Tweet 711

    Tweet 711
    May 25, 2024 • Saturday
    Post Header

    “തങ്ങളെ പിൻപറ്റിയ വിശ്വാസികൾക്ക് അവിടുന്ന് ചിറക് താഴ്ത്തി കൊടുക്കുക.” വിശുദ്ധ ഖുർആനിലെ ഇരുപത്തിരണ്ടാം അധ്യായം അശ്ശുഅറാഇലെ ഇരുന്നൂറ്റി പതിനഞ്ചാം സൂക്തത്തിന്റെ ലളിത സാരമാണിത്. തിരുനബിﷺയിലെ വിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങളുടെ വിലാസമാണ് ഈ സൂക്തം. സൃഷ്ടികളിൽ ഏറ്റവും ഉന്നതസ്ഥാനത്തുള്ള പുണ്യ റസൂൽﷺ ജനസാമാന്യത്തോട് എങ്ങനെയാണ് പെരുമാറിയിരുന്നത്? സമ്പർക്കത്തെ കുറിച്ചുള്ള എന്ത് വിചാരങ്ങളാണ് കൈമാറിയത്? നാം വായിക്കുകയാണ്.
    ഇമാം അബൂ നുഐം(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺയും ജിബ്‌രീലും(അ) ഒപ്പം ഇരിക്കുകയായിരുന്നു. ആകാശമണ്ഡലം ഒന്നു വിടർന്നു. ജിബ്‌രീല്‍(അ) ഭൂമിയോട് കൂടുതൽ അടുത്തു. അപ്പോഴതാ കഅ്ബയുടെ രൂപത്തിൽ അരക്കെട്ടുള്ള ഒരു മലക്ക് പ്രത്യക്ഷപ്പെട്ടു. അല്ലാഹു നബിﷺയുടെ അടുക്കലേക്ക് നിയോഗിച്ചതായിരുന്നു ആ മലക്കിനെ. ഇസ്റാഫീൽ(അ) ആയിരുന്നു അത്. മുമ്പൊരിക്കലും ഒരു പ്രവാചകന്റെﷺ അടുക്കലും ഇതുപോലെ വന്നിട്ടില്ല. ഇനിയൊരിക്കലും ഒട്ടു വരികയും ഇല്ല. ആഗതനായ മലക്ക് നബിﷺയോട് സലാം പറഞ്ഞു. അഭിവാദ്യം ചെയ്തു. ഞാൻ അല്ലാഹുവിൽ നിന്ന് നിയോഗിക്കപ്പെട്ട പ്രകാരം വന്നതാണെന്നും അല്ലാഹു പ്രത്യേകം സലാം അറിയിച്ചിട്ടുണ്ടെന്നും നബിﷺയോട് പറഞ്ഞു. ഒരു കാര്യത്തിൽ തെരഞ്ഞെടുപ്പ് അറിയാൻ വേണ്ടിയാണ് ഞാൻ വന്നത്. അവിടുന്ന് രാജാവായ നബി ആവാൻ ആണോ ആഗ്രഹിക്കുന്നത് അതല്ല ദാസനായ പ്രവാചകൻ ആകാൻ ആണോ ആഗ്രഹിക്കുന്നത്? ഈ അഭിപ്രായം ആരാഞ്ഞപ്പോൾ നബിﷺ ജിബ്‌രീലി(അ)നെ ഒന്ന് നോക്കി. ഒരു അഭിപ്രായ അന്വേഷണം എന്ന സ്വഭാവത്തിലായിരുന്നു ആ നോട്ടം. ജിബ്‌രീൽ(അ) വിനയത്തെ സൂചിപ്പിക്കുന്ന ആംഗ്യം കാണിച്ചു. പ്രവാചകൻﷺ ഇസ്റാഫീലി(അ)നോട് പറഞ്ഞു. ഒരു ദാസനായ പ്രവാചകൻ ആകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
    വിനയപൂർണമായ ഈ തെരഞ്ഞെടുപ്പിന്റെ മുഹൂർത്തം നബിﷺ പ്രിയ പത്നി ആഇശ(റ)യോട് പങ്കുവെച്ചു. എന്നിട്ട് ഇങ്ങനെ കൂടി ചേർത്ത് പറഞ്ഞു. ഞാൻ രാജാവായ പ്രവാചകൻ ആകണം എന്നായിരുന്നു തെരഞ്ഞെടുത്തിരുന്നതെങ്കിൽ പർവതങ്ങൾ സ്വർണമായി എന്നോടൊപ്പം സഞ്ചരിക്കുമായിരുന്നു.
    മഹതി ആഇശ(റ) തുടരുന്നു. ഇങ്ങനെയുള്ള തിരുനബിﷺ വളരെ വിനയാന്വിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അടിമകൾ ഇരിക്കും പോലെ ഇരിക്കുകയും അവർ ഭക്ഷണം കഴിക്കുമ്പോൾ തളികയിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു.
    ജീവിതത്തിന്റെ എല്ലാ മേഖലയിലും ആ വിനയം നിറഞ്ഞു നിന്നു. കയ്യിൽ നിന്ന് കാരക്ക കൊഴിഞ്ഞു നിലത്തേക്ക് വീണാൽ അതെടുത്ത് ഭക്ഷിക്കും. സക്കാത്തിന്റെ വിഹിതം ഒരു ധാന്യം പോലും ഭക്ഷണത്തിൽ അകപ്പെടരുത് എന്ന കണിശത പാലിച്ചു. കഴുതപ്പുറത്ത് സഞ്ചരിക്കുകയും, ചിലപ്പോൾ അതിന്മേൽ വിരിപ്പില്ലെങ്കിലും യാത്ര ചെയ്യാൻ മടി കാണിക്കാതിരിക്കുകയും ചെയ്തു.
    വാഹനപ്പുറത്ത് സ്വഹാബികളെ ഒപ്പമിരുത്തി യാത്ര ചെയ്യുമായിരുന്നു. തിരുനബിﷺയോട് ഒപ്പം ഇരുന്ന് യാത്ര ചെയ്തവർ എന്ന വിലാസത്തിൽ ഒരു അധ്യായം തന്നെ നമുക്ക് വായിക്കാനുണ്ട്. അറബിയിൽ അതിന് റദീഫ് എന്നാണ് പ്രയോഗിക്കുക. അങ്ങനെ യാത്ര ചെയ്തപ്പോൾ നബിﷺ തന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും വളരെ കൗതുകത്തോടുകൂടിയാണ് അനുയായികൾ പങ്കുവെച്ചിട്ടുള്ളത്. അബൂദർ അൽ ഗിഫാരി(റ) എന്ന പ്രമുഖ സ്വഹാബി പറയുന്നു. നബിﷺ കഴുതപ്പുറത്ത് യാത്ര ആരംഭിച്ചു. എന്നെയും പിൻസീറ്റിലിരുത്തി കൊണ്ടുപോയി. നാലു ദിർഹം മാത്രം വില വരുന്ന നുരുമ്പാനായ ഒരു മേലങ്കിയിട്ട വാഹനത്തിന്റെ മേലെയാണ് തിരുനബിﷺ ഹജ്ജ് നിർവഹിക്കാൻ വേണ്ടി പോയത്. എല്ലാ രാജപ്രൗഢിയോടെയും യാത്ര ചെയ്യാൻ പറ്റുന്ന ഒരു കാലത്തായിരുന്നു അത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...