Tweet 699

    Tweet 699
    May 13, 2024 • Monday
    Post Header

    തിരുനബിﷺയുടെ വിട്ടുവീഴ്ചയെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഉഹ്ദ് യുദ്ധഭൂമിയാണ് രംഗം. ശത്രുപക്ഷത്തു നിന്ന് ഏറെ ആക്രമണങ്ങൾ ഉണ്ടായി. ഒടുവിൽ തിരുനബിﷺയുടെ ശരീരത്തും ആയുധങ്ങൾ പതിച്ചു. മുഖത്ത് മുറിവേൽക്കുകയും പല്ലുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. തിരുശരീരത്തിൽ നിന്ന് പുണ്യ രക്തം ഇറ്റു വീഴാൻ തുടങ്ങി. സ്വന്തത്തേക്കാൾ തിരുനബിﷺയെ സ്നേഹിക്കുന്ന അനുചരന്മാർക്ക് ഏറെ ദുഃഖമായി. തങ്ങൾ ഓരോരുത്തരും കൊല്ലപ്പെട്ടാലും തിരുനബിﷺക്ക് ഒരു മുറിവ് പോലും ഏൽക്കരുത് എന്നാണ് അവരുടെ നിലപാട്. അവർ അതിനു വേണ്ടി മാറുകാണിക്കാനും സമർപ്പിക്കാനും തയ്യാറാണ്.
    യുദ്ധക്കളത്തിൽ പടർന്ന ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സ്വഹാബികളിൽ പലരും പല വഴിക്കു നീങ്ങി. തിരുനബിﷺയുടെ അടുത്തുള്ളവരാണ് അവിടുത്തെ പരിക്കിനെ കുറിച്ച് നൊമ്പരപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒടുവിൽ ഒരാൾ ഇങ്ങനെ പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുത്തെ തിരുമേനിയിൽ പരിക്കേൽപ്പിച്ചവർക്കെതിരെ അവിടുന്ന് അല്ലാഹുവിനോട് ഒന്ന് പ്രാർത്ഥിച്ചാലും. പ്രവാചകൻﷺ സമ്മതിച്ചില്ല. ഇങ്ങനെ പ്രതികരിക്കുകയും ചെയ്തു. ഞാൻ ശപിക്കാനോ ശാപവർഷം ചൊരിയാനോ അല്ല നിയോഗിക്കപ്പെട്ടത്. കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രതീകമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്. ശത്രുപക്ഷത്തുനിന്ന് ഒരാളെങ്കിലും നേർവഴിയിൽ എത്തിയാൽ അതാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ കാരണമായി ഒരാൾക്കും ഒന്നും സംഭവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
    ഇപ്പോൾ നാം വായിച്ചത് കേവലമായ ഒരു സിദ്ധാന്ത പ്രഭാഷണം അല്ല. സ്വന്തം ശരീരത്തിലേക്ക് പരിക്കേറ്റപ്പോൾ സ്വീകരിച്ച നിലപാടാണ്. തത്വവും മൂല്യവും ഒക്കെ പറയാൻ ഒരുപാടുപേർക്ക് കഴിയും. സ്വയം ജീവിതത്തിൽ നടപ്പിലാക്കാൻ ഏറെ ആൾക്കും സാധിച്ചു കൊള്ളണമെന്നില്ല. തിരുനബിﷺ അവിടുത്തെ ജീവിതത്തിൽ പ്രയോഗിച്ചുകൊണ്ടാണ് മൂല്യങ്ങളെ പ്രബോധനം ചെയ്യുന്നത്. ജീവിതം കൊണ്ടാണ് ധർമ്മത്തെ ആവിഷ്കരിക്കുന്നത്. നിലപാടുകളിലൂടെയാണ് നീതിയെ നടപ്പിലാക്കിയത്. ആത്മസമർപ്പണത്തോടുകൂടിയാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ആരെക്കുറിച്ചെങ്കിലും അഭിപ്രായം പറഞ്ഞു കൊണ്ടല്ല അവിടുന്ന് മുന്നേറിയത്. കർമ്മവും നേരിട്ട് ഇറങ്ങുകയും കർമ്മ വഴിയിൽ സ്വയം നിലനിൽക്കുകയും ചെയ്തു കൊണ്ടാണ് സ്ഥാപിച്ചെടുക്കേണ്ട നന്മകളെ കുറിച്ച് സംവാദങ്ങൾ നടത്തിയത്.
    ഉഹ്ദിൽ പരിക്കേൽപ്പിച്ചവർക്കെതിരെ പ്രാർഥിച്ചില്ലെന്ന് മാത്രമല്ല, അവർക്ക് അനുകൂലമായി അല്ലാഹുവോട് ശിപാർശ ചെയ്യുക കൂടി ചെയ്തു. ഇങ്ങനെയായിരുന്നു ആ പ്രാർത്ഥനയുടെ ആശയം. അല്ലാഹുവേ എന്റെ ജനങ്ങൾക്ക് നീ പൊറുത്തു കൊടുക്കേണമേ! അവർ അറിവില്ലാത്തവരാണ്.
    പരിക്കേൽപ്പിച്ചവരെ കുറിച്ചും എന്റെ ജനത എന്ന് പ്രയോഗിക്കാൻ എത്ര വിശാലമായ ഒരു ഹൃദയമാണ് തിരുനബിﷺ വഹിച്ചിരുന്നത്. നൊമ്പരം കടിച്ചിറക്കുമ്പോഴും ജനതയുടെ ക്ഷേമത്തിനു വേണ്ടി അല്ലാഹുവോട് പ്രാർഥിക്കുന്നു. എന്റെ മുന്നിൽ ശത്രുക്കളായി നിലനിൽക്കുന്നവർ ഒരുപക്ഷേ നേർവഴിക്ക് വന്നില്ലെന്ന് വരാം. എന്നാൽ അവരുടെ പരമ്പരകളെങ്കിലും സ്വർഗ്ഗത്തിന്റെ വഴിയിൽ വരട്ടെ എന്നായിരുന്നു അവിടുത്തെ ഹൃദയം മന്ത്രിച്ചത്, അവിടുത്തെ മനസ്സ് കൊതിച്ചത്.
    തിരുനബിﷺ എപ്പോഴും മുന്നിൽ കണ്ടിരുന്നത് പൊതുജനങ്ങളുടെ ക്ഷേമവും ആശ്വാസവും ആയിരുന്നു. അനുഷ്ഠാനങ്ങളിൽ പാലിച്ച നിലപാടുകളിൽ പോലും ഇത് കാണാമായിരുന്നു. ഓരോ നിസ്കാരത്തിനു മുമ്പും ദന്ത ശുദ്ധീകരണം നിർബന്ധമാക്കാൻ എനിക്ക് താല്പര്യമുണ്ട്, പക്ഷേ എന്റെ അനുയായികൾക്ക് അത് പ്രയാസമാകുമോ എന്ന് കരുതി ഞാൻ അതിനെ പുണ്യകർമ്മമായി മാത്രം നിലനിർത്തുന്നു. പാതിരാ നിസ്കാരം സ്വന്തം നിർബന്ധമായി നിർവഹിക്കുമ്പോഴും അനുയായികൾക്ക് അത് ഐച്ഛികമായി മാത്രം നിലനിർത്തുന്നു. റമളാനിലെ രാത്രി നിസ്കാരം നിർബന്ധമാക്കപ്പെടുമോ എന്ന് ഭയന്ന് പള്ളിയിൽനിന്ന് സ്വകാര്യമുറിയിലേക്ക് മാറി നിർവഹിക്കുന്നു. ഓരോ ആരാധനാകർമങ്ങളിലും ലളിതമായ ഭാഗം ജനങ്ങളോട് പറഞ്ഞു കൊടുക്കുകയും കണിശമായ നിലയിൽ സ്വന്തം ജീവിതത്തിൽ പുലർത്തുകയും ചെയ്യുന്നു. മാംസത്തിൽ വിഷമൂട്ടി സൽക്കരിച്ച സ്ത്രീക്ക് നിരുപാധികം മാപ്പ് നൽകുന്നു. കൊടും ക്രൂരമായി പെരുമാറിയ എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.
    തിരുനബിﷺയുടെ വിടുതിയുടെ വിഹായുസ്സിലൂടെ സഞ്ചരിച്ചാൽ തീരമണയാനാവാത്ത ഒരു യാത്രയായിരിക്കും അത്. ഇനി ആ ജീവിതത്തെ മുഴുവൻ ഹൃദയത്തോട് ചേർത്തു വെച്ചു ആലോചിക്കാം. സമാനമായ മുഹൂർത്തങ്ങൾ മുഴുവനും ഈ അധ്യായത്തോട് ചേർത്ത് നമുക്ക് പഠിച്ചു കൊണ്ടിരിക്കാം. നാളത്തെ രക്ഷയ്ക്കുവേണ്ടി നമുക്കും കരുതിവെക്കാവുന്ന കരുതൽ ധനം കാരുണ്യത്തിന്റെ തിരുദൂതരുടെ സാന്നിധ്യം ഒന്നുമാത്രം. അതെ, അത് മാത്രം. അല്ലാഹുവിന്റെ ഔദാര്യത്തിലേക്കുള്ള കവാടമായി വേറെ ആരെയാണ് കാത്തുവെക്കാനുള്ളത്!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...