Tweet 695

    Tweet 695
    May 9, 2024 • Thursday
    Post Header

    മക്ക ജയിച്ചടക്കി തിരുനബിﷺ കഅ്ബയുടെ സന്നിധിയിലേക്ക് പ്രവേശിച്ചു. കഅ്ബയെ പ്രദക്ഷിണം ചെയ്തു. രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു. കഅ്ബയുടെ കവാടത്തിൽ പിടിച്ചുകൊണ്ട് നാട്ടുകാരോട് നബിﷺ ചോദിച്ചു. നിങ്ങൾ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ഞാനെങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത്? അവർ ഒന്നടങ്കം ഇങ്ങനെ മറുപടി പറഞ്ഞു. മാന്യനും മാന്യതയുള്ളവരുടെ മകനുമായി ഞങ്ങൾ തങ്ങളെ പ്രതീക്ഷിക്കുന്നു. ഇതേ മറുപടി തന്നെ മൂന്നുപ്രാവശ്യം അവർ ആവർത്തിച്ചു. പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. എന്റെ സഹോദരൻ യൂസുഫ് നബി(അ) പറഞ്ഞ അതേ വർത്തമാനമാണ് ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത്. ശേഷം, സൂറത്ത് യൂസുഫിലെ 92ആം സൂക്തം പാരായണം ചെയ്തു. ആശയം ഇങ്ങനെ വായിക്കാം. “ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ. അവന്‍ കാരുണ്യകരില്‍ പരമകാരുണ്യകനല്ലോ!”
    കേട്ടുനിന്നവർ മുഴുവൻ ആശ്ചര്യപ്പെട്ടു. പീഡനത്തിന്റെ ഇന്നലെകളിൽ ശിക്ഷ അർഹിക്കുന്ന കുറ്റവാളികളാണ് ഞങ്ങൾ എന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവർ. പ്രവാചകന്റെﷺ ഈ പ്രഖ്യാപനം കേട്ടതും മണ്ണറകളിൽ നിന്ന് പുനർജീവനം ലഭിച്ചതുപോലെ ആവേശപൂർവം അവർ ഓടി വന്നു. പ്രവാചക സവിധത്തിൽ വിനീത വിധേയരായി നിന്നു. അധികം വൈകാതെ അവർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
    വിടുതലിന്റെ വിശാലമായ വിഹായുസ്സ് കാണിച്ചുകൊടുത്തപ്പോൾ പ്രവാചകനുﷺ മുന്നിൽ അവർ വിനീത ദാസന്മാരായി. സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്ക് അവർ പ്രവേശിച്ചു. മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടി നിയുക്തരായ നബിﷺ തന്നെയാണ് ഇത് എന്ന് അവർ തിരിച്ചറിഞ്ഞു. ഇന്നലെവരെയും ശത്രുപാളയത്തിലെ നേതാക്കന്മാരായിരുന്നവർ വരെ പ്രവാചകന്റെﷺ ഔദാര്യത്തിന്റെ വിശാലതയെ അനുഭവിച്ചു. തിരുസന്നിധിയിലെ സുഗന്ധവും മൃദുസ്പർശവും അവർ സ്വീകരിച്ചു. അരുംകൊലയുടെയും കൊടുംക്രൂരതയുടെയും ഇന്നലെകൾ തീർത്തവരോട് ഇത്രമേൽ വ്യാപകമായി എങ്ങനെയാണ് വിടുതി ചെയ്യുന്നത് എന്നവർ ആശ്ചര്യപ്പെട്ടു.
    ഏറെ കൗതുകകരമായ മറ്റൊരു രംഗം ജാബിർ(റ) ഉദ്ധരിക്കുന്നുണ്ട്. ഹുനൈൻ മുന്നേറ്റത്തെ തുടർന്ന് ലഭിച്ച സമ്പാദ്യങ്ങൾ മുഴുവൻ തിരുനബിﷺ വിതരണം ചെയ്യുകയായിരുന്നു. ആ സമയത്ത് ഒരാൾ എഴുന്നേറ്റു. മുഹമ്മദ് നബിﷺയെ അവിടുന്ന് നീതി ചെയ്യണം! എന്നു പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്താണിയാൾ സംസാരിക്കുന്നത്? അല്ലാഹുവിന്റെ ദൂതനോﷺട് നീതി ചെയ്യാൻ പറയാൻ ഇയാൾ ആരാണ്? പക്ഷേ, പ്രവാചകൻﷺ സൗമ്യമായി അയാളോട് പ്രതികരിച്ചു. ഞാൻ നീതി നിർവഹണം നടത്തിയില്ലെങ്കിൽ പിന്നെ ആരാണ് നീതി നിർവഹണം നടത്തുക! ഞാൻ നീതിയുടെ പക്ഷത്തല്ലെങ്കിൽ ഞാൻ എത്രമേൽ കഷ്ടവും നഷ്ടവും അനുഭവിക്കേണ്ടിവരും! പ്രവാചകൻﷺ ശാന്തമായി മറുപടി പറയുമ്പോഴും ഈ രംഗം ഉമറി(റ)ന് സഹിച്ചില്ല. അദ്ദേഹം നബിﷺയോട് ചോദിച്ചു. ഞാൻ ഈ കപട വിശ്വാസിയുടെ കഥ കഴിച്ചട്ടെ? ഇയാൾ എത്ര അഹങ്കാരമാണ് സംസാരിക്കുന്നത്? പ്രവാചകൻﷺ ഉമറി(റ)നെ നിയന്ത്രിച്ചു. ഞാൻ എന്റെ അനുയായികളെ വക വരുത്തുന്നു എന്ന് കേൾക്കുന്നത് എത്ര കഷ്ടമാണ്?
    പ്രവാചകൻﷺ അയാൾക്കും വിടുതി ചെയ്തു കൊടുത്തു. അടിസ്ഥാനമില്ലാതെ അനീതി ആരോപിക്കുന്നതിനേക്കാൾ ഗുരുതരമായ തെറ്റെന്താണ്? അതും പൊതുകാര്യങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകന്റെﷺ പേരിൽ. ഈ രംഗത്തും തിരുനബിﷺ പ്രതികാരമോ പകയോ പ്രയോഗിച്ചില്ല. വിമർശനങ്ങളെ ഉൾക്കൊള്ളാനും ആരോപണങ്ങളെ നയപരമായി പ്രതിരോധിക്കാനും സത്യസന്ധതയെ ബോധ്യപ്പെടുത്താനുമുള്ള ഭൂമികയെ തുറന്നിടുകയായിരുന്നു. ആവേശപൂർവം ധ്രുതഗതിയിൽ പ്രതികരിക്കുന്നവരെ നിയന്ത്രിക്കുകയും ചെയ്തു.
    ഹൃദയം തൊട്ട് ഹൃദയം കൊണ്ട് സംസാരിക്കുകയായിരുന്നു തിരുനബിﷺ. മനോവൈകല്യങ്ങൾ സംഭവിച്ചു പോയവരെ തിരിച്ചു പവിത്രരാക്കി മാറ്റുക എന്ന ദൗത്യമായിരുന്നു അവിടുന്ന് നിർവഹിച്ചത്. കാലത്തിന്റെ ഓരോ ദശയിലും ദിശയിലും വെളിച്ചം പകർത്തുക എന്ന പരിശുദ്ധമായ നടപടിയാണ് അവിടുന്ന് സ്വീകരിച്ചത്. പ്രകാശത്തോട് ചേർന്ന് ഇത്രമേൽ വിശേഷിപ്പിക്കപ്പെട്ട വേറെ ആരെയും നമുക്ക് വായിക്കാനില്ല. സത്യം… സത്യം.. സത്യം!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...