Tweet 673

    Tweet 673
    April 17, 2024 • Wednesday
    Post Header

    അബൂ നുഐമി(റ)ന്റെ മറ്റൊരു നിവേദനം ഇങ്ങനെയാണ്. സുബൈർ ബിൻ അൽ അവ്വാം(റ) പറയുന്നു. ഒരു ദിവസം സുബഹി നിസ്കാരാനന്തരം മദീനത്ത് പള്ളിയിൽ വച്ചു നബിﷺ ചോദിച്ചു. ഇന്നു രാത്രി ജിന്നുകളുടെ സംഘത്തിലേക്ക് എന്നോടൊപ്പം ആരാണ് വരിക. ഞാൻ സന്നദ്ധത അറിയിക്കുകയും സമയമായപ്പോൾ കൂടെ പുറപ്പെടുകയും ചെയ്തു. തിരുനബിﷺക്കൊപ്പം ഞാനും മുന്നോട്ട് നീങ്ങി. പർവതങ്ങളെല്ലാം പിന്നോട്ട് പോകുന്നതുപോലെ. കുറെ കഴിഞ്ഞപ്പോൾ ഒരു പ്രത്യേക സ്ഥലത്ത് എത്തി. അതാ അതികായന്മാരായ കുറെ ആളുകൾ. അവരുടെ വസ്ത്രങ്ങൾ കാലുകൾക്കിടയിലേക്ക് ചുരുട്ടി വച്ചിരിക്കുന്നു. നീണ്ട ഉയർന്നു നിൽക്കുന്ന കുന്തം പോലെയാണ് അവരെ കാണാൻ കഴിയുന്നത്. ഞാൻ അവരെ കണ്ടതും ഭയ ചകിതനായി. കാലുകൾ മുന്നോട്ടു നീങ്ങുന്നില്ല. കാൽ ഉറയ്ക്കുന്നുമില്ല.
    അവരുടെ സമീപത്തേക്ക് എത്തിയപ്പോൾ പ്രവാചകൻﷺ അവിടുത്തെ കാലിന്റെ തള്ളവിരൽ കൊണ്ട് ഒരു വൃത്തം വരച്ചു. അതിന്റെ നടുവിൽ എന്നോട് ഇരിക്കാൻ പറഞ്ഞു. ആ വൃത്തത്തിന്റെ ഉള്ളിൽ പ്രവേശിച്ചതും എന്റെ ഭയം മുഴുവനും പമ്പകടന്നു. വെളുക്കുവോളം ഞാൻ അവിടെത്തന്നെ ഇരുന്നു. പ്രവാചകൻﷺ അവരുടെ ഇടയിലേക്ക് ചെന്ന് അവർക്ക് ഖുർആൻ ഓതി കേൾപ്പിക്കുകയായിരുന്നു. മടങ്ങിവന്ന് എന്നോട് നബിﷺയോടൊപ്പം സഞ്ചരിക്കാൻ പറഞ്ഞു. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ എന്നോട് ഇങ്ങനെ പറഞ്ഞു. പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കോളൂ അവിടെ നേരത്തെ കണ്ട ആരെങ്കിലും ഉണ്ടോ എന്ന്. ആ രാത്രിയിൽ അവിടെ വച്ച് പ്രവാചകൻﷺ അവർക്കുള്ള ഭക്ഷണങ്ങൾ നിർണയിച്ചു കൊടുത്തു. അവരുടെ പ്രധാന ഭക്ഷണം എല്ലുകളും കാഷ്ടങ്ങളുമാണ്.
    അൽഖമാ(റ)യിൽ നിന്ന് ഇമാം മുസ്ലിമും(റ) മറ്റും ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയുണ്ട്. അൽഖമ(റ) പറയുന്നു. ഞാൻ ഇബ്നു മസ്ഊദി(റ)നോട് ചോദിച്ചു. ജിന്നുകളുമായി തിരുനബിﷺ സംഭാഷണം നടത്തിയ രാത്രിയിൽ നബിﷺയോടൊപ്പം വേറെ ആരെങ്കിലും സഹവസിച്ചിരുന്നുവോ? അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഞങ്ങൾ ആരും ഒപ്പമുണ്ടായിരുന്നില്ല. കുറേനേരം നബിﷺയെ കാണാതായി. ഞങ്ങൾ താഴ്‌വരകളിലും മറ്റും അന്വേഷിച്ചിറങ്ങി. ഏറ്റവും വിഷമം ഉള്ള രാത്രിയായിട്ടാണ് ഞങ്ങൾക്ക് ആ രാത്രി അനുഭവപ്പെട്ടത്. കാരണം, തിരുനബിﷺ എങ്ങോട്ട് പോയി എന്നറിയാതെ ആകുലപ്പെട്ട രാത്രിയായിരുന്നു അത്. അപ്പോഴതാ പ്രവാചകൻﷺ ഹിറായുടെ ഭാഗത്തുനിന്ന് നടന്നുവരുന്നു.
    ഞങ്ങൾ അപ്പോൾ നബിﷺയോട് പറഞ്ഞു. അവിടുന്ന് രാത്രിയിൽ ഞങ്ങളുടെ അടുക്കൽ നിന്ന് പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ ആകെ ബേജാറായി. ഞങ്ങൾക്കേറ്റവും മനപ്രയാസം അനുഭവപ്പെട്ട രാത്രിയായിരുന്നു ഇത്. ഞങ്ങൾ പലവഴിക്കും അന്വേഷിച്ചുവെങ്കിലും തങ്ങളെ കണ്ടെത്താനായില്ല. ഞങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ പ്രവാചകൻﷺ വിശദീകരിച്ചു. ജിന്നുകളുടെ കൂട്ടത്തിൽ നിന്ന് ഒരു സംഘം എന്നെ ക്ഷണിക്കാൻ വന്നു. ഞാൻ അവരോടൊപ്പം പോയി അവർക്ക് ഖുർആൻ കേൾപ്പിച്ചു കൊടുത്തു. ശേഷം, ഞങ്ങൾക്ക് അവർ വന്നുപോയതിന്റെ ലക്ഷണങ്ങൾ കാണിച്ചുതന്നു. ശേഷം അവരുടെ ഭക്ഷണത്തെക്കുറിച്ച് നബിﷺ പറഞ്ഞു. മനുഷ്യർ എല്ലുകളും ഉണങ്ങിയ കാഷ്ടവും ശുചീകരണത്തിനു വേണ്ടി ഉപയോഗിക്കരുത്. നിങ്ങളെപ്പോലെ സൃഷ്ടികളായ ജിന്നുകളുടെ ഭക്ഷണമാണത്. പ്രവാചകൻﷺ പഠിപ്പിച്ചു.
    പ്രവാചകൻﷺ ജിന്നുകളും ആയിട്ടുള്ള ഇടപെടലുകൾ വ്യത്യസ്ത സന്ദർഭങ്ങളിൽ ഉണ്ടായി എന്നതിലേക്ക് സൂചിപ്പിക്കുന്ന ഒരു നിവേദനം ആണിത്. പല സമയത്തും പല സ്വഹാബികളോടുമൊപ്പം ഉള്ളപ്പോഴായിരുന്നു അനുഭവങ്ങൾ. എല്ലാ സന്ദർഭങ്ങളിലും ജിന്നുകളുമായി പ്രവാചകർﷺ സംവദിക്കുകയും ആശയ കൈമാറ്റം ചെയ്യുകയും ചെയ്തപ്പോൾ കൂടെ പോയവരെ അവരുടെ ലോകത്ത് അല്പം അകലെ നിർത്തി കൊണ്ടായിരുന്നു പ്രവാചകൻﷺ കടന്നുപോയത്. അതുകൊണ്ടാണ് നേരിട്ടുള്ള സംഭാഷണത്തിന്റെ സാന്നിധ്യം പറയാൻ വ്യത്യസ്ത പദങ്ങൾ ഉപയോഗിച്ച് സ്വഹാബികൾ നിവേദനങ്ങൾ നിർവഹിച്ചത്. ജിന്നുകളോട് സംഭാഷണം നടത്തുമ്പോൾ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ്. ഇല്ല എന്ന് ഒരു സ്വഹാബി മറുപടി പറഞ്ഞത്. എന്നാൽ, അടിസ്ഥാനപരമായി ജിന്നുകളുമായി സഹവാസവും സമ്പർക്കവും പുലർത്തിയിരുന്നോ എന്ന ചോദ്യത്തിന് അതേ എന്നാണ് മറുപടി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...