Tweet 672

    Tweet 672
    April 16, 2024 • Tuesday
    Post Header

    ജിന്ന് പ്രതിനിധികളോടൊപ്പം
    ജിന്ന് വിഭാഗത്തിൽ നിന്ന് ഇസ്ലാം സ്വീകരിക്കുകയും സംഘങ്ങളായി പ്രവാചകരെﷺ സമീപിക്കുകയും ചെയ്ത സംഭവങ്ങൾ ഏറെയുണ്ട്. മനുഷ്യരെപ്പോലെ തന്നെ പലപ്പോഴായി പല സംഘങ്ങൾ പ്രവാചക സന്നിധിയിൽ വന്നിട്ടുണ്ട്. ജിന്നുകളുമായുള്ള വ്യവഹാരത്തിന്റെയും സഹവാസത്തിന്റെയും നിവേദനങ്ങൾ പ്രവാചക ചരിത്രരേഖകളിൽ കാണാം.
    ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. പ്രവാചകരുﷺടെ പള്ളിയിൽ അറിവ് നുകരാൻ താമസിച്ചിരുന്ന അഹ്ലു സുഫ്ഫായിലെ ഓരോ പഠിതാക്കളെയും മറ്റും ഓരോ സഹാബികൾ കൂട്ടിക്കൊണ്ടു പോയി. ഒടുവിൽ ഞാൻ മാത്രം അവശേഷിച്ചു. എന്റെ കൈപിടിച്ച് പ്രവാചകൻﷺ മുന്നോട്ടു നടന്നു. നേരെ പോയത് തൊട്ടടുത്തുള്ള ഖബർസ്ഥാൻ ജന്നത്തുൽ ബഖീഇലേക്കായിരുന്നു. ഖബർസ്ഥാനിലേക്ക് പ്രവേശിച്ച ശേഷം പ്രവാചകൻﷺ ഒരു വൃത്തം വരച്ചു. എന്നെ അതിനുള്ളിൽ നിർത്തി. ഇവിടെത്തന്നെ നിൽക്കണമെന്നും ഒരു കാരണവശാലും പുറത്തേക്ക് പോകരുതെന്നും പ്രവാചകൻﷺ പ്രത്യേകം നിർദ്ദേശം നൽകി. ശേഷം പ്രവാചകൻﷺ മുന്നോട്ടു നടന്നു. മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുന്ന നബിﷺയെ ഞാൻ നോക്കി നിന്നു. അപ്പോഴതാ ശക്തമായി ഇരുണ്ട പൊടിപടലങ്ങൾ ഉയരുന്നു.
    അപ്പോൾ ഞാൻ ആലോചിച്ചു. ഹവാസിൻകാർ എങ്ങാനും പ്രവാചകനെﷺ ആക്രമിക്കാൻ വേണ്ടി വന്നതാണോ? ഞാനിവിടെ നിന്നും ഇറങ്ങി നാട്ടുകാരുടെ അടുക്കൽ വിവരം അറിയിച്ചാലോ? തിരുനബിﷺക്ക് എന്തെങ്കിലും സംഭവിക്കുകയാണോ?പെട്ടെന്ന് ഞാൻ ഇവിടെത്തന്നെ നിൽക്കണമെന്ന നബിﷺയുടെ പ്രസ്താവന ഓർത്തു. ഞാൻ അവിടെത്തന്നെ നിലനിന്നു. പ്രവാചകൻﷺ അവിടെ ഒരുമിച്ചു കൂടിയവർക്ക് നിർദ്ദേശം നൽകുന്നത് കേൾക്കാൻ കഴിഞ്ഞു.
    നിങ്ങൾ അവിടെ ഇരിക്കൂ എന്ന് പറയുകയും വടികൊണ്ട് കാണിക്കുകയും ചെയ്യുന്നു. പ്രഭാതത്തിനു തൊട്ടുമുമ്പു വരെ അവർ അവിടെ ഒരുമിച്ചു കൂടി. പ്രവാചകൻﷺ അവരോട് സംവദിച്ചു. അവർ മടങ്ങിപ്പോയ ശേഷം പ്രവാചകൻ‍ﷺ എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു. എന്നോട് ഇങ്ങനെ പറഞ്ഞു. ജിന്നു വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളാണ് ആ വന്നത്. അവരുടെ ഭക്ഷണത്തെക്കുറിച്ചും മറ്റും എന്നോട് സംസാരിച്ചു. മാംസങ്ങൾ തീർന്നുപോയ ദ്രവിച്ച എല്ലുകൾ അവർക്ക് ഭക്ഷണമായി അനുവദിച്ചു. നുരുമ്പിയ എല്ലുകളും ഉണങ്ങിയ കാഷ്ടങ്ങളും അവരുടെ ഭക്ഷണമാണ്.
    മനുഷ്യൻ അല്ലാഹുവിന്റെ സൃഷ്ടി വിഭാഗം ആയതുപോലെ വിവേകവും വിചാരവും നിയമങ്ങളും ഉള്ള മറ്റൊരു വിഭാഗം സൃഷ്ടികളാണ് ജിന്നുകൾ. മനുഷ്യ വിഭാഗത്തിലേക്ക് മുഴുവൻ നിയോഗിക്കപ്പെട്ടത് പോലെ ജിന്ന് വർഗ്ഗത്തിലേക്കും നിയോഗിക്കപ്പെട്ടതാണ് തിരുനബിﷺ. പ്രവാചകൻﷺ അവർക്ക് കൂടി പ്രവാചകനാണ്. അതുകൊണ്ടുതന്നെ പല സന്ദർഭങ്ങളിലും പ്രവാചകൻﷺ അവരുമായി സംവദിക്കുകയും ഇടപെടുകയും ചെയ്തിട്ടുണ്ട്. അതിന് സാക്ഷിയായ സ്വഹാബികളും ഉണ്ട്. വിശുദ്ധ ഖുർആൻ അവരെ കേൾപ്പിച്ചു കൊടുക്കുകയും. ആശ്ചര്യത്തോടുകൂടി അവർ കേൾക്കുകയും ചെയ്ത രംഗം ഖുർആൻ പരാമർശിക്കുന്നുണ്ട്. ജിന്ന് വിഭാഗത്തിന്റെ പേരിൽ തന്നെ ഒരു അധ്യായം ഖുർആനിലും നമുക്ക് കാണാം.
    മനുഷ്യകുലത്തിലെ വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് പ്രവാചകനെﷺയും പ്രവാചകൻﷺ മുന്നോട്ടുവച്ച ആദർശത്തെയും അന്വേഷിച്ച് ആളുകൾ വന്നതുപോലെ ജിന്നുകളുടെ വ്യത്യസ്ത വിഭാഗത്തിലെ ആളുകൾ സംഘമായും അല്ലാതെയും നബിﷺയെ സമീപിച്ചു. അവർക്കൊക്കെ പ്രവാചകൻﷺ ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുത്തു. ജിന്ന് വിഭാഗത്തിലും അല്ലാഹുവിനെ സ്വീകരിക്കുന്നവരും അല്ലാത്തവരും ഉണ്ട്. അവരിൽ നിന്നുള്ള നല്ലവർക്ക് നാളെ രക്ഷയും സ്വർഗ്ഗവും അവരുടെ കൂട്ടത്തിൽ നിന്ന് സത്യത്തെ അംഗീകരിക്കാത്തവർക്ക് നാളെ ശിക്ഷയും നരകവും ഉണ്ട്. ജിന്നുകളുമായി പ്രവാചകൻﷺ സംവദിച്ച മറ്റുചില മുഹൂർത്തങ്ങൾ കൂടി വായിക്കാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...