
തിരുനബിﷺയുടെ ജീവിതം വിനയത്തിന്റെ വിസ്മയ രൂപമായിരുന്നു എന്നാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം ജീവിതത്തിൽ താഴ്മയും വിനയവും പ്രകടിപ്പിക്കുന്നതോടൊപ്പം അനുവാചകരുടെ ഹൃദയങ്ങളിൽ അവ അടയാളപ്പെടുത്താനുള്ള വിചാരങ്ങളെ കൃത്യമായും തിരുനബിﷺ ഉണർത്തുന്നുണ്ടായിരുന്നു. ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ പ്രവാചകൻﷺ ചോദിച്ചു. സ്വർഗ്ഗവാസികൾ ആരാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ? അനുവാചകർ പറഞ്ഞു, അതെ. ദുർബലരും അരികുവത്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമാണ്. അവർ അല്ലാഹുവിനെ മുൻനിർത്തി സത്യം ചെയ്തു പറഞ്ഞാൽ അത് സാധിക്കും. അങ്ങനെയുള്ളവരാണ് അവർ. നരകവാസികൾ ആരാണെന്ന് നിങ്ങൾക്കറിയാമോ എന്നതായിരുന്നു അടുത്ത ചോദ്യം. മറുപടിയിൽ ഇങ്ങനെ പറഞ്ഞു. അഹംഭാവം ഉള്ളവരും അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നവരും സമ്പത്തുകൾ പൂഴ്ത്തിവെച്ച് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുന്നവരുമാണ്.
വിനയത്തിലും ലാളിത്യത്തിലും ദാരിദ്ര്യത്തിലും ഒക്കെ താമസിച്ച നല്ലവർക്ക് സ്വർഗ്ഗത്തിൽ പ്രഥമ പരിഗണനയുണ്ട് എന്നാണ് പഠിപ്പിച്ചു തരുന്നത്. ആസ്തിയും സമ്പാദ്യവും ഉള്ളപ്പോഴും മറ്റുള്ളവരെ പരിഗണിക്കാനും പാവങ്ങളുടെ മൂല്യം തിരിച്ചറിയാനും സമ്പന്നർക്ക് സാധിക്കണം എന്ന അധ്യാപനമാണ് ഇതിലൂടെ നൽകുന്നത്. അധികാരവും ആസ്തിയും ഉള്ളവർ നീതിനിഷ്ഠമായി ജീവിച്ചാൽ അവർക്ക് സ്വർഗം ഉണ്ടെന്ന് മറ്റ് ഹദീസ് പാഠങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഏത് ഉയർച്ചയിലും വിനയാന്വിതരാകാനുള്ള ഉപദേശമായിരുന്നു അവിടുന്ന് നൽകിക്കൊണ്ടിരുന്നത്.
തിരുനബിﷺയുടെ ശിഷ്യന്മാർ വളരെ സൗഹൃദത്തോടുകൂടി നബിﷺയോട് സംസാരിക്കും. വെള്ളം വിതരണം ചെയ്യുന്നവർ അവസാനമാണ് കുടിക്കേണ്ടത് തുടങ്ങിയുള്ള ഉപദേശങ്ങളോടെ തിരുനബിﷺ വ്യവഹാരങ്ങൾ നടത്തുമ്പോൾ ഒരിക്കൽ അനുയായികൾ ചോദിച്ചു. അവിടുന്ന് ആടുകളെ മേയ്ച്ചിട്ടുള്ളത് പോലെയുണ്ടല്ലോ. അഥവാ ആട്ടിടയൻ പരിപാലിക്കും പോലെ ഞങ്ങളെ താലോലിച്ചുകൊണ്ട് നടക്കുന്നുണ്ടല്ലോ എന്ന തിരിച്ചറിവിൽ നിന്നായിരുന്നു ആ ചോദ്യം. അഭിമാനത്തോടെ തിരുനബിﷺ അവരോട് ഇങ്ങനെ പ്രതികരിച്ചു. അല്ല ഏതെങ്കിലും പ്രവാചകർ ഉണ്ടോ ആടിനെ മേയ്ക്കാത്തതായി? അഥവാ എല്ലാ പ്രവാചകന്മാരും ആടിനെ മേയ്ച്ചിട്ടുണ്ട്. തിരുനബിﷺ ബനൂസഅദിലെയും മറ്റും ആടുകളെ മേയ്ച്ച അനുഭവങ്ങൾ അനുയായികളോട് പങ്കുവെക്കുമായിരുന്നു. ഒരു സംഘത്തെ കൃത്യമായി അനുനയിപ്പിച്ച് ശരിയായ ദിശയിലേക്ക് നയിക്കാനുള്ള പരിശീലനം ഇടയവൃത്തിയിലൂടെ ലഭിക്കുമായിരുന്നു.
വിനയം കാണിക്കുന്ന എല്ലാവർക്കും ഉയർച്ച ലഭിക്കും എന്ന അധ്യാപനം ലോകാവസാനം വരെയുള്ള പരകോടികൾക്ക് കൃത്യമായ മാർഗ്ഗദർശനം നൽകുന്നതായിരുന്നു. സൃഷ്ടികളിൽ ഏറ്റവും ഉന്നത പദവി അലങ്കരിക്കുമ്പോഴും ഏറ്റവും കൂടുതൽ വിനയഭാവങ്ങളോടെ ആയിരുന്നല്ലോ അവിടുന്ന് ജീവിച്ചത്. നടന്നുപോകുന്ന വഴിയിൽ കുട്ടികളെ കണ്ടാൽ അവരെ പരിഗണിക്കുകയും വാത്സല്യത്തോടെ സമീപിക്കുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ സമയം കണ്ടെത്തി കുട്ടികളെ കളിപ്പിക്കുകയും കുട്ടികൾക്കിടയിൽ മത്സരങ്ങൾ ഏർപ്പെടുത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. കുഞ്ഞുങ്ങളുടെ വിനോദങ്ങളെക്കുറിച്ച് തിരുനബിﷺ പ്രത്യേകം ശ്രദ്ധിക്കും. തിരുനബിﷺയുടെ പരിചാരകനായിരുന്ന അനസി(റ)ന്റെ സഹോദരൻ ഒരു കുഞ്ഞു കിളിയെ പരിപാലിച്ചിരുന്നു. ഒരു ദിവസം ആ കിളി ചത്തുപോയി. കിളിയെ താലോലിച്ചു കൊണ്ട് നടന്നിരുന്ന കുട്ടിയോട് തിരുനബിﷺ അന്വേഷിച്ചു. മോനെ നിന്റെ കിളി എവിടെപ്പോയി? ആ വിളിക്കുന്നതിനും ഒരു വാത്സല്യം ഉണ്ടായിരുന്നു. അല്ലയോ അബൂഉമൈർ(റ) മോന്റെ കുഞ്ഞു കിളി എന്തായി എന്നായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
