Tweet 696

    Tweet 696
    May 10, 2024 • Friday
    Post Header

    അബ്ദുല്ലാഹ്ബ്‌നു സലാം(റ) നിവേദനം ചെയ്യുന്നു: ജൂത പുരോഹിതനായിരുന്ന സൈദ്ബ്‌നു സഅന പ്രഖ്യാപിച്ചു: ”ഞാന്‍ മുഹമ്മദ് നബിﷺയുടെ വദനം കണ്ടപ്പോള്‍ പ്രവാചകത്വത്തിന്റെ ചില അടയാളങ്ങൾ ദർശിച്ചു. എന്നാല്‍, അവ എനിക്ക് ഉറപ്പുവരുത്തേണ്ടതായുണ്ട്. വിവേകം കൊണ്ട് അവിവേകത്തെ അതിജയിക്കണം, അവിവേകം എത്ര തീക്ഷ്ണമായാലും വിവേകമതിയായി നിലകൊള്ളണം എന്നീ ലക്ഷണങ്ങളാണവ.
    അങ്ങനെയിരിക്കെ ഒരു ദിവസം റസൂൽ‍ﷺ വീട്ടില്‍ നിന്നും അലി(റ)യുടെ കൂടെ പുറത്തേക്കിറങ്ങി. അവരുടെ അടുത്തേക്ക് ഗ്രാമീണനായ ഒരാള്‍ തന്റെ വാഹനപ്പുറത്ത് വന്ന് പറഞ്ഞു: ”തിരുദൂതരേﷺ, ഇന്ന് ഒരു ഗോത്രം മുസ്‌ലിംകളായിരിക്കുന്നു. അവര്‍ ഇസ്‌ലാമില്‍ പ്രവേശിച്ചിരിക്കുന്നു. ഞാന്‍ അവരുമായി ഇസ്‌ലാമിനെ കുറിച്ച് സംസാരിച്ചിരുന്നപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പെട്ട് മുസ്‌ലിംകളായി മാറിയാല്‍ അല്ലാഹു നിങ്ങള്‍ക്ക് സമൃദ്ധി നല്‍കുമെന്ന്. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ക്ഷാമം പിടിപെട്ടിരിക്കുകയാണ്. മഴ ലഭിക്കാതെ പ്രയാസപ്പെടുന്നു. പ്രവാചകരേﷺ, ഞാനിപ്പോള്‍ ഭയപ്പെടുന്നത് അവര്‍ അല്ലാഹുവിന്റെ ദീനില്‍ നിന്ന് തിരിച്ചുപോകുമോ എന്നതാണ്. അതുകൊണ്ട് അവിടുന്ന് അവര്‍ക്ക് വേണ്ടി വല്ല സഹായവും ചെയ്തിരുന്നെങ്കില്‍…”
    നബിﷺ ചാരത്തുണ്ടായിരുന്ന അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ”നമ്മുടെ കയ്യില്‍ ഒന്നുമില്ലല്ലോ.”
    സൈദ്ബിന്‍ സഅന തുടരുന്നു: ഞാന്‍ മുഹമ്മദിﷺന്റെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു: ”ഇന്നാലിന്ന വ്യക്തിയുടെ ഈത്തപ്പനത്തോട്ടം നിശ്ചിത കാലത്തേക്ക് ഞങ്ങള്‍ക്ക് വില്‍ക്കാമോ?”
    നബിﷺ പറഞ്ഞു: ”പറ്റില്ല യഹൂദീ, എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് നിശ്ചിത ഈത്തപ്പഴം വില്‍ക്കാന്‍ വഴിയുണ്ടാക്കാം.” ഇന്ന വ്യക്തിയുടേതെന്ന് നബിﷺ പറഞ്ഞില്ല.
    ഞാന്‍ പറഞ്ഞു: ”മതി, അവ നല്‍കുക. ഞാന്‍ എന്റെ പണക്കിഴി തുറന്ന് എണ്‍പത് മിസ്‌ക്വാല്‍ സ്വര്‍ണ നാണയം നല്‍കി, നബിﷺയില്‍ നിന്നും ഈത്തപ്പഴം വാങ്ങി ആ മനുഷ്യന് നല്‍കി. അയാള്‍ പറഞ്ഞു: ഞാന്‍ അതിരാവിലെ തന്നെ ഇത് അവര്‍ക്ക് നല്‍കി സഹായിക്കും.”
    സൈദ് ബിന്‍ സഅന പറയുന്നു: ”ഞാന്‍ നബിﷺയുടെ അടുത്തേക്ക് നീങ്ങി, എന്നിട്ട് പറഞ്ഞു: മുഹമ്മദ്ﷺ എന്ന വ്യക്തിയുടെ തോട്ടത്തിന് ജാമ്യമായി എന്റെ കയ്യില്‍ നിന്നും ഈ ഈത്തപ്പഴം വാങ്ങിക്കൂടെ?” മുഹമ്മദ് നബിﷺ മറുപടി പറഞ്ഞു: ”പറ്റില്ല ജൂത സുഹൃത്തേ, പകരം നിശ്ചിത അവധി കണക്കാക്കി ഞാന്‍ താങ്കളില്‍ നിന്നും ഇവ വാങ്ങും. ഇന്ന വ്യക്തിയുടെ നാമം നാം പറയുന്നില്ല.” ഞാന്‍ പറഞ്ഞു: ആയിക്കോട്ടെ. ശരി സമ്മതിച്ചു. അതുപ്രകാരം അവധി നിശ്ചയിച്ച കടമിടപാടായി അത് മാറി.
    അങ്ങനെ അവധി പറഞ്ഞ ദിവസം എത്താന്‍ രണ്ടോ മൂന്നോ ദിവസം ബാക്കിനില്‍ക്കെ ഞാന്‍ നബിﷺയെ സമീപിച്ചു. നബിﷺയുടെ കുപ്പായത്തിലും തട്ടത്തിലും പിടിച്ച്, ക്രൗര്യ ഭാവത്തോടെ ഒന്ന് നോക്കി. ”ഓ മുഹമ്മദേﷺ, എന്റെ കടം വീട്ടാനുള്ള പരിപാടിയൊന്നുമില്ലേ? അല്ലാഹുവാണെ, അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബം കടം വെച്ച് താമസിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് നിങ്ങളെക്കുറിച്ചറിയാം.” അപ്പോൾ അടുത്തുണ്ടായിരുന്ന ഉമറി(റ)നെ ഞാനൊന്ന് നോക്കി. കറങ്ങുന്ന ഗോളം പോലെ അദ്ദേഹത്തിന്റെ കൃഷ്ണമണികള്‍ എന്നെ വലയം വെച്ചുകൊണ്ടിരുന്നു, പിന്നെ എന്നെ തറപ്പിച്ച് നോക്കി പറഞ്ഞു: ”അല്ലാഹുവിന്റെ ശത്രുവേ, നീ അല്ലാഹുവിന്റെ പ്രവാചകനോﷺടാണ് കയര്‍ക്കുന്നത്. അത് ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ല എന്നാണോ നീ കരുതിയത്? റസൂലിﷺനെ സത്യ സന്ദേശം കൊണ്ട് നിയോഗിച്ച അല്ലാഹു സത്യം! നിന്റെ തല എന്റെ വാളിന്റെ ഇരയായിമാറിയേനെ.”
    അപ്പോഴും പ്രവാചകൻ‍ﷺ ശാന്തപ്രകൃതനായി ഉമറി(റ)നെ സാകൂതം നോക്കുകയായിരുന്നു. നബിﷺ പറഞ്ഞു: ”ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും ഏറ്റവും ആവശ്യമായ ഒരു ഇടപെടലായിരുന്നു ഉമറി(റ)ന്റെ പക്കൽ നിന്ന് ഉണ്ടാവേണ്ടിയിരുന്നത്. കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത കൊടുത്തുതീര്‍ക്കാൻ എന്നോടും അവകാശം ചോദിക്കുമ്പോള്‍ മാന്യമായി ചോദിക്കാന്‍ സൈദിനോടും പറയാമായിരുന്നു. താങ്കള്‍ പോയി അദ്ദേഹത്തിന്റെ അവകാശം തിരിച്ച് നല്‍കാനുള്ള കാര്യങ്ങള്‍ ചെയ്യുക. നാം വാങ്ങിയതിനെക്കാള്‍ 20 സ്വാഅ് അധികമായി നല്‍കുകയും ചെയ്യുക.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...