
ആശയപരമായി നബിﷺയെ വിമർശിച്ചവർക്കും അവിടുത്തെ സ്വഭാവത്തെ അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ‘അവിടുന്ന് അത്യുത്തമമായ സ്വഭാവത്തിന്മേലാണ്’ എന്ന ഖുർആനിക പരാമർശത്തിന്റെ പുലർച്ച കൂടിയായിരുന്നു അത്. പ്രിയ പത്നി ആഇശ(റ)യോട് ഒരിക്കൽ നബിﷺയുടെ സ്വഭാവത്തെ കുറിച്ചു ചോദിച്ചു. മഹതി ഇപ്രകാരം പറഞ്ഞു. നബിﷺയേക്കാൾ മികച്ച സ്വഭാവമുള്ള ആരുമില്ല. ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയാണവിടുന്ന്. ഖുർആനിന്റെ നേർപകർപ്പായിരുന്നു ആ സ്വഭാവം. അല്ലാഹുവിന്റെ തൃപ്തിയിൽ തൃപ്തി പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ അനിഷ്ടം ഭയന്നാൽ മാത്രം അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. അഭംഗിയുള്ള വാക്കുകളോ പ്രവൃത്തികളോ അവിടുന്ന് സംഭവിച്ചിരുന്നില്ല. അങ്ങാടിയിൽ കലപില ഉണ്ടാക്കുകയോ തെറ്റിനെ തെറ്റുകൊണ്ട് പ്രതികരിക്കുകയോ ചെയ്തില്ല.
വിശുദ്ധ ഖുർആനിലെ അൽ മുഅ്മിനൂൻ അധ്യായത്തിലെ വിശ്വാസികളുടെ മഹത്വം പറയുന്ന ആദ്യ ഭാഗം പാരായണം ചെയ്യാൻ മഹതി ആഇശ(റ) അനുവാചകനോട് പറഞ്ഞു. അത് അദ്ദേഹം പാരായണം ചെയ്തു. അപ്പോൾ മഹതി വിശദീകരിച്ചു. അതെ, ഇതു തന്നെയായിരുന്നു നബിﷺയുടെ സ്വഭാവവും.
മാന്യമായ സ്വഭാവങ്ങളുടെ പൂർണമായ ആവിഷ്കാരത്തിനാണ് ഞാൻ നിയുക്തനായത് എന്ന തിരുനബിﷺയുടെ തന്നെ പരാമർശം ഏറെ ആശയങ്ങൾ ഉൾകൊള്ളുന്നതാണ്. തിരുനബിﷺയുടെ സ്വഭാവ സമീപനങ്ങളെ ലോകം പകർത്തിയത് പോലെ ലോകത്ത് വേറെ ആരുടെ ഭാവങ്ങളെയാണ് പകർത്തിയത്?
തിരുനബിﷺ പ്രാർത്ഥിച്ചിരുന്നതായി പ്രിയപ്പെട്ട ശിഷ്യൻ ഇബ്നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു. അല്ലാഹുവേ എന്റെ സൃഷ്ടിപ്പിനെ ഏറ്റവും സൗന്ദര്യവത്താക്കിയതുപോലെ സ്വഭാവത്തെയും ഏറ്റവും സൗന്ദര്യമുള്ളതാക്കേണമേ!
രൂക്ഷമോ കഠിനമോ ആയ രീതിയിൽ സമീപിക്കാനല്ല എന്നെ നിയോഗിച്ചിട്ടുള്ളത്, ലളിതമായി സമീപിക്കാനും അറിവുകൾ പകർന്നു കൊടുക്കാനുമാണ്. കേവലമായ ഒരു പ്രയോഗം എന്നതിലുപരി, വാചകങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് തിരുനബിﷺയുടെ സ്വഭാവ സൗന്ദര്യമാണ്.
സ്വന്തം താല്പര്യങ്ങൾക്ക് മേൽ മറ്റെല്ലാം നിഷ്പ്രഭമാക്കുകയും, കാഴ്ച സൗന്ദര്യത്തിന് മാത്രം പ്രാധാന്യം കൽപ്പിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് സ്വഭാവ മഹിമ യുഗങ്ങളെ കീഴടക്കിയ തിരുനബിﷺയെ കുറിച്ചുള്ള പഠനങ്ങൾ ഏറെ അനിവാര്യമാണ്. ആ സ്വഭാവത്തിലാണ് ലോകത്തെ പല ശത്രുക്കളും നബിﷺയുടെ മുന്നിൽ മിത്രങ്ങൾ ആയത്. വധിക്കാൻ വന്ന പലരും ആയുധം വെച്ച് കീഴടങ്ങിയത്. കഥ കഴിക്കാൻ വന്ന പലരും വിനീതശിഷ്യന്മാരായി മാറിയത്. ആദ്യകാലത്തെ കഠിനതകൾക്കെല്ലാം കണക്ക് പറഞ്ഞ് ആശ്വാസം നൽകിയത്.
രണ്ടു കാര്യങ്ങൾക്കോ അവസരങ്ങൾക്കോ ഇടയിൽ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം തിരുനബിﷺക്ക് ലഭിക്കുമ്പോഴെല്ലാം മറ്റുള്ളവർക്ക് വേണ്ടിയാണെങ്കിൽ ലളിതമായതിനെയും സ്വന്തമാണെങ്കിൽ കഠിനമായതിനെയും തിരഞ്ഞെടുത്തു. സ്വന്തത്തോടുള്ള കൃത്യതയും മറ്റുള്ളവരോടുള്ള വിട്ടുവീഴ്ചയും ഏറെ പ്രകാശിപ്പിക്കുന്ന രംഗങ്ങളായിരുന്നു അത്.
പ്രവാചകർﷺ അവിടുത്തെ കൈകൾ കൊണ്ട് ആരെയും പ്രഹരിക്കുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ല. ഭാര്യയെയോ പരിചാരകനെയോ അടിച്ചിട്ടില്ല. സത്യത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ ആയുധമുയർത്തിയും കൈകൊണ്ടു തടുത്തും ഇടപെടലുകൾ നടത്തിയെന്നല്ലാതെ സ്വാർത്ഥമായി ആരോടും ഒരു നടപടിക്കും തയ്യാറായിട്ടില്ല. എപ്പോഴും മികച്ച സ്വഭാവത്തെ പ്രശംസിച്ചും അങ്ങനെ ആകാൻ വേണ്ടി പ്രചോദിപ്പിച്ചുമാണ് അവിടുന്ന് സംസാരിച്ചിരുന്നത്. നന്മയ്ക്ക് പകരം നന്മ മാത്രം ചെയ്യുകയും, തിന്മയെ കൂടി നന്മകൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുകയുമാണ് അവിടുത്തെ ജീവിതത്തിൽ ചെയ്തിരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
