല. സന്തോഷപൂർവ്വം അവർക്ക് സഹവസിക്കാൻ അവസരം നൽകും. ചിലപ്പോൾ അവർ കൂട്ടിക്കൊണ്ടുപോകുന്ന കുറച്ചു ദൂരം വരെ അവരോടൊപ്പം സഞ്ചരിക്കും. അവർക്ക് ആശ്വാസം നൽകിയശേഷം സ്വന്തം കാര്യങ്ങളിലേക്ക് മടങ്ങിവരും.
    ഒരിക്കൽ പ്രവാചകൻﷺ പള്ളിയിൽ ഇരിക്കുമ്പോൾ പാവപ്പെട്ട ഒരു മാതാവ് കുഞ്ഞിനെയും കൂട്ടി വന്നു. പ്രവാചകരോﷺട് സ്വകാര്യമായി എന്തോ ചില കാര്യങ്ങൾ പറയാനുണ്ട് എന്ന് ആവശ്യപ്പെട്ടു. അവിടുന്ന് അവരെ കേൾക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും സമയം കണ്ടെത്തി.
    ഇക്‌രിമ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ പൊതുജന സമ്പർക്കത്തിനിടെ അബ്ബാസ്(റ) പറഞ്ഞു. ജനങ്ങൾ തങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ടോ? പരിസരത്തെ പൊടി പടലങ്ങൾ ബുദ്ധിമുട്ടാകുന്നുണ്ടോ? അവിടുത്തേക്ക് പ്രത്യേകമായ ഒരു കൂടാരമുണ്ടാക്കി അതിൽ ഇരുന്നാലോ?നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അവരുടെ മടമ്പുകൾ എന്റെ കാലിൽ തൊടുമ്പോഴും എന്റെ വസ്ത്രങ്ങളിൽ ഒക്കെ അവർ സ്പർശിച്ച് തിക്കിത്തിരക്കി പോകുമ്പോഴും പരിസരത്തുള്ള പൊടിപടലങ്ങൾ എന്നെ ബാധിക്കുമ്പോഴും അല്ലാഹുവിൽ നിന്ന് കാരുണ്യം ലഭിക്കുന്നത് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
    എത്ര വിശാലമായ ഒരു വിചാരമാണ് ഇവിടെ പങ്കുവെച്ചത്. പൊതുജനങ്ങളോട് സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ അതുവഴി ഉണ്ടാകുന്ന പ്രയാസങ്ങൾ അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തിന് നിദാനമാണ്. സമൂഹത്തെ നയിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നവർ അത്തരം വിശാലവിചാരങ്ങൾ ഉൾക്കൊള്ളേണ്ടവരാണ്. ലോകത്തെ ഏറ്റവും ഉന്നത വ്യക്തിത്വം സാധാരണക്കാരിൽ സാധാരണക്കാരോടൊപ്പം സഹവസിച്ചപ്പോൾ ഉണ്ടായ മനോവിചാരത്തെയാണ് നാം പകർത്തിയത്. ഇതിലേറെ മനോഹരമായ ഒരു മാനവിക വിചാരം മറ്റേതാണ് നമുക്ക് പങ്കുവെക്കാൻ ഉള്ളത്!
    പ്രഭാത നിസ്ക്കാരം കഴിയുമ്പോൾ മദീനയിലെ വീടുകളിൽ നിന്നുള്ള പരിചാരകർ പാത്രങ്ങളിൽ വെള്ളവുമായി പള്ളിമുറ്റത്തെത്തും. പ്രവാചകനിﷺൽ നിന്നുള്ള അനുഗ്രഹം സ്വീകരിക്കാൻ വേണ്ടിയായിരുന്നു അത്. എത്ര തണുപ്പുള്ള പ്രഭാതം ആണെങ്കിലും അവിടുത്തെ തിരുകരങ്ങൾ അതിൽ സ്പർശിക്കുകയും അവർക്ക് അനുഗ്രഹ തീർഥമായി നൽകുകയും ചെയ്യും.
    പ്രവാചകർﷺക്ക് വേണ്ടി കാത്തുനിൽക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തിയില്ല. തണുപ്പോ ചൂടോ പറഞ്ഞു അവരുടെ സന്തോഷങ്ങൾക്ക് വിഘാതം നിന്നില്ല. അവർക്കും അവർ പ്രതിനിധീകരിച്ചു വന്ന വീട്ടുകാർക്കും സന്തോഷ ഐശ്വര്യങ്ങൾക്ക് വേണ്ടിയായിരുന്നു പ്രവാചകരുﷺടെ ഈ സമീപനം.
    പ്രവാചകൻﷺ ഒരു മതിലിന്റെ പരിചരണം അഥവാ അറ്റകുറ്റപ്പണികൾ തീർത്തുകൊണ്ടിരിക്കുന്ന രംഗത്തേക്ക് കടന്നുവന്ന അനുഭവം ഖാലിദുബ്നു വലീദ്(റ) പങ്കുവെക്കുന്നുണ്ട്.
    ഒരു പ്രതിയോഗിയും മുന്നിലില്ലാത്ത വിധം സർവ്വതാ വിജയം വരിച്ചുകൊണ്ട് മക്കയിലേക്ക് പ്രവേശിച്ചപ്പോൾ പ്രവാചകൻﷺ ആവേശത്താൽ തുള്ളുകയായിരുന്നില്ല. എന്നോട് ആരും ചോദിക്കാനില്ല എന്ന ഭാവത്തിൽ ഗർവ് നടിക്കുകയായിരുന്നില്ല. ഇന്നലെ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയവരെല്ലാം പരാജയപ്പെട്ടിരിക്കുന്നു എന്ന വിചാരത്തിൽ അവർക്കുമേൽ അധികാര സ്വരം ഉയർത്തുകയായിരുന്നില്ല. അതീവ വിനയാന്വിതരായി, സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിൽ മുകളിലേക്ക് മുഖം താഴ്ത്തി, അല്ലാഹുവിന്റെ മുന്നിൽ സാഷ്ടാംഗത്തിൽ ആവുകയായിരുന്നു. ഇങ്ങനെ ഒരു വിജയാരവം, ചരിത്രം വേറെ അടയാളപ്പെടുത്തിയിട്ടില്ല. എല്ലാ ശത്രുക്കളും പരാജയമടഞ്ഞു ആരും ചോദിക്കാനില്ലാത്ത വിധം മുന്നോട്ടുവന്ന ഒരു നായകരും ഇങ്ങനെ ഒരു വിനയ വിസ്മയം ലോകത്തിനു കാഴ്ചവെച്ചിട്ടുമില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...