Tweet 680

    Tweet 680
    April 24, 2024 • Wednesday
    Post Header

    പ്രവാചകരുﷺടെ പ്രിയ കവിയാണ് ഹസ്സാൻ(റ). ഘടനയും അക്ഷരവും പ്രാസവും ഭാഷയും എല്ലാം അത്ഭുതപ്പെടുത്തും വിധം കോർത്തിണക്കുന്ന കവി. അദ്ദേഹത്തിന് പ്രവാചകൻﷺ പ്രത്യേകം സ്റ്റേജ് പണിതു കൊടുത്തു. ശേഷം, പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ കവിത ചൊല്ലിക്കൊള്ളൂ.. മലക്ക് ജിബ്‌രീല്‍(അ) നിങ്ങളോടൊപ്പമുണ്ട്. എത്ര വലിയ പ്രോത്സാഹനവും പിന്തുണയുമാണ് തിരുനബിﷺ ഈ കവിക്കു നൽകിയത്. ലോക ചരിത്രത്തിൽ ഒരു മഹാകവിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനവും അംഗീകാരവുമാണിത്. ഈയൊരു പ്രോത്സാഹനത്തോടെ ഹസ്സാന്റെ(റ) കവിതക്ക് ഊർജ്ജവും സൗന്ദര്യവും വർദ്ധിച്ചു. സഹസ്രാബ്ദത്തിനിപ്പുറവും നവ യുവകവികളേക്കാൾ അദ്ദേഹം വായിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു.
    അനുയായിയുടെ സർഗ്ഗ വൈഭവത്തെ അടുത്തറിഞ്ഞു മൂർച്ചപ്പെടുത്തുന്ന ഗുരുസാന്നിധ്യമായിട്ടാണ് ഇവിടെ നാം നബിﷺയെ പരിചയപ്പെടുത്തുന്നത്. പ്രവാചകനെﷺ പ്രകീർത്തിച്ചും ഇസ്ലാമിനെതിരെ വരുന്ന ആക്ഷേപങ്ങളെ പ്രതിരോധിച്ചും കവിതകൾ രൂപപ്പെടുത്തുന്ന ഇടത്തോളം കാലം നിങ്ങൾക്ക് പവിത്രാത്മാവിന്റെ കൂട്ടുണ്ടാവും. പ്രവാചകൻﷺ ഹസ്സാനി(റ)നെ വീണ്ടും പ്രചോദിപ്പിച്ചു.
    സാബിത് ബിൻ ഖൈസ് ബിൻ ശമ്മാസ്(റ) എന്ന ശിഷ്യനെ പ്രവാചകൻﷺ നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ വാഗ്വൈഭവത്തെ തിരിച്ചറിഞ്ഞു. ഓരോരുത്തരുടെയും കഴിവുകൾ മനസ്സിലാക്കി പ്രചോദിപ്പിക്കുന്ന തിരുനബിﷺ അദ്ദേഹത്തെ പ്രത്യേകം പ്രശംസിച്ചു. പ്രഭാഷണത്തിന് ആവശ്യമായ വേദിയും അനുഗ്രഹ പ്രാർത്ഥനകളും നൽകി.
    അബു മൂസ അൽ അശ്അരി(റ), പ്രവാചകരുﷺടെ പ്രിയ ശിഷ്യന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ഹൃദയ നൈർമല്യത്തെ കുറിച്ച് പ്രവാചകൻﷺ പ്രശംസിക്കാറുണ്ട്. അദ്ദേഹം ഖുർആൻ പാരായണം ചെയ്യുന്നത് പ്രവാചകൻﷺ പ്രത്യേകം കേട്ടിരിക്കും. അദ്ദേഹത്തിന്റെ മധുരതരമായ ശബ്ദം പ്രവാചകൻﷺ പ്രത്യേകം ശ്രദ്ധിച്ചു. ദാവൂദ് നബി(അ)യുടെ ശബ്ദമാധുരി അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുണ്ടല്ലോ എന്ന നബിﷺയുടെ പ്രയോഗം എത്രമേൽ ഉയർന്ന അംഗീകാരവും ആശംസയും ആണ്.
    അബു മൂസ(റ)യുടെ ജീവിതം മുഴുവൻ ഖുർആൻ വിജ്ഞാനങ്ങളുടെ പ്രചാരണത്തിന് വേണ്ടി വിനിയോഗിച്ചു. ഓരോ വ്യക്തിത്വങ്ങളെയും വ്യത്യസ്തങ്ങളായ മണ്ഡലങ്ങളിൽ സ്ഥാപിച്ചെടുക്കാൻ ഇങ്ങനെയൊക്കെയാണ് സാധിക്കുന്നത്. തിരുനബിﷺ ലോകത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനം, അവിടുന്ന് പ്രചരിപ്പിച്ച ആശയത്തെ പൂർണ്ണമായും ഏറ്റെടുത്തു യുഗങ്ങളിലേക്ക് പകർന്നു തരാൻ പറ്റുന്ന പുരുഷന്മാരെ ആയിരുന്നു. പ്രതിഭാ നിർമ്മാണത്തിന്റെ 23 വർഷമാണ് ലോകത്തെ മുഴുവനും മാറ്റിമറിക്കാനുള്ള വലിയ ആസ്തിയായി തിരുനബിﷺ നൽകിയിട്ടു പോയത്. വരുംകാലത്തേക്ക് മുഴുവനും പ്രമാണമാകാൻ പറ്റുന്ന ഒരു മധ്യ സമുദായമായി നിങ്ങളെ ഞാൻ സമർപ്പിക്കുന്നു എന്ന ആശയം നൽകുന്ന ഖുർആൻ സൂക്തം ഇതിനുള്ള വലിയ പ്രമാണമാണ്.
    പ്രഭാഷണത്തിന്റെ ഭംഗിയും കവിതയുടെ മാധുരിയും ഖുർആൻ പാരായണത്തിന്റെ ആത്മസൗന്ദര്യവും ഏറ്റവും ഉന്നതിയിൽ നിന്ന് അനുഭവിച്ചുകൊണ്ട് പകർന്നു കൊടുക്കാൻ ഇത്രമേൽ മികച്ച ഒരു ഗുരുവിനെ ലോകത്ത് വേറെവിടെയാണ് വായിക്കാനുള്ളത്.
    മദീനയെ മുഴുവൻ പള്ളിയിലേക്ക് ആനയിച്ച മഹാ ശബ്ദം. ശാരീരികമായി പറഞ്ഞാൽ കറുത്ത വർഗ്ഗക്കാരനായ ഒരു എത്യോപ്യൻ അടിമയാണാ ശബ്ദത്തിന്റെ ഉടമ. മദീനയിൽ സൂര്യനുദിക്കുന്നത് ആ ശബ്ദം കേട്ടതിനുശേഷം ആണ്. ആളുകൾ ഉണർന്നു പള്ളിയിലേക്ക് വരുന്നത് ആ ശബ്ദം കേട്ടുകൊണ്ടാണ്. അതെ ബിലാലി(റ)ന്റെ മധുരമാർന്ന ശബ്ദം. അത് ഏറ്റവും നന്നായി തിരിച്ചറിയുകയും അദ്ദേഹത്തെ ഔദ്യോഗിക മുഅദ്ദിനായി നിശ്ചയിക്കുകയും ചെയ്തത് പുണ്യ നബിﷺ തന്നെയായിരുന്നു. ശേഷികളെ ഉയർത്തിക്കാട്ടി ഒരാളെ എത്രമേൽ ഉയർത്താമെന്നതിന്റെ വലിയ ഒരു പ്രതീകമായി മാറി ബിലാൽ(റ). മനുഷ്യൻ രൂപപ്പെടുത്തിയ ഉച്ഛനീചത്വങ്ങളെ മുഴുവനും ഇല്ലായ്മ ചെയ്യാൻ ഈയൊരു നിർണയത്തിലൂടെ തിരുനബിﷺക്ക് സാധിച്ചു. കറുത്തവനും അടിമയും അകറ്റിനിർത്തപ്പെട്ടവനായിരുന്ന കാലത്ത്, അവർക്ക് മാനുഷികമായ പരിഗണനകൾ നൽകാതിരുന്ന ഒരു ലോകത്ത്, എല്ലാവരുടെയും നേതാവായി ബിലാലി(റ)നെ ഉയർത്തി കാണിക്കുകയായിരുന്നു തിരു റസൂൽﷺ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...