Tweet 694

    Tweet 694
    May 8, 2024 • Wednesday
    Post Header

    അവിടുന്ന് വിട്ടുവീഴ്ച കാണിക്കുക, നല്ലതു കല്‍പിക്കുക, അവിവേകികളെ അവഗണിക്കുക. വിശുദ്ധ ഖുർആനിലെ ഏഴാം അധ്യായം അൽ അഅ്റാഫിലെ 199 ആം സൂക്തത്തിന്റെ ആശയമാണിത്. പ്രപഞ്ചാധിപനായ അല്ലാഹു അവന്റെ തിരുദൂതരോﷺട് നൽകുന്ന കൽപ്പനയാണിത്. മനുഷ്യകത്തെ നയിക്കുമ്പോൾ അവിടുന്ന് സ്വീകരിക്കേണ്ട മാർഗ്ഗദർശനം കൂടിയായിരുന്നു ഇത്. പൂർണാർത്ഥത്തിൽ ഈ നിർദ്ദേശം പാലിക്കുകയും അതുവഴി പ്രവാചക സവിധത്തിലേക്ക് മനുഷ്യകുലം ചേർന്നു നിന്നതും വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായം ആലുഇമ്രാനിലെ നൂറ്റി അൻപത്തി ഒൻപതാം സൂക്തം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് തങ്ങൾ അവരോട് ‎സൗമ്യതയിൽ സമീപിച്ചത്. തങ്ങൾ പരുഷപ്രകൃതനും ‎കഠിനമനസ്കനുമായിരുന്നെങ്കിൽ ചുറ്റുനിന്നും ‎അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. ‎അതിനാല്‍ അവിടുന്ന് അവര്‍ക്ക് മാപ്പ് നൽകുക.”
    നബി ജീവിതത്തിന്റെ അടരുകളിൽ മുഴുവനും ഈ വിടുതലിന്റെയും വിട്ടുവീഴ്ചയുടെയും പ്രകാശങ്ങൾ നിറഞ്ഞുനിന്നു. ഇമാം ബുഖാരി(റ)യുടെ ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഒരിക്കൽ ഒരു സൈനിക നീക്കം കഴിഞ്ഞ് തിരുനബിﷺയും അനുയായികളും മടങ്ങി വരികയായിരുന്നു. യാത്രാസംഘം ഒരു താഴ്‌വരയിൽ തമ്പടിച്ചു. ആളുകൾ പലയിടങ്ങളിലായി വിശ്രമിക്കാൻ ഒരുങ്ങി. ഒരു മരച്ചുവട്ടിൽ നബിﷺയും കിടന്നു. അവിടുത്തെ പടവാൾ ആ മരക്കൊമ്പിൽ കൊളുത്തിവച്ചു. അവിടുന്നും അല്പനേരം ഉറങ്ങി. കുറച്ചു കഴിഞ്ഞ് നബിﷺയുടെ വിളി കേട്ട് ആളുകൾ അടുത്തേക്ക് വന്നു. അതാ മുമ്പിൽ അപരിഷ്കൃതനായ ഒരു അറബി നിൽക്കുന്നു.
    നബിﷺ അവിടുന്ന് പരിചയപ്പെടുത്തി. ഇയാളാണ് എന്റെ പടവാൾ കൈവശപ്പെടുത്തിയത്. ഞാൻ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് ഉണർന്നപ്പോൾ വാൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇയാൾ ചോദിച്ചു. എന്റെ ഈ വാൾ തലപ്പിൽ നിന്ന് ആരാണ് തങ്ങളെ രക്ഷിക്കുക? ഞാൻ പറഞ്ഞു അല്ലാഹു രക്ഷിക്കും. അപ്പോഴേക്കും അയാളുടെ കയ്യിൽ നിന്ന് വാൾ നിലത്തു വീണു. ഞാൻ ആ വാൾ കൈവശപ്പെടുത്തി അയാളോട് ചോദിച്ചു. ആരാണ് നിന്നെ ഈ വാൾ തലപ്പിൽ നിന്ന് രക്ഷിക്കുക? എന്റെ വിട്ടുവീഴ്ചയാണ് അയാൾ പ്രതീക്ഷിച്ചത്.
    പ്രവാചകരുﷺടെ വിട്ടുവീഴ്ച അനുഭവിച്ചുകൊണ്ട് നിൽക്കുന്ന ആളെ ചൂണ്ടിക്കൊണ്ടായിരുന്നു തിരുനബിﷺയുടെ ഈ വർത്തമാനം. മേൽ പറയപ്പെട്ട ആളെ ശിക്ഷിക്കുകയോ അനുയായികളെ ഏൽപ്പിച്ചുകൊടുത്ത് ശിക്ഷിക്കാൻ കൽപ്പിക്കുകയോ ചെയ്തില്ല.
    അയാളുടെ ഹൃദയത്തിൽ പ്രവാചകനെﷺ കുറിച്ചുള്ള വിചാരങ്ങൾ മാറി. ഇതുപോലെ സമാനമായ പല സംഭവങ്ങളുമായി നിരവധി ആളുകളുടെ ഹൃദയങ്ങൾ തിരുനബിﷺയുടെ സമക്ഷത്തിലേക്ക് ചേർന്നു.
    പരുഷമായി പെരുമാറിയ പല ഗ്രാമീണരും നബിﷺയുടെ അടുത്തേക്ക് വന്നു. അവരുടെ വിവരശൂന്യതയെ തിരുനബിﷺ തിരിച്ചറിഞ്ഞു. അതിന്മേൽ അവരെ ആരെയെങ്കിലും ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. മാനുഷികമായി അവർ ഉന്നയിച്ച ആവശ്യങ്ങളെ കേട്ടു. അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നിർവഹിച്ചു കൊടുത്തു. സമീപന മര്യാദകൾ പോലും അറിയാതെ കടന്നുവന്ന പലരും പ്രവാചകരുﷺടെ വിട്ടുവീഴ്ചയിൽ സന്തോഷവാന്മാരായി നേർവഴിക്ക് വന്നു. അവരുടെ ജീവിതത്തെ മുഴുവനും അത് മാറ്റിമറിച്ചു. അവർ നന്മയുടെ നക്ഷത്രങ്ങളായി യുഗങ്ങൾക്ക് പ്രകാശം പരത്തി. കാട്ടറബികൾ നാട്ടറബികളും പിന്നീട് അറബി പുണ്യപുരുഷന്മാരുമായി ലോകത്ത് വാഴ്ത്തപ്പെട്ടു.
    ഒരിക്കൽ തിരുനബിﷺയുടെ കഴുത്തിൽ കിടന്ന ഷാൾ ഒരാൾ പിടിച്ചു വലിച്ചു. വലിച്ചതിന്റെ ശക്തികൊണ്ട് തിരുനബിﷺയുടെ കഴുത്തിൽ ചുമന്ന അടയാളം വീണു. ദാനം ചോദിക്കാൻ വേണ്ടി വന്ന ആളായിരുന്നു അയാൾ. തിരുനബിﷺ തിരിഞ്ഞു അദ്ദേഹത്തിന്റെ മുഖത്തുനോക്കി, ഒരു ഭാവപ്പകർച്ചയും കാണിച്ചില്ല. താൻ ചെയ്തത് ഒരു അപരാധമാണെന്ന തിരിച്ചറിവ് പോലും ഇല്ലാത്ത വിധം അപരിഷ്കൃതനായിരുന്നു ആഗതൻ. ആശ്രയം തേടി വന്നവന് ആദ്യം ആശ്രയം ആണ് ലഭിക്കേണ്ടത് എന്ന് തിരിച്ചറിഞ്ഞു. അയാളെ സന്തോഷിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്തു. അയാൾ പിൽക്കാലത്ത് ലോകത്തിന്റെ മാതൃകയുള്ള ഉന്നത പുരുഷന്മാരിൽ ഒരംഗമായി മാറി.
    തമസ്സുമാറ്റി വെളിച്ചം പകർന്നു നൽകണമെന്ന് പ്രസംഗിക്കുകയല്ല ഇവിടെ. ഇരുട്ടിലേക്ക് വെളിച്ചം പ്രവേശിപ്പിച്ച് പ്രദീപ്തമാക്കുകയാണ് തിരുനബിﷺ ചെയ്തുകൊണ്ടിരുന്നത്. നമുക്കും നമ്മുടെ ഹൃദയത്തിലെ ഇരുട്ടിലേക്ക് തിരുനബിﷺ എന്ന പ്രകാശത്തെ കൂടുതൽ കൂടുതലായി സ്വീകരിക്കാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...