
തിരുനബിﷺയുടെ ജീവിതത്തിലും വ്യക്തിത്വത്തിലും നിറഞ്ഞുനിൽക്കുന്ന ആശയ സൗന്ദര്യത്തെയാണ് നാം പകർത്തുന്നത്. വ്യക്തിയിൽ നിറഞ്ഞു നിൽക്കുന്നതും സമൂഹത്തിൽ പ്രതിഫലിക്കുന്നതുമായ എല്ലാ നന്മകളും തിരുനബിﷺയിൽ വായിക്കാൻ കഴിയും.
ഓരോ വ്യക്തിയിലും അവരുടെ നിലവാരത്തിനും പദവിക്കുമനുസരിച്ച് വ്യവഹാരങ്ങളിലും വ്യത്യാസമുണ്ടാകും. സാധാരണക്കാർ തുറന്നു പറയുന്നതും പ്രകടിപ്പിക്കുന്നതുമെല്ലാം ഉന്നതർ പരാമർശിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തുകൊള്ളണമെന്നില്ല. സ്ഥാന പദവികൾക്കനുസരിച്ച് ആവിഷ്കാരങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും.
ലജ്ജയും നാണവും പല അർത്ഥത്തിലും വായിക്കപ്പെടും. അഭംഗിയുള്ളത് ചെയ്യാതെ സൂക്ഷിക്കുക, അത്ര ഭംഗി ഇല്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ മാനങ്ങളിലൂടെ ലജ്ജയെ മനസ്സിലാക്കിക്കൊണ്ട് തിരുനബിﷺ എത്രമേൽ നാണവും ലജ്ജയും പാലിച്ചിരുന്നു എന്ന് നാം പഠിക്കുകയാണ്. തിരുനബിﷺയുടെ സൗന്ദര്യവും ജീവിതവും പകർത്തിയ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഈ വിഷയവുമായി ബന്ധപ്പെട്ടു സ്വതന്ത്ര അദ്ധ്യായം എഴുതിയിട്ടുണ്ട്.
അബൂ സഈദ് അൽ ഖുദ്‌രി(റ) അഭിപ്രായപ്പെടുന്നു. അരമനയിൽ കഴിയുന്ന കന്യകയെക്കാൾ നാണമായിരുന്നു തിരുനബിﷺക്ക്. അനിഷ്ടമായത് എന്തെങ്കിലും കണ്ടാൽ മുഖത്ത് അത് പ്രതിഫലിക്കുമായിരുന്നു. അനസ്(റ) പറയുന്നു. നബിﷺയുടെ സദസ്സിൽ വന്ന ഒരാളുടെ മുഖത്ത് ഒരു മഞ്ഞനിറം കാണാനിടയായി. അയാളോട് നേരിട്ട് പറഞ്ഞാൽ എങ്ങനെയുണ്ടാകും എന്ന് ആലോചിച്ച നബിﷺ, അദ്ദേഹത്തോട് അത് തുറന്നു പറയാൻ ഉദ്ദേശിച്ചില്ല. കൂട്ടുകാരോട് പറഞ്ഞു സ്വകാര്യമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ഒരു വ്യക്തിയെക്കുറിച്ച് എന്തെങ്കിലും ഔചിത്യം ഇല്ലാത്ത കാര്യം അറിഞ്ഞാൽ നേരിട്ട് അയാളോട് പറയുന്നതിനും പരസ്യമായി അയാളോട് പറയുന്നതിനും തിരുനബിﷺക്ക് പരിമിതികൾ ഉണ്ടായിരുന്നു. പൊതു തത്വങ്ങൾ ആയി ഉപദേശിച്ചു അയാളെ കൂടി ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു അവിടുന്ന് സ്വീകരിച്ച മാർഗം. ഇങ്ങനെയൊക്കെ പ്രയോഗിക്കുന്ന ആളുകളുടെ അവസ്ഥ എന്താണ്? എന്ന തിരുനബിﷺയുടെ ഒരു ചോദ്യം പലരുടെയും പല രീതികളെയും തിരുത്തിയെടുക്കാനുള്ളതായിരുന്നു. അതവർക്ക് ഫലം ചെയ്യുകയും ചെയ്തു. ആരെങ്കിലും ഒരാവശ്യം ഉന്നയിച്ചാൽ അവരെ നിരാശരാക്കി വിടുന്നത് തിരുനബിﷺക്ക് നാണമായിരുന്നു. നാണം തോന്നിയാൽ കണ്ണ് ചിമ്മുകയും പരമാവധി താഴേക്ക് നോക്കി വിനയത്തോടെ സഞ്ചരിക്കുകയും, കൂടുതൽ നോട്ടങ്ങളും വിചാരമുണർത്തുന്ന വിധം ദൃഷ്ടാന്തങ്ങളെക്കുറിച്ച് ആലോചിച്ചു കൊണ്ടുമായിരുന്നു.
ചിലയാളുകൾ നബിﷺ നൽകിയ വിട്ടുവീഴ്ചകൾ പരിഗണിക്കാതെ കൂടുതൽ സ്മാർട്ട് ആകാനുള്ള പരിശ്രമങ്ങൾ നടത്തി. അവരെ വ്യക്തിപരമായി ചോദ്യം ചെയ്യലോ പ്രയാസപ്പെടുത്തലോ ഒന്നും നബിﷺയുടെ മാർഗ്ഗമായിരുന്നില്ല. അവിടുന്ന് പ്രഭാഷണത്തിനിടെ ഇങ്ങനെ പറഞ്ഞു. ഞാൻ നിർവഹിക്കാൻ സമ്മതം നൽകിയ കാര്യം അതിസൂക്ഷ്മത പറഞ്ഞ് മാറ്റിവെക്കുന്നവരുടെ അവസ്ഥ എന്താണ്?അല്ലാഹു സാക്ഷി, അവനെ ഏറ്റവും കൂടുതൽ അറിയുന്നതും അവനെ ഭയക്കേണ്ട വിധം ഭയക്കുന്നതും ഞാൻ തന്നെയാണ്. എന്നിരിക്കെ എന്നെക്കാൾ കൂടുതൽ സൂക്ഷ്മാലുക്കളായി അനുയായികൾ വിചാരിക്കുന്നത് അത്ര ശരിയാണോ എന്ന ആശയം ചിലർക്ക് നൽകുകയായിരുന്നു ഈ സംഭാഷണത്തിന്റെ ലക്ഷ്യം. അതവരെ തിരുത്തുകയും നേർവഴിക്ക് കൊണ്ടുവരികയും ചെയ്തു. എന്നാൽ കക്ഷികളോട് തന്നെ നേരിട്ട് ഇതൊക്കെ പറയാൻ അവിടുത്തേക്ക് നാണമായിരുന്നു.
നാണമില്ലെങ്കിൽ എന്തും ചെയ്തുകൊള്ളൂ എന്ന ആശയം പകർന്നു തരുന്ന ഒരു തിരുവചനം കൂടിയുണ്ട്. നാണിക്കേണ്ട കാര്യങ്ങളിൽ നാണിക്കുകയും, ലജ്ജ ഉണ്ടാകേണ്ട സന്ദർഭങ്ങളിൽ അത് ഉണ്ടാവുകയും വേണം. അത്തരം നാണം വിശ്വാസത്തിന്റെ ഭാഗമാണെന്നു കൂടി ചേർത്തു വായിക്കാം.
സ്ത്രീകളുടെ ഏറ്റവും ഉയർന്ന ആഭരണം അവരുടെ ശാലീന ഭാവവും സ്ത്രീത്വത്തെ പാലിച്ചുകൊണ്ട് ഉണ്ടായിരിക്കേണ്ട ലജ്ജയുമാണ്. അത് അന്യമായി പോയാൽ അവരുടെ ഏറ്റവും മൂല്യമുള്ള ആഭരണം നഷ്ടപ്പെട്ടതിനു തുല്യമാണ്. അതോടെ സ്ത്രീയുടെ ആശയപരമായ സൗന്ദര്യം ഇല്ലാതെയാകും. ശാരീരികമായ സൗന്ദര്യ പ്രകടനങ്ങൾ മതം നിർദ്ദേശിച്ച പരിധിയിലും ആ രീതിയിലും ആകുമ്പോൾ സ്ത്രീകൾക്ക് അവരുടേതായ വ്യക്തിത്വം സംരക്ഷിക്കപ്പെടും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
