
തിരുനബിﷺയുടെ ശിഷ്യഗണങ്ങളിൽ പ്രധാനിയാണ് സൈദ് ബിനു സാബിത്ത്(റ). ഒരിക്കൽ അദ്ദേഹത്തെക്കുറിച്ച് അവിടുന്ന് പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ അനന്തരാവകാശ ജ്ഞാനം ഏറ്റവും കൂടുതൽ അറിയുന്ന ആളാണ് ഇദ്ദേഹം. ഇസ്ലാമിക കർമ്മ ശാസ്ത്രത്തിൽ ഏറെ ശ്രദ്ധയോടെ പഠിക്കേണ്ട ഗഹനമായ വിഷയം സൈദി(റ)നു സരളമായി കിട്ടിയത് തിരുനബിﷺയോടുള്ള നിരന്തര സഹവാസത്തിൽ നിന്നാണ്. അവിടുത്തെ ജ്ഞാന പ്രപഞ്ചത്തിൽ നിന്ന് ഏറെ സമാഹരിക്കാൻ സൗഭാഗ്യം കിട്ടിയ അനുചരനായിരുന്നു സൈദ്(റ).
ഉബയ്യ് ബിൻ കഅബ്(റ)നെ ഏറ്റവും സന്തോഷിപ്പിച്ച ഒരു നിമിഷം ചരിത്രത്തിന് പറയാനുണ്ട്. ഒരിക്കൽ പ്രവാചകൻﷺ അദ്ദേഹത്തെ വിളിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾക്ക് പ്രത്യേകമായി ഖുർആൻ ഓതി കേൾപ്പിക്കാൻ അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു. ആശ്ചര്യത്തോടെ ഉബയ്യ്(റ) തിരിച്ചു ചോദിച്ചു. അല്ലാഹു എന്റെ പേര് പ്രത്യേകം പറഞ്ഞിരുന്നുവോ? അതെ, അല്ലാഹു നിങ്ങളുടെ പേര് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത് കേട്ടതും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹം കരയാൻ തുടങ്ങി.
തമസ്സു മൂടിക്കിടന്ന ആറാം നൂറ്റാണ്ടിൽ നേർവഴിയുടെ സംഗീതം കേൾക്കാൻ വഴികൾ അടഞ്ഞപ്പോൾ പ്രപഞ്ചത്തിന്റെ മുഴുവനും ദീപ്തിയുമായി വന്ന പുണ്യ നബിﷺ, അക്കാലത്തെ ഒരു വ്യക്തിയെ അല്ലാഹു പേരെടുത്ത് പ്രശംസിക്കാൻ മാത്രം ഉന്നതിയിലേക്ക് എത്തിച്ചു. ഉബയ്യി(റ)ന്റെ ഹൃദയത്തിൽ തെളിഞ്ഞ വെളിച്ചത്തിന്റെയും അല്ലാഹുവിൽ നിന്ന് പ്രത്യേക പരാമർശം ലഭിക്കാനുള്ള നിയോഗത്തിന്റെയും എല്ലാം നിമിത്തം പുണ്യ റസൂലﷺല്ലാതെ മറ്റാരാണ്.
മറ്റൊരിക്കൽ ഉബയ്യി(റ)നോട് തിരുനബിﷺ ചോദിച്ചു. ഖുർആനിൽ ഏത് സൂക്തമാണ് ഏറ്റവും മഹത്വം ഉള്ളതായി നിങ്ങൾ കരുതുന്നത്? അല്ലാഹുവിനും അവന്റെ തിരുദൂതനുംﷺ നന്നായി അറിയാം എന്ന് ഉബയ്യ്(റ) മറുപടി പറഞ്ഞു. വീണ്ടും വാത്സല്യത്തോടെ തിരുനബിﷺ ചോദിച്ചു. അല്ലയോ അബുൽ മുൻദിർ(റ) ഖുർആനിൽ ഏറ്റവും മഹത്വമുള്ള സൂക്തം ഏതാണെന്നാണ് നിങ്ങൾ മനസ്സിലാക്കുന്നത്? വാത്സല്യ നാമത്തോടെ വീണ്ടും വിളിച്ചു ചോദിച്ചപ്പോൾ, സവിനയം അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. അല്ലാഹു ലാ ഇലാഹ…. അഥവാ ആയത്തുൽ കുർസിയ്യ്. ശിഷ്യന്റെ ശരിയായ മറുപടി കേട്ട് തിരുനബിﷺ സന്തോഷിച്ചു. ഇനിയും ഒരുപാട് ജ്ഞാനം കരസ്ഥമാക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് ആശംസിച്ചു.
തിരുനബിﷺയുടെ ജ്ഞാന പാത്രത്തിൽ നിന്ന് ഒരു തുള്ളി നുകർന്ന് ശിഷ്യൻ ഉന്നതങ്ങളിലേക്ക് എത്തിയപ്പോൾ അറിവ് പകർന്നു കൊടുത്ത ഗുരുവര്യർ ആനന്ദത്തോടെയും വാത്സല്യത്തോടെയും ശിഷ്യന്റെ യോഗ്യതയെ അനുഭവിക്കുകയാണ്. ഉബയ്യി(റ)നറിയാം എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം തിരുനബിﷺയുടെ സ്നേഹ വലയത്തിൽ നിന്നുള്ള സമ്മാനങ്ങൾ മാത്രമാണെന്ന്. ആ തിരിച്ചറിവിന്റെ മറുപടിയായിരുന്നു ആദ്യം അദ്ദേഹം നൽകിയത്. പിന്നെയും ശിഷ്യനെ പ്രോത്സാഹിപ്പിച്ചപ്പോഴാണ് അറിവുള്ള മറുപടിയിൽ നിന്ന് കൃത്യമായി ഉത്തരം ചെയ്തത്.
മനുഷ്യരെ മലക്കോളം ഉന്നതരാക്കാം എന്ന ഒരു കേവല സിദ്ധാന്തം അല്ല പ്രവാചക പ്രഭുﷺ പ്രസ്താവിച്ചത്. ജീവിതം കൊണ്ടും സഹവാസം കൊണ്ടും ഒരു യുഗത്തെയും അന്ത്യനാൾ വരെയുള്ള യുഗാന്തരങ്ങളെയും നയിക്കാനുള്ളവരെ രൂപപ്പെടുത്തുകയായിരുന്നു.
അല്ലാഹുവിന്റെ പടവാൾ എന്ന് നബിﷺ ഖാലിദി(റ)നെ വിളിച്ചു. അത് കേവലം ഒരു അലങ്കാരമായിരുന്നില്ല. ഒരു യുവാവിന്റെ രക്തം തിളപ്പിക്കാൻ വേണ്ടിയുള്ള പ്രയോഗവും ആയിരുന്നില്ല. ധീരമായി നിലകൊള്ളേണ്ട സൈനിക നീക്കങ്ങളിൽ തുല്യതയില്ലാത്ത വിധം മുന്നേറിയ ഒരു ശിഷ്യനെ പാകപ്പെടുത്തിയതിന്റെ വിളംബരമായിരുന്നു അത്. കാലം ആ പടവാളിനെ കണ്ടറിഞ്ഞു. അതിന്റെ തിളക്കത്തിൽ ഒരുപാട് ദേശങ്ങൾ പ്രകാശം സ്വീകരിച്ചു. ആയിരക്കണക്കിന് ഹൃദയങ്ങളിലെ ഇരുട്ടുകൾ നീങ്ങി. നിരവധി പ്രദേശങ്ങളിലെ കാളരാത്രികൾ അവസാനിച്ചു.
തിരുനബിﷺയുടെ പാഠശാലയിൽ നിന്ന് പകർന്നെടുത്ത പ്രകാശ രേണുക്കൾ എവിടെ വരെ എത്തിയെന്നാണ് നാം സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് കുറച്ചു കൂടി വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
