Tweet 698

    Tweet 698
    May 12, 2024 • Sunday
    Post Header

    നബി‍ﷺ ഒരു അഅ്റാബിയുമായി ഇടപാട് നടത്തി. അദ്ദേഹത്തിന്റെ പക്കൽ നിന്ന് ഒരു ഒട്ടകത്തെ വാങ്ങി. മുന്നൂറ്റി പതിനെട്ടു റാത്തൽ അജ്’വ കാരക്ക വിലയായി നൽകാമെന്ന് തിരുനബി‍ﷺ സമ്മതിച്ചു. വീട്ടിൽ കരുതിവെച്ചിരുന്ന കാരക്ക എടുക്കാൻ വേണ്ടി വന്നു നോക്കിയപ്പോഴേക്കും അതു കഴിഞ്ഞു പോയിരുന്നു. തിരുനബി‍ﷺ അദ്ദേഹത്തെ വിവരം അറിയിച്ചു. അപ്പോഴേക്കും അയാൾ പറഞ്ഞു. ഇത് മഹാചതിയായി പോയല്ലോ! ആവർത്തിച്ചുള്ള അദ്ദേഹത്തിന്റെ ഈ സംസാരം സ്വഹാബികളിൽ അതൃപ്തി ഉളവാക്കി. അയാളെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങിയ അനുയായികൾ അദ്ദേഹം പറഞ്ഞ വിവരം നബി‍ﷺയോട് പങ്കുവെച്ചു. അപ്പോൾ വളരെ സൗമ്യമായി നബി‍ﷺ ഇങ്ങനെ പ്രതികരിച്ചു.
    അവകാശം ലഭിക്കാനുള്ള ആൾക്ക് ചിലതൊക്കെ പറയാൻ പറ്റുമല്ലോ? അയാൾ പറഞ്ഞു കൊള്ളട്ടെ, അയാളെ വിട്ടേക്കൂ എന്ന് സാരം. വീട്ടിൽ കരുതി വച്ചിരുന്ന കാരക്ക പ്രതീക്ഷിച്ചുകൊണ്ടാണ് വില പറഞ്ഞതെന്നും ഇപ്പോൾ അത് ഇല്ലാത്തതുകൊണ്ടാണ് വാക്ക് പാലിക്കാൻ കഴിയാത്തതെന്നും ഇടപാടുകാരനെ ബോധ്യപ്പെടുത്താൻ തിരുനബി‍ﷺ പരമാവധി ശ്രമിച്ചു നോക്കി. പക്ഷേ അദ്ദേഹം അംഗീകരിച്ചില്ല. ഒടുവിൽ നബി‍ﷺ അനുയായികളിൽ ഒരാളെ വിളിച്ചു. ഖൗല ബിൻത് ഹകീമിന്റെ അടുത്തേക്കയച്ചു. അവരുടെ പക്കൽ അജ്’വാ കാരക്കയുണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു.
    ഖൗലയുടെ പക്കൽ അജ്’വ കാരക്കയുണ്ടെന്നും നബി‍ﷺക്ക് നൽകാമെന്നും അവർ അറിയിച്ചു. നബി‍ﷺ ആളെ അയച്ചു സാധനം സംഘടിപ്പിച്ചു. സന്തോഷപൂർവ്വം ഇടപാടുകാരന് അത് നൽകി. ഏറെ സന്തോഷത്തോടെ അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം കാരക്കയും വാങ്ങി മടങ്ങി പോകുമ്പോൾ മുന്നിലുള്ള അനുയായികളോട് നബി‍ﷺ പറഞ്ഞു. അവർ നല്ലവരാണ്. കാര്യങ്ങൾ നേരെ ചൊവ്വേ ചെയ്യുന്നവരാണ്. കിട്ടാനുള്ളത് ശരിയായ രൂപത്തിൽ അവർ സ്വീകരിച്ചു. അത്രയേ ഉള്ളൂ..
    എത്ര ഹൃദ്യമായ ഒരു രംഗമാണ് നാം വായിച്ചത്. ഒരു ഇടപാടുകാരനോട് എങ്ങനെയാകണമെന്ന്, അയാളുടെ അവകാശങ്ങളോടും ന്യായങ്ങളോടും എങ്ങനെ പ്രതികരിക്കണമെന്ന്, അയാളുടെ വികാര പ്രകടനങ്ങളെ എങ്ങനെ ഉൾക്കൊള്ളണമെന്ന് ഇത്രമേൽ സുന്ദരമായി ആരാണ് അടയാളപ്പെടുത്തി തരിക! അനുയായികളുടെ സാന്നിധ്യത്തിൽ അവകാശങ്ങൾ നിഷേധിക്കാൻ ഒരുങ്ങുന്ന അപകടകരമായ ഒരു ചിത്രം അല്ല ഇത്. കാര്യം പറഞ്ഞിട്ടും ഉൾകൊള്ളാത്തതെന്തേ എന്ന് ചോദിച്ച് കയർക്കുന്ന രംഗമല്ല ഇത്. അവകാശങ്ങൾക്കും അവകാശികൾക്കും കൃത്യമായ ന്യായങ്ങൾ വകവെച്ചു കൊടുക്കുകയാണിവിടെ.
    പറഞ്ഞതുപോലെ പാലിക്കാനുള്ള തിരുനബി‍ﷺയുടെ ജാഗ്രത എത്ര മേൽ വിചാരങ്ങളാണ് ഉണർത്തുന്നത്. അവകാശവും വാങ്ങി മടങ്ങി പോകുന്നവനെ സമ്മർദ്ദങ്ങൾ ഉയർത്തിയിട്ട് പോലും ഒരു നോക്കു കൊണ്ടോ വാക്ക് കൊണ്ടാ പ്രയാസപ്പെടുത്തിയില്ല. അവരിൽ ഉണ്ടായിരുന്ന നന്മയെ ഉയർത്തി കാണിക്കുകയും അവർക്കും ഗുണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
    മാനവികമായ മൂല്യങ്ങളെ ഇത്രമേൽ ഉയർത്തിക്കാണിക്കാൻ ഇതിനേക്കാൾ സുന്ദരമായ ഒരു വ്യക്തിചരിത്രം വേറെ ഏതാണ് പഠിക്കാനുള്ളത്. കേവലമായി ഒരൊറ്റ വ്യക്തിയായി നിൽക്കുമ്പോൾ അല്ല തിരുനബി‍ﷺ മൂല്യങ്ങളെ ഒക്കെ പരിപാലിച്ചത്. എന്തും സമർപ്പിച്ച് തിരുനബി‍ﷺക്ക് വേണ്ടി ജീവൻ കൊടുക്കാൻ സന്നദ്ധരായ ഒരു മഹാസംഘം അനുയായികൾക്കൊപ്പം ആണ് നബി‍ﷺ ഉണ്ടായിരുന്നത്. അംഗബലം കൊണ്ടും സൈനികശക്തി കൊണ്ടും എന്തും ആകാമെന്ന അപകടവിചാരങ്ങളുള്ള കാലത്ത് ഏതു സാഹചര്യത്തിലും നീതിയും ന്യായവും സംരക്ഷിക്കപ്പെടണം എന്ന മൂല്യത്തെയാണ് നബി‍ﷺ ഉയർത്തിക്കാട്ടിയത്.
    ഒരു വ്യക്തിയെയോ ഒരു സംഘം പ്രബോധിതരെയോ മാത്രം നബി‍ﷺ അനുയായികൾ ആക്കിയെടുത്തുവെങ്കിൽ അവിടെ ആയുധമോ ബലപ്രയോഗമോ നടത്തി എന്ന് പറയാമായിരുന്നു. ഒരു വ്യക്തിയിൽ നിന്ന് ഒരായിരം വ്യക്തികളിലേക്കും ഒരു രാഷ്ട്രത്തിൽ നിന്ന് ഒരുപാട് രാഷ്ട്രങ്ങളിലേക്കും നബി‍ﷺയും നബി‍ﷺ ഉയർത്തിക്കാട്ടിയ ദർശനവും എത്തിച്ചേർന്നത് അവിടുന്ന് മുന്നോട്ടുവച്ച ജീവിതത്തിന്റെയും മൂല്യങ്ങളുടെയും മാഹാത്മ്യം ഒന്നുകൊണ്ട് മാത്രമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...