
ബനൂ സുലൈമിന്റെ അല്പം വർത്തമാനം കൂടി നമുക്ക് പറയാം.
മക്ക വിജയവർഷം അവർ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. എഴുന്നൂറോ ആയിരമോ അംഗങ്ങളുള്ള സംഘമായിരുന്നു അപ്പോൾ അവർ. അബ്ബാസ് ബിൻ മിർദാസ്(റ), അനസ് ബിൻ അബ്ബാസ്(റ), റാശിദ് ബിൻ അബ്‌ദി റബ്ബഹു(റ) എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അവർ ഇസ്ലാം സ്വീകരിക്കുകയും മക്കാ വിജയ മുന്നേറ്റത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ചുവന്ന പതാക വഹിച്ചു മുന്നണിയിൽ തന്നെ അവർ നിലകൊണ്ടു. തുടർന്ന് ത്വാഇഫ്, ഹുനൈൻ മുന്നേറ്റങ്ങളിലും അവർ പങ്കെടുത്തു. റാശിദ് ബിൻ അബ്‌ദി റബ്ബഹു(റ) എന്ന വ്യക്തിക്ക് തിരുനബിﷺ റൂഹാത് എന്ന പ്രവിശ്യ അനുവദിച്ചു നൽകി. അവിടെ ഐനുർറസൂൽ എന്ന ഒരു അരുവിയുണ്ട്. നേരത്തെ റാശിദ്(റ) ബനൂ സുലൈമിലെ ബിംബാരാധനയുടെ കാർമികത്വം നിർവഹിച്ചിരുന്ന ആളായിരുന്നു. ഒരു ദിവസം രണ്ട് കുറുക്കന്മാർ അവർ ആരാധിച്ചിരുന്ന പ്രതിഷ്ഠയിന്മേൽ മൂത്രമൊഴിക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹം ഒരു വരി കവിത ചൊല്ലി.
“അറബ്ബുൻ യാബൂലുസ്സുഅലബാനി ബി റാ സിഹി
ലഖദ് ദല്ല മൻ ബാലത് അലൈഹി സ ആലിബു.”
ശിരസ്സിന്മേൽ കുറുക്കന്മാർ മൂത്രമൊഴിക്കുന്ന ഈ വസ്തുവാണോ എന്റെ രക്ഷിതാവ്? എത്രമേൽ നിന്ദ്യമായിരിക്കുന്നു ഇത്.
ഈ രംഗം അദ്ദേഹത്തെ ചൊടിപ്പിച്ചു. കോപാകുലനായി തന്റെ പ്രതിഷ്ഠയെ അദ്ദേഹം തന്നെ തകർത്തു കളഞ്ഞു. ശേഷമായിരുന്നു അദ്ദേഹം പ്രവാചക സന്നിധിയിലേക്ക് വന്നത്. അദ്ദേഹത്തിന്റെ വർത്തമാനങ്ങൾക്ക് ശേഷം തിരുനബിﷺ അദ്ദേഹത്തിന്റെ പേര് അന്വേഷിച്ചു. ഗാവി ബിൻ അബ്ദുൽ ഉസ്സ എന്ന പേര് അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ദാസൻ ഗാവി എന്നാണ് പേരിന്റെ അർത്ഥം. ഉടനെ പ്രവാചകൻﷺ അദ്ദേഹത്തിന്റെ പേര് മാറ്റി. തന്റെ യഥാർത്ഥ പരിപാലകന്റെയും സ്രഷ്ടാവിന്റെയും ദാസനായ മാർഗ്ഗദർശി എന്ന അർത്ഥമുള്ള റാശിദ് ബിൻ അബ്‌ദി റബ്ബഹു(റ) എന്ന് നാമകരണം ചെയ്തു. പിന്നീട് അദ്ദേഹം പ്രവാചകനുﷺമായി നല്ല ബന്ധത്തിൽ തുടരുകയും തുടർന്നുള്ള മുഴുവൻ മുന്നേറ്റങ്ങളിലും ഭാഗമാവുകയും ചെയ്തു. അറബി ഗോത്രങ്ങളിൽ ഏറ്റവും മെച്ചപ്പെട്ടത് ബനു സുലൈമും അവരിൽ ഏറ്റവും മെച്ചപ്പെട്ട വ്യക്തി റാശിദും(റ) ആണ് എന്ന് തിരുനബിﷺ ഒരിക്കൽ പറഞ്ഞു.
ഖുദദ് ബിൻ അമ്മാർ(റ) എന്ന വ്യക്തി പ്രവാചക സവിധത്തിലേക്ക് വരികയും കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആയിരം പേരോടൊപ്പം ഈ സന്നിധിയിലേക്ക് വരാമെന്ന് പ്രവാചകരോﷺട് വാഗ്ദാനം ചെയ്യുകയും ചെയ്ത സംഭവം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നുണ്ട്.
അദ്ദേഹം തന്റെ നാട്ടിലേക്ക് പോയി ആളുകളെ സംഘടിപ്പിച്ചു. ആയിരം ആളുകളിൽ നിന്ന് 100 പേരെ നാട്ടിൽ തന്നെ നിർത്തി. എന്തെങ്കിലും പ്രതിരോധം ആവശ്യമായി വന്നാൽ വേണമല്ലോ എന്ന് കരുതിയായിരുന്നു ഇത്. ബാക്കിയുള്ള 900 ആളുകളോടൊപ്പം മദീനയിലേക്ക് പോകാൻ തയ്യാറായി. അങ്ങനെയിരിക്കെ അദ്ദേഹത്തിന് മരണം ആസന്നമായി. അവിടെയുള്ള മൂന്നാളുകളെ 300 വീതം ആളുകളുടെ സംഘങ്ങളെ തിരിച്ച് ചുമതലകൾ നൽകി. എന്റെ വസിയ്യത്ത് നിങ്ങൾ നിറവേറ്റി ഈ സംഘത്തെ നയിച്ച് പ്രവാചക സവിധത്തിലേക്ക് പോകണമെന്ന് ഏൽപ്പിച്ചു. അബ്ബാസ് ബിൻ മിർദാസ്(റ), ജബ്ബാർ ബിൻ അൽ ഹകം(റ), ഫർറാർ അസ്സരീദ്(റ) എന്നിവരായിരുന്നു ആ മൂന്നു പേർ.
ഒസിയത്ത് നിറവേറ്റും വിധം അവർ സംഘങ്ങളെയും നയിച്ചു പ്രവാചക സവിധത്തിലേക്ക് എത്തി. ഉടനെ തന്നെ പ്രവാചകൻﷺ ചോദിച്ചു. സത്യവിശ്വാസവും സംഭാഷണ ചാതുരിയുമുള്ള ആ സുമുഖൻ എവിടെ? അല്ലാഹു അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹം ആ വിളിക്കുത്തരം ചെയ്യുകയും ചെയ്തു എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ തിരുനബിﷺയുടെ അടുത്ത ചോദ്യമാണ്. ആയിരം അംഗങ്ങൾ എന്നായിരുന്നല്ലോ അദ്ദേഹം വാഗ്ദാനം ചെയ്തത്. ബാക്കിയുള്ള നൂറുപേർ എവിടെ? കിനാന ഗോത്രത്തിന്റെ ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാൻ ആരുമില്ലാതെ വന്നാലോ എന്ന് കരുതി ഞങ്ങൾ അവരെ നാട്ടിൽ നിർത്തി പോന്നതാണ്. ഇല്ല, ഈ വർഷം ഒരു കക്ഷിയും നിങ്ങൾക്കെതിരെ വരില്ല എന്ന് പ്രവാചകൻﷺ മുന്നറിയിപ്പ് നൽകി. ഈ സന്ദേശത്തെ തുടർന്ന് ആ 100 പേരും കൂടി പ്രവാചക സാവിധത്തിലേക്ക് വന്നു. മുൻഖിഅ് ബിൻ മാലിക്കി(റ)ന്റെ നേതൃത്വത്തിലായിരുന്നു ആ സംഘം വന്നത്. ഹദ്ദ എന്ന പ്രദേശത്ത് വച്ചാണ് അവർ പ്രവാചക സന്നിധിയോട് ചേർന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
