
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം തിരുനബിﷺ പൗത്രനായ ഹസ്സൻ(റ) മോനെ ചുംബിച്ചു. സദസ്സിൽ ഉണ്ടായിരുന്ന അഖ്റ ബിൻ ഹാബിസ്(റ) എന്നയാൾ അത്ഭുതത്തോടു കൂടി പറഞ്ഞു. എനിക്ക് പത്തു സന്താനങ്ങൾ ഉണ്ട്. ഇതുവരെയും അതിൽ ഒരാൾക്കും ഞാൻ മുത്തം കൊടുത്തിട്ടില്ല. ഏറെ ആശ്ചര്യത്തോടുകൂടി തിരുനബിﷺ അദ്ദേഹത്തെ ഒന്ന് നോക്കി. വളരെ അർത്ഥവത്തായ ഒരു വാക്കിൽ ഇങ്ങനെ പ്രതികരിച്ചു. ‘കാരുണ്യം നൽകാത്തവർക്ക് കാരുണ്യം ലഭിക്കുകയില്ല.’ മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെയുണ്ട്. ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബിﷺയോട് ചോദിച്ചു. അവിടുന്ന് കുട്ടികളെ ചുംബിക്കാറുണ്ട് എന്ന് കേട്ടു. ഞങ്ങൾ അങ്ങനെ കുട്ടികളെ ചുംബിക്കാറില്ല. “നിങ്ങളുടെ ഹൃദയത്തിൽ നിന്ന് അല്ലാഹു കാരുണ്യം ഊരിയെടുത്തു എന്നല്ലാതെ മറ്റെന്ത് പറയാനാണ്.” ഈ ആശയത്തിൽ ആയിരുന്നു തിരുനബിﷺയുടെ പ്രതികരണം.
ഈ നിവേദനങ്ങൾ എത്ര വിപുലമായ ആശയങ്ങളാണ് നമുക്ക് പകർന്നു തരുന്നത്. തിരുനബിﷺ പ്രബോധനം ചെയ്ത ഒരു സമൂഹത്തിന്റെ മനോഗതിയും സാമൂഹിക വിചാരങ്ങളും എത്രമേൽ താഴ്ന്നതായിരുന്നു. അവരെ സമുദ്ധരിക്കാൻ തിരുനബിﷺ ഏതെല്ലാം നയങ്ങളും രീതികളും പ്രയോഗിച്ചു. മനുഷ്യമനസ്സുകളിൽ കരുണയും ആർദ്രതയും അനുതാപവും നിറക്കുക എന്നത് എത്രമാത്രം ശ്രമകരമായ ദൗത്യമാണ്. മാതൃകാപരമായി അവിടുത്തെ ജീവിതത്തെ അവതരിപ്പിച്ചപ്പോഴാണ് സമൂഹത്തിന്റെ മുഴുവനും ഗതി മാറ്റിയെഴുതാൻ തിരുനബിﷺക്ക് സാധിച്ചത്. സ്വന്തം സന്താനങ്ങൾക്ക് ചുംബനം കൊടുക്കാത്ത ഒരു ജനതയുടെ മുമ്പിൽ, അരുമ സന്താനത്തിന് ചുടുചുംബനം നൽകി ജീവിതത്തെ ആവിഷ്കരിച്ചപ്പോഴാണ് സദസ്സിന്റെ ഹൃദയത്തിൽ കരുണ സ്ഥാപിക്കാനായത്.
മക്കാ വിജയവേളയിൽ തിരുനബിﷺയുടെ സഞ്ചാര വഴിയിൽ അർജ് എന്ന പ്രദേശത്തുണ്ടായ ഒരു സംഭവം നാം നേരത്തെ വായിച്ചു പോയിട്ടുണ്ട്. കുഞ്ഞുങ്ങളെ പരിപാലിച്ച് വഴിയിൽ കിടക്കുന്ന ഒരു നായ തിരുനബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ തിരുനബിﷺ ജുഐൽ ബിൻ സുറാഖ(റ) എന്നയാളോട് പറഞ്ഞു. നിങ്ങൾ ഇവിടെ തന്നെ നിൽക്കുക. നമ്മുടെ സംഘം ഇതുവഴി കടന്നു വരുമ്പോൾ ഈ നായക്കും കുട്ടികൾക്കും ഒരു ശല്യവും ഉണ്ടാവരുത്.
ചരിത്രപരമായ ഒരു മുന്നേറ്റത്തിന്റെ സഞ്ചാര വഴിയിലും സഹജീവിയുടെ സുരക്ഷയ്ക്ക് വേണ്ടി ആലോചിക്കാനും ആളെ ഏർപ്പെടുത്താനും തിരുനബിﷺ കാണിച്ച ശ്രദ്ധയെ എത്ര സമുജ്വലമായിട്ടാണ് വായിക്കുകയും പകർത്തുകയും ചെയ്യേണ്ടത്.
അനസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ പുത്രൻ ഇബ്രാഹിം ആസന്ന ഘട്ടത്തിൽ എത്തി. നബിﷺ മകനെ അടുത്തേക്ക് ചേർത്തുപിടിച്ചു. ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ ആണെന്ന് അവിടുത്തേക്ക് അനുഭവപ്പെട്ടു. തിരുനബിﷺയുടെ കണ്ണുകൾ ഈറനണിഞ്ഞു. അവിടെനിന്ന് ഇങ്ങനെ പറഞ്ഞു. ഹൃദയം വേദനിക്കുന്നുണ്ട്. കണ്ണുകൾ ഒലിക്കുന്നുണ്ട്. പക്ഷേ, അല്ലാഹുവിന് തൃപ്തിപ്പെടാത്തതൊന്നും നാം പറയില്ല.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. അല്ലാഹുവിന്റെ ദൂതരായിരിക്കെ അവിടുന്ന് കരയുകയോ എന്ന് ആരോ ചോദിച്ചു. ഉടനെ പ്രവാചകന്റെﷺ മറുപടി ഇപ്രകാരമായിരുന്നു. ഇത് കാരുണ്യത്തിന്റെ കണ്ണുനീരാണ്.
ആർദ്രതയുടെ ഹൃദയംകൊണ്ട് കരുണ നിറഞ്ഞ പരകോടി ഹൃദയങ്ങളെ നിർമ്മിക്കുകയായിരുന്നു തിരുനബിﷺ. മനുഷ്യകത്തിന്റെ മനസ്സുകളിൽ ഇരുട്ടു പടർന്നപ്പോൾ കരുണയുടെ അരുണ വർഷങ്ങൾ പ്രവേശിപ്പിച്ചു അവകളെ പ്രഭാപൂരിതമാക്കുകയായിരുന്നു തിരുനബിﷺ ചെയ്ത ദൗത്യം. കാരുണ്യവാനായ അല്ലാഹുവിനെ പരിചയപ്പെടുത്താൻ കാരുണ്യത്തിന്റെ സമവാക്യമായി ഉദിച്ചു വന്നതായിരുന്നു തിരുനബിﷺ. മൂല്യങ്ങളുടെ മഹാ ലോകത്തുനിന്ന് മുഹമ്മദ് നബിﷺയെ പഠിക്കാൻ ഒരുങ്ങുന്നവർക്ക് എല്ലാ നന്മകളുടെയും കേദാരവും പര്യായവുമായി തിരുനബിﷺയെ വായിക്കാം. അതെ, തീർച്ച!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
